Connect with us

Gulf

അതിവേഗ റോഡുകളില്‍ സൈക്കിള്‍ നിരോധിച്ചു

Published

|

Last Updated

ദുബൈ: ദുബൈയില്‍ മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗമുള്ള റോഡുകളില്‍ സൈക്കിള്‍ സവാരി നിരോധിച്ചു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യാണ് ദുബൈയിലെ സൈക്കിള്‍ സവാരിക്ക് പുതിയ നിയമം ഏര്‍പെടുത്തിയത്. സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കുവേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് ആര്‍ടിഎ അറിയിച്ചു.
സൈക്കിള്‍ ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കാന്‍ വിവിധ ഭാഷകളില്‍ പ്രചാരണം നടത്തിയ ശേഷമാണ് പിഴ ഉള്‍പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗമുള്ള റോഡുകളിലൂടെ സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് 500 ദിര്‍ഹമാണ് പിഴ. പ്രത്യേക ട്രാക്കിലൂടെയല്ലാതെ സൈക്കിളോടിച്ചവര്‍ക്കും 300 ദിര്‍ഹം പിഴയുണ്ട്. അപകടകരമാം വിധം സൈക്കിളോടിച്ചാലും ഇതേ പിഴ ലഭിക്കും. നടത്തത്തിനും വ്യായാമത്തിനുമുള്ള പാതയിലൂടെ സൈക്കിള്‍ സവാരി നടത്തിയാല്‍ പിഴ 200 ദിര്‍ഹം. സൈക്കിള്‍ ട്രാക്കില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ 300 ദിര്‍ഹം പിഴ ചുമത്തും. അനുയോജ്യമല്ലാത്ത ഉപകരണങ്ങള്‍ സൈക്കിളില്‍ ഘടിപ്പിച്ചാലും 200 ദിര്‍ഹമാണ് പിഴ. ആര്‍ടിഎയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് 200 ദിര്‍ഹം ഈടാക്കും. സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് രാജ്യാന്തര നിലവാരമുള്ള ട്രാക്കാണ് ദുബൈ ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ മൈത ബിന്‍ അദിയ്യ് പറഞ്ഞു.
കൂടുതല്‍ ട്രാക്കുകള്‍ തയാറാക്കിവരുന്നു. ഇതേസമയം നിയമം കര്‍ശനമാക്കുന്നതിന് മുന്‍പ് നഗരത്തില്‍ മതിയായ സൈക്കിള്‍ ട്രാക്ക് സജ്ജമാക്കണമെന്നാണ് സവാരിക്കാരുടെ ആവശ്യം. ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വീടുകളിലും ഓഫിസുകളിലും എത്തിക്കുന്നതിനാണ് പ്രധാനമായും സൈക്കിള്‍ ഉപയോഗിക്കുന്നത്.