Connect with us

Kerala

ട്രോളിംഗ് നിരോധം: സുരക്ഷ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍; ലംഘിക്കുന്നവരെ തിരിച്ചയക്കുമെന്ന് കോസ്റ്റ്ഗാര്‍ഡ്‌

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രോളിംഗ് നിരോധം ലംഘിച്ച് പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് ഫിഷറീസ് മന്ത്രി കെ ബാബു. നിരോധം ലംഘിച്ച് മത്സ്യബന്ധനത്തിന് വരുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുമെന്ന് കോസ്റ്റ്ഗാര്‍ഡും അറിയിച്ചു.
ട്രോളിംഗ് നിരോധവുമായി ബന്ധപ്പെട്ട് തീരദേശത്ത് നിലനില്‍ക്കുന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഇരുഭാഗവും നിലപാട് വ്യക്തമാക്കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കും. നിരോധം ലംഘിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലിനില്ല. സര്‍ക്കാര്‍ എന്ന നിലയില്‍ പരിമിതികള്‍ ഏറെയുണ്ട്.
സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം പതിവുപോലെ ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയായിരിക്കും. മുന്‍കാലങ്ങളിലേതു പോലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ കാലങ്ങളില്‍ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനം നടത്താവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറുമായി ഒരു ഏറ്റുമുട്ടലിനില്ല. കടലില്‍ ഒരു സംഘര്‍ഷം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാന സര്‍ക്കാറിന് ചില പരിമിതികളുണ്ട്. ഈ പരിമിതിക്കുള്ളിലും സര്‍ക്കാറിന് ശക്തമായ നിലപാടുണ്ട്. ഈ നിലപാട് പ്രധാനമന്ത്രിയെയും ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്.
സമ്പാദ്യ-സമാശ്വാസ പദ്ധതി പ്രകാരമുള്ള 2700 രൂപ ടോള്‍ ബാന്‍ കാലത്ത് കൃത്യമായി വിതരണം ചെയ്യുന്നതിനും തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന സൗജന്യ റേഷന്‍ കൃത്യസമയത്ത് നല്‍കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതതു ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നേവി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ട്രോള്‍ബാന്‍ വിജയിപ്പിക്കുന്നതിന് കൂടുതല്‍ യോഗം ചേരും.
കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് കൗശിക്, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി മാരപാണ്ഡ്യന്‍ ഐ എ എസ്, ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി ഐ എ എസ്, ഉയര്‍ന്ന പോലീസ്-കോസ്റ്റ് ഗാര്‍ഡ്-തീര സംരക്ഷണ സേന-നേവി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest