Connect with us

International

ഇസില്‍ മുന്നേറ്റം ലോക സമൂഹത്തിന്റെ പരാജയം: അബ്ബാദി

Published

|

Last Updated

പാരീസ്: ഇറാഖില്‍ ഇസില്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ തീവ്രവാദത്തെ തടയാനുള്ള ലോക സമൂഹത്തിന്റെ മൊത്തം പരാജയത്തിന്റെ അടയാളമാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബ്ബാദി. ഇസില്‍ തീവ്രവാദികളെ ഇല്ലായ്മ ചെയ്യാന്‍ എന്ത് നടപടി സ്വീകരിക്കണമെന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിന് പാരീസില്‍ അന്താരാഷ്ട്ര ചര്‍ച്ച നടക്കുന്നതിന്റെ മുന്നോടിയായാണ് അബ്ബാദി ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്രവാദത്തെ തടയാന്‍ ഇറാഖിന് ലോകത്തിന്റെ പിന്തുണ ആവശ്യമാണ്. പക്ഷേ വേണ്ടത്ര പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇത് ലോകത്തിന്റെ മൊത്തം പരാജയമാണെന്ന് താന്‍ മനസ്സിലാക്കുന്നു. ഇറാഖിനെ പിന്തുണച്ച് സംസാരിക്കാന്‍ യഥേഷ്ടം ആളുകളുണ്ട്. പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ വളരെ കുറച്ചുപേരെയുള്ളു. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ വിദേശ തീവ്രവാദികളുടെ ഒഴുക്ക് ഇപ്പോള്‍ ഇറാഖിലേക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലും ചില പ്രശ്‌നങ്ങളുണ്ട്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്. നേരത്തെ പത്തില്‍ ആറ് പേര്‍ ഇറാഖില്‍ നിന്ന് തന്നെയുള്ള തീവ്രവാദികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ പത്തില്‍ ആറ് പേര്‍ വിദേശത്തുനിന്നെത്തുന്നവരാണ്. അവര്‍ മരിക്കാന്‍ തയ്യാറായി വരുന്നവരാണ്. പക്ഷേ ചാവേറുകളല്ല. ചാവേറുകള്‍ മരിക്കാനാണ് വരുന്നത്. അവര്‍ക്ക് പോരാട്ടത്തിന് മനസ്സുണ്ടാകില്ല. എന്നാല്‍ ഇസില്‍ തീവ്രവാദികള്‍ പോരാടാനും മരിക്കാനും വേണ്ടി തയ്യാറായി എത്തിയവരാണ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖിലെ പോലീസ് കേന്ദ്രത്തിന് നേരെ ഇസില്‍ തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയതില്‍ 37 പേര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. റമാദി നഗരം ഇപ്പോള്‍ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഇത് തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളും പാരീസില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര യോഗത്തില്‍ ചര്‍ച്ചചെയ്യും.