Connect with us

International

റോഹിംഗ്യകള്‍ക്കുനേരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കണം: യു എസ്‌

Published

|

Last Updated

വാഷിംഗ്ടണ്‍: റോഹിംഗ്യകള്‍ക്കുനേരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് മ്യാന്‍മ റിനോട് ഒബാമ. വാഷിംഗ്ടണില്‍ നടന്ന ഒരു സംഗമത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ യുവ നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. റോഹിംഗ്യകള്‍ വളരെ ദാരുണമായ വിവേചനത്തിനരികളായിട്ടുണ്ട്. അതിന്റെ ബാക്കിപത്രമാണ് അവരിന്നനുഭവിക്കുന്നത്. പൗരന്‍മാരെ വിശ്വാസത്തിന്റെയും കര്‍മങ്ങളുടെയും അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്ന പ്രവണതക്ക് അന്ത്യം കുറിക്കുകയാണ് അത്യുന്നത നേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍ മ്യാന്മര്‍ ചെയ്യേണ്ടത്. ഞാന്‍ റോഹിംഗ്യയായിരുന്നെങ്കില്‍ ജനിച്ചിടത്ത് തന്നെ നില്‍ക്കുമായിരുന്നു. എന്റ സര്‍ക്കാര്‍ എന്നെ സംരക്ഷിക്കുന്നുണ്ടെന്നും ജനങ്ങള്‍ എന്നോട് ഇടപെടുന്നത് വിവേചനരഹിതമായാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുമായിരുന്നു. അത്‌കൊണ്ടാണ് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ റോഹിംഗ്യകള്‍ക്ക് നേരെ നടത്തുന്ന ശക്തമായ ഈ വിവേചനത്തെ വളരെ ഗൗരവപൂര്‍വം കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നത്- ഒബാമ വ്യക്തമാക്കി. പടിഞ്ഞാറന്‍ മ്യാന്‍മറില്‍ ജീവിക്കുന്ന പാവങ്ങളായ 13 ലക്ഷം മുസ്‌ലിംകള്‍ക്ക് ഇപ്പോഴും പൗരത്വം നിഷേധിക്കപ്പെടുകയാണ്. തെക്കു കിഴക്കേഷ്യയില്‍ നിന്നും കുടിയേറിയവരെന്ന നിലയില്‍ പലപ്പോഴും അവര്‍ സൂക്ഷ്മ നിരീക്ഷണത്തിനും കടുത്ത വിവേചനങ്ങള്‍ക്കും ഇരയാകുന്നു. റോഹിംഗ്യകളോ സാമ്പത്തിക കാരണങ്ങളാല്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരോ ആയ ഏകദേശം 3,500 പേര്‍ ഈയിടെ തായ്‌ലാന്‍ഡിലും മലേഷ്യയിലും ഇന്ത്യോനേഷ്യയിലും അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്. അതേസമയം ആയിരക്കണക്കിനാളുകള്‍ ലക്ഷ്യബോധമില്ലാതെ ബോട്ടുകളില്‍ തന്നെ അപകടകരമായ വിധത്തില്‍ കടലില്‍ അലയുകയാണ്. മ്യാന്‍മറിലെ സൈനിക ഭരണകൂടം 2011 ല്‍ കൊണ്ട് വന്ന നിയമങ്ങളാണ് റോഹിംഗ്യകള്‍ക്ക് പൗരത്വം നിഷേധിച്ചത്. പടിഞ്ഞാറന്‍ റാഖിനയില്‍ ഉണ്ടായ ഭീകരമായ വര്‍ഗീയാക്രമണങ്ങളെ തുടര്‍ന്ന് 2012 മുതല്‍ തന്നെ പതിനായിരക്കണക്കിന് റോഹിംഗ്യകള്‍ കുടിയൊഴിപ്പിക്കപ്പെട്ടവരായി വിവിധ ക്യാമ്പുകളില്‍ കഴിയുകയാണ്. കഴിഞ്ഞ നവംബറില്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കവെ ഒബാമ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ അപലപിച്ചിരുന്നു.