Connect with us

Gulf

ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: 80 രാജ്യങ്ങളില്‍ നിന്ന് മത്സരാര്‍ഥികള്‍; വിജയികള്‍ക്ക് രണ്ടര ലക്ഷം ദിര്‍ഹം

Published

|

Last Updated

ദുബൈ: 19-ാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളോടനുബന്ധിച്ച് നടക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന് ഇതുവരെയായി 80 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ഈ വര്‍ഷം 120 രാജ്യങ്ങളിലേക്കാണ് മത്സരാര്‍ഥികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക ക്ഷണം അയച്ചിട്ടുണ്ട്. ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവാര്‍ഡ് സമിതി ചെയര്‍മാന്‍ ഇബ്‌റാഹീം മുഹമ്മദ് ബൂ മില്‍ഹ അറിയിച്ചു. നല്ല പ്രതികരണമാണ് ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കം മുതലേ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ബൂ മില്‍ഹ പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രഗത്ഭ പാരായണ വിദഗ്ധര്‍ മത്സരിക്കുകയും വന്‍തുക സമ്മാനമായി നല്‍കപ്പെടുകയും ചെയ്യുന്ന മത്സരമാണ് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരം. ഒന്നാമതായി വിജയിക്കുന്ന മത്സരാര്‍ഥിക്ക് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം രണ്ട്, ഒന്നര ലക്ഷവും സമ്മാനമായി ലഭിക്കും, ബൂ മില്‍ഹ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നാല് മുതല്‍ 10 വരെ സ്ഥാനക്കാര്‍ക്കിടയില്‍ മൂന്നര ലക്ഷം ദിര്‍ഹം വീതിച്ചു നല്‍കും. 10 മുതല്‍ മത്സരാര്‍ഥികളായ മുഴുവന്‍ പേര്‍ക്കുമായി 20 ലക്ഷമാണ് സമ്മാനം ലഭിക്കുക. ഈ സമ്മാനത്തുകകള്‍ക്കു പുറമെ ഏറ്റവും നല്ല ശബ്ദ മാധുരിക്ക് തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ഥിക്ക് പ്രത്യേക സമ്മാനം വേറെയുമുണ്ടാകും, അദ്ദേഹം പറഞ്ഞു.

 

Latest