Connect with us

Kerala

ചക്കിട്ടപ്പാറ: എളമരത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവന്തപുരം: കോഴിക്കോട് ചക്കിട്ടപാറയില്‍ ഖനനത്തിന് അനുമതി നല്‍കിയ കേസുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെ പരാമര്‍ശം. ഖനനാനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ അന്നത്തെ സര്‍ക്കാറിന് വീഴ്ചപറ്റിയതായി വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഖനനാനുമതി നല്‍കാന്‍ കരീം അനാവശ്യ തിടുക്കം കാട്ടിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കരീമിന്റെ വിശ്വസ്തന്‍ നൗഷാദിന്റെ ഡ്രൈവര്‍ സുബൈറിന്റെതുള്‍പ്പെടെയുള്ള മൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ശേഖരിച്ച മൊഴികളില്‍ പലതും വിശ്വസനീയമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റ് എസ് പി സുകേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാഷ്ട്രീയ വിവാദമായ കേസായതിനാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പഴുതടച്ചുള്ള അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
ചക്കിട്ടപ്പാറയില്‍ ഖനനത്തിനായി പൊതുമേഖലാ സ്ഥാപനമായ കുദ്രേമുഖിനെ ഒഴിവാക്കി ബെല്ലാരി ആസ്ഥാനമായ എം എസ് പി എല്‍ കമ്പനിയെ തിരഞ്ഞെടുത്തതാണ് വിവാദത്തിനിടയാക്കിയത്. 2009ലാണ് ഈ കമ്പനിക്ക് ചക്കിട്ടപാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ ഖനനത്തിന് അനുമതി നല്‍കിയത്. 406.5 ഹെക്ടര്‍ഭൂമിയില്‍ മുപ്പത് വര്‍ഷത്തേക്കായിരുന്നു ഖനനാനുമതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ എന്‍ ഒ സി ഉപയോഗിച്ചാണ് കമ്പനി കേന്ദ്ര പരിസ്ഥിതി മന്ത്രിലായത്തിന്റെ അനുമതി നേടാന്‍ ശ്രമിച്ചത്.
അതേസമയം, യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും ഖനനാനുമതി റദ്ദാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് കമ്പനി വീണ്ടും പാരിസ്ഥിതിക അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് ഖനനാനുമതി റദ്ദാക്കിയ വ്യവസായ വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയത്.