Connect with us

Gulf

എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡ് വരുന്നു

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന് മുമ്പായി വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പാത പണിയാന്‍ നീക്കം. യു എ ഇ പൊതുമരാമത്ത് വകുപ്പാണ് പദ്ധതി തയ്യാറാക്കുന്നത്.
ദുബൈയിലെ വേള്‍ഡ് എക്‌സ്‌പോ 2020ന്റെ വേദിയിലേക്ക് എളുപ്പം എത്താനാണ് ഈ പാത. യുഎഇയിലെ മറ്റ് എമിറേറ്റുകളിലും അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ വികസന കുതിപ്പുണ്ടാകും. അടിസ്ഥാന സൗകര്യ മേഖലയില്‍ വിപുലമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നത്.
ആര്‍ടിഎക്കു കീഴില്‍ ദുബൈയില്‍ വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ രൂപം നല്‍കിയിട്ടുണ്ട്. വേള്‍ഡ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ ദുബൈക്ക് മാത്രം സാധ്യമല്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് വിവിധ എമിറേറ്റുകള്‍ക്കിടയില്‍ റോഡ് ശൃംഖലയും മറ്റും മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത്. യു എ ഇയുടെ ഏതൊരു ഭാഗത്തു നിന്നും ആളുകള്‍ക്ക് ജബല്‍ അലിയിലെ എക്‌സ്‌പോ വേദിയില്‍ എളുപ്പം എത്താന്‍ സാധിക്കുമാറുള്ള സൗകര്യം ഒരുക്കുമെന്ന് യു.എ.ഇ പൊതുമരാമത്ത് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ നുഐമി അറിയിച്ചു. എല്ലാതരം ഗതാഗതവും ഏകോപിപ്പിച്ചു കൊണ്ട് യു എ ഇയുടെ സമഗ്ര വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഗതാഗതം, റെയില്‍, മെട്രോ, ട്രാം, ജലയാനം എന്നിവയുടെ ഏകോപനം സംബന്ധിച്ച് വ്യക്തമായ ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ പ്രായോഗിക നടപടികള്‍ ഊര്‍ജിതമാകും. യു എ ഇ ഉള്‍പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയും വൈകാതെ യാഥാര്‍ഥ്യമാകും. ഇത്തിഹാദ് റെയില്‍ പദ്ധതിക്ക് സാമ്പത്തികം ഉള്‍പെടെ ഒന്നും തടസമാകില്ലെന്നും യു എ ഇ നേതൃത്വം വ്യക്തമാക്കി.