Connect with us

Ongoing News

സിനിമയിലെ സാങ്കല്‍പ്പിക ഫോണ്‍ നമ്പര്‍ വീട്ടമ്മക്ക് വിനയായി ; കോടതി കമ്മീഷനെ നിയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം: ദിലീപ് നായകനായ “ചന്ദ്രേട്ടന്‍ എവിടെയാ” എന്ന സിനിമയിലെ സാങ്കല്‍പിക ഫോണ്‍ നമ്പറിനെതിരെ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ വീട്ടമ്മ പരാതിയുമായി രംഗത്ത്. സിനിമയില്‍ സാങ്കല്‍പ്പികമായി ഉപയോഗിച്ച നമ്പര്‍ വീട്ടമയുടേതാണെന്നാണ് പരാതി. നിരന്തര ഫോണ്‍ കോളും അശ്ലീല സന്ദേശവും ലഭിക്കുന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
സിനിമാ പ്രവര്‍ത്തകര്‍ ഒരുപക്ഷേ, വെറുതെ ഒരു നമ്പര്‍ തിരക്കഥയില്‍ എഴുതിയതാകാം. എന്നാല്‍, അത് വീട്ടമ്മയുടേതായി എന്നത് യാദൃച്ഛികം. സിനിമ റിലീസായതു മുതല്‍ ഈ മൊബൈലിലേക്ക് നിരന്തരം വിളികള്‍ വന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ. അശ്ലീല സന്ദേശങ്ങളും മൊബൈലിലേക്ക് പ്രവഹിച്ചു. ഒടുവില്‍ സഹികെട്ട് വീട്ടമ്മ മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കി. കോടതിയിലും അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്. ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായതിനാല്‍ സിവില്‍ ചട്ടപ്രകാരമേ നടപടി സ്വീകരിക്കാനാവൂ എന്നാണ് പോലീസ് നിലപാട്. തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാണ് ആവശ്യം. ചിത്രത്തിന്റെ മൂന്ന് നിര്‍മാതാക്കള്‍ക്കും സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതിനും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. പരാതി പരിശോധിക്കാന്‍ അഭിഭാഷക കമ്മിഷനെയും നിയോഗിച്ചു. അഭിഭാഷക കമ്മിഷന്‍ അഡ്വ. ലീന ചന്ദ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിനിമയിലെ അണിയറ പ്രവര്‍ത്തകരെ വീട്ടമ്മ ഇക്കാര്യം അറിയിച്ചെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന പറഞ്ഞ് അവര്‍ കൈമലര്‍ത്തി. നടി നമിതാ പ്രമോദിന്റെ യഥാര്‍ഥ നമ്പറാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് കോളുകള്‍ മിക്കതും വരുന്നത്. ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലകയാണ് പരാതിക്കാരിയായ വീട്ടമ്മ.

---- facebook comment plugin here -----

Latest