Connect with us

Kerala

സ്വകാര്യ ആശുപത്രികളില്‍ ശുദ്ധമല്ലാത്ത ഓക്‌സിജന്‍ ഉപയോഗിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും ഉപയോഗിക്കുന്നത് ശുദ്ധമല്ലാത്ത ഓക്‌സിജന്‍. 99 ശതമാനം ശുദ്ധമായ ഓക്‌സിജന്‍ മാത്രമേ ചികിത്സക്ക് ഉപയോഗിക്കാവൂ എന്നിരിക്കെയാണ് ചില സ്വകാര്യ ആശുപത്രികള്‍ നിയമത്തിലെ പഴുതുപയോഗിച്ച് പരിശുദ്ധി ഉറപ്പാക്കാത്ത ഓക്‌സിജന്‍ ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നത്. ഇതേക്കുറിച്ച് പരിശോധന തുടങ്ങിയെന്നും കേന്ദ്ര ഏജന്‍സിയെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഇന്ത്യന്‍ ഫാര്‍മകോപ്പിയോ അനുസരിച്ച് മെഡിക്കല്‍ ഉപയോഗത്തിനുള്ള ഓക്‌സിജന്റെ ശുദ്ധി 99 ശതമാനത്തില്‍ കുറയാന്‍ പാടില്ല. ഉത്പാദന മേഖലയില്‍ തന്നെ അനലറ്റിക്കല്‍ ലാബ് വഴി ഇത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികള്‍ വിദേശ നിര്‍മിത ഓക്‌സിജന്‍ പ്ലാന്റ് ഉപയോഗിച്ച് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
പ്ലാന്റ് നിര്‍മാതാക്കള്‍ തന്നെ വ്യക്തമാക്കുന്നതനുസരിച്ച് ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്റെ പരിശുദ്ധി 93 ശതമാനമാണ്. അത് 96 ശതമാനം വരെ എത്തുകയോ 90 ശതമാനം വരെ കുറയുകയോ ചെയ്യാമെന്ന് പറയുന്നുണ്ട്. അത് അമേരിക്കന്‍ ഫാര്‍മകോപ്പിയോ അനുസരിച്ചാണെന്ന് വിശദീകരിക്കുന്നു.
ഇതിന് ഇന്ത്യന്‍ ഫാര്‍മ കോപ്പിയോ അംഗീകാരം നല്‍കിയിട്ടില്ല. ഇതിന്റെ പരിശുദ്ധി ഉറപ്പാക്കാനായിട്ടില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു. ഓക്‌സിജന്‍ ഉത്പാദന വേളയിലുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നിരിക്കെയാണ് ഇത്തരം ഉത്തരവാദിത്വമില്ലാത്ത നടപടികള്‍. ഇതിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു.

Latest