Connect with us

International

ഈജിപ്ത് പ്രസിഡന്റ് അല്‍സീസീ സന്ദര്‍ശനത്തിനായി ജര്‍മനിയിലെത്തി

Published

|

Last Updated

ബെര്‍ലിന്‍: മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് രാജ്യത്ത് വിവാദം നിലനില്‍ക്കെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി സന്ദര്‍ശനത്തിനായി ജര്‍മനിയിലെത്തി. ജര്‍മന്‍ പ്രസിഡന്റ് ജോഅചിം ഗ്വോക്കിനെ ബെര്‍ലിനിലെ ഔദ്യോഗിക വസതയിലെത്തി കണ്ട സീസി ചാന്‍സലര്‍ അജ്ഞല മെര്‍ക്കലുമായും ചര്‍ച്ച നടത്തും. ഇന്ന് സീസി ബിസിനസ് കോര്‍പറേറ്റുകളുമായി ചര്‍ച്ച നടത്തും. ഈ മാസം ആദ്യം സീസിയുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം പാര്‍ലിമെന്റ് സ്പീക്കര്‍ നോബര്‍ട് ലാമര്‍ട്ട് നിരസിച്ചിരുന്നു. ഈജിപ്തിലെ മനുഷ്യാവകാശ രേഖകളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഈജിപ്തില്‍ പ്രതിപക്ഷ സംഘങ്ങളെ സംഘടിതമായി ഉപദ്രവിക്കല്‍, കൂട്ട അറസ്റ്റുകള്‍, ദീര്‍ഘകാലം തടവിന് ശിക്ഷിക്കല്‍, മുന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ ഖതാത്‌നിയടക്കം നിരവധി പേരെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അതിനാല്‍ ഈജിപ്തിലേക്കുള്ള യാത്ര റദ്ദാക്കുകയാണെന്നും കഴിഞ്ഞ മാസം 19ന് ലാമര്‍ടിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ജര്‍മനിയുമായുള്ള ഈജിപ്തിന്റെ സാമ്പത്തികം, സൈനികം, സുരക്ഷാ സഹകരണം എന്നിവ മെച്ചപ്പെടുമെന്നും കഴിഞ്ഞ വര്‍ഷത്തെ 4.8 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇതില്‍ പ്രധാനമെന്നും സീസിയുടെ ഓഫീസ് പറഞ്ഞു. അതേസമയം ഈജിപ്തിലെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളെ അഭിംസംബോധന ചെയ്യാന്‍ മനുഷ്യാവകാശ സംഘടനകള്‍ മെര്‍ക്കലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീസി എത്തുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹത്തിന്റെ അനുയായികളും സെലിബ്രിറ്റികളുമടക്കം 140 പേര്‍ ജര്‍മനിയിലെത്തിയിട്ടുണ്ട്.

Latest