Connect with us

Kerala

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ദേശസാത്കൃത റൂട്ടുകളില്‍ മാത്രം

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യാത്ര ദേശസാത്കൃത റൂട്ടുകളിലും കെ എസ് ആര്‍ ടി സി സര്‍വീസ് മാത്രം ഓപറേറ്റ് ചെയ്യുന്ന റൂട്ടുകളിലും മാത്രമെന്ന് കാണിച്ച് കെ എസ് ആര്‍ ടി സി. എം ഡിയുടെ സര്‍ക്കുലര്‍. കഴിഞ്ഞ വര്‍ഷം വരെ കണ്‍സെഷന്‍ കാര്‍ഡ് ഉപയോഗിക്കാത്ത കുട്ടികള്‍ക്ക് സൗജന്യയാത്രാ കാര്‍ഡ് കിട്ടില്ല. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളിലെ സൗജന്യ യാത്രക്കുള്ള നിബന്ധനകള്‍ കാണിച്ച് കോര്‍പറേഷന്‍ എം ഡിയും ചെയര്‍മാനുമായ ആന്റണി ചാക്കോ എല്ലാ യൂനിറ്റ്, മേഖലാ അധികാരികള്‍ക്കും സ്‌ക്വാഡ് യൂനിറ്റുകള്‍ക്കും ചീഫ് ഓഫീസിലെ എല്ലാ ഓഫീസര്‍മാര്‍ക്കും വിഭാഗങ്ങള്‍ക്കും സര്‍ക്കുലറയച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷംവരെ കണ്‍സെഷന്‍ കാര്‍ഡ് കൈവശമുണ്ടായിരുന്ന പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യാത്രാ കാര്‍ഡുകള്‍ അനുവദിക്കാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്ലസ്ടു തലം വരെ വിതരണം ചെയ്ത അത്രയും കണ്‍സെഷന്‍ ടിക്കറ്റിന് സമാനമായി മാത്രമേ സൗജന്യ യാത്രാ കാര്‍ഡ് അനുവദിക്കാവൂവെന്നാണ് നിബന്ധന. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷം ഓരോ ക്ലാസുകളിലും നല്‍കിയിട്ടുള്ള കണ്‍സെഷന്‍ കാര്‍ഡുകളുടെ എണ്ണം തിട്ടപ്പെടുത്തി അതനുസരിച്ച് മാത്രം സൗജന്യ യാത്രാ കാര്‍ഡുകള്‍ നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും യാതൊരു കാരണവശാലും കഴിഞ്ഞ വര്‍ഷം നല്‍കിയ കാര്‍ഡുകളുടെ എണ്ണത്തിന് പുറത്ത് സൗജന്യയാത്രാ കാര്‍ഡുകള്‍ പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് എം ഡി നിര്‍ദേശിക്കുന്നുണ്ട്.
സൗജന്യ യാത്രാ കാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ കണ്‍സെഷന്‍ ടിക്കറ്റില്‍ കാണിച്ചിരിക്കുന്നത് പോലെ കൃത്യമായി റൂട്ടും കാലാവധിയും രേഖപ്പെടുത്തിയിരിക്കണം. അനുവദിക്കുന്ന സൗജന്യയാത്രാ കാര്‍ഡുകള്‍ മൂന്ന് മാസത്തെ കണ്‍സെഷന്‍ ടിക്കറ്റിന് സമാനമായി ഉപയോഗിക്കണം. സൗജന്യയാത്രാ കാര്‍ഡ് ഉപയോഗിച്ച് സ്‌കൂളിലേക്ക് പോകുന്നതിനും വരുന്നതിനുമായി ഓരോ യാത്ര മാത്രമേ അനുവദിക്കുകയുള്ളു. കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കുമ്പോഴുള്ള രീതി തന്നെ സൗജന്യയാത്രാ കാര്‍ഡ് വിതരണത്തിലും തുടരണം. സൗജന്യ യാത്രാ കാര്‍ഡ് പുതുക്കി നല്‍കുമ്പോള്‍ ഓരോ കാര്‍ഡിനും പത്ത് രൂപ വീതം ഈടാക്കണം. പാരലല്‍ കോളജുകളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സൗജന്യയാത്ര അനുവദിക്കുക. ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യ യാത്രയുടെ ആനുകൂല്യം ലഭിക്കില്ല. കാര്‍ഡ് വിതരണം സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററുകളില്‍ എഴുതി സൂക്ഷിക്കണം. ഓരോ കാര്‍ഡിന്റെയും കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് രജിസ്റ്ററില്‍ പ്രത്യേകം രേഖപ്പെടുത്തണം. കണ്‍സെഷന്‍ ടിക്കറ്റ് മാര്‍ക്ക് ചെയ്യുന്ന രീതിയില്‍ കണ്ടക്ടര്‍മാര്‍ സൗജന്യയാത്രാ കാര്‍ഡിലെ കോളങ്ങളും മാര്‍ക്ക് ചെയ്യണം. ഇക്കാര്യത്തില്‍ വിജിലന്‍സ് വിഭാഗം കാര്യക്ഷമതയുള്ള പരിശോധന നടത്തണം. പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്രാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതല്ലാതെ നിരക്ക് ഈടാക്കിക്കൊണ്ടുള്ള കണ്‍സെഷന്‍ ടിക്കറ്റുകള്‍ ഒരു കാരണവശാലും വിതരണം ചെയ്യരുതെന്ന് സര്‍ക്കുലര്‍ ശിപാര്‍ശ ചെയ്യുന്നു.