Connect with us

Wayanad

വിസാ തട്ടിപ്പ്: പോലീസ് കേസെടുത്തു

Published

|

Last Updated

കല്‍പറ്റ: വിസ വാഗ്ദാനം നല്‍കി പണംതട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പത്തനംതിട്ട കോന്നി ചേരിമുക്ക് വട്ടക്കാവുങ്ങല്‍ പുന്നമൂട്ടില്‍ ഷബീറി(28)നെതിരെയാണ് കല്‍പറ്റ പോലീസ് കേസെടുത്തത്. മുണ്ടേരി, എമിലി സ്വദേശികളായ നാല് പേരില്‍ നിന്നാണ് യു എ യിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ ഒന്നര ലക്ഷത്തോളം രൂപ തട്ടിയത്. മെയ് 26നാണ് ഷബീര്‍ പണവുമായി മുങ്ങിയത്്. തട്ടിപ്പിനിരയായവര്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് ആദ്യം പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. ഇതോടെ പൊലീസ് കേസെടുക്കാന്‍ തയാറായി. എമിലി ആലമ്പറ്റ വിജീഷ്, ഈന്തന്‍ മുബഷീര്‍, മുണ്ടേരി പൊറ്റുതൊടി കെ രാജന്‍, എമിലി കനക്കനത്ത് നിഷില്‍ എന്നിവര്‍ക്കാണ് പണം നഷ്ടമായത്.
അല്‍ ഐനിലെ “ഫോറസ്” എന്ന റെന്റ് എ കാര്‍ കമ്പനിയിലേക്ക് ഡ്രൈവര്‍മാരുടെ വിസയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഷബീര്‍ ഇവരില്‍ നിന്ന് പണം തട്ടിയെടുത്തത്. വിജീഷ് 30,000, മുബഷീര്‍ 38,000, നിഷില്‍ 20,000, രാജന്‍ 34,000 രൂപ എന്നിങ്ങനെയാണ് നല്‍കിയത്. വിജീഷിന്റെ സുഹൃത്തിന്റെ കാര്‍ ആയിരുന്നു വയനാട്ടില്‍ ഷബീര്‍ ഉപയോഗിച്ചിരുന്നത്. ഈ വാഹനം അപകടം വരുത്തി കേടുപാട് സംഭവിച്ച സംഭവത്തില്‍ 90,000 രൂപയും ഷബീര്‍ നല്‍കാനുണ്ട്. വിമാന ടിക്കറ്റ്, വിസിറ്റിങ് വിസ, മെഡിക്കല്‍ എന്നിവക്കായി മൊത്തം 80,000 രൂപ വീതം നല്‍കണമെന്നായിരുന്നു ആദ്യം ഷബീര്‍ പറഞ്ഞിരുന്നത്്. അല്‍ ഐനിലെ പൊലീസ് ഓഫിസറുടെ കീഴിലുള്ള സ്ഥാപനമാണെന്നും അടിയന്തരമായി ജോലിക്ക് ആളെ ആവശ്യമുള്ളതിനാലാണ് ഇത്ര ചെറിയ തുക മാത്രം വാങ്ങുന്നതെന്നുമാണ് ഇയാള്‍ ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചത്.
ഷബീര്‍ കാര്യമ്പാടിയില്‍ നിന്ന് നേരത്തെ വിവാഹം കഴിച്ചിരുന്നു. ഭാര്യയുടെ മുണ്ടേരിയിലെ ബന്ധുവിന്റെ വീട്ടില്‍ കുറച്ചു ദിവസം താമസിച്ചിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ 20 ദിവസങ്ങളോളം വയനാട്ടിലുണ്ടായിരുന്നു. അപ്പോഴാണ് പറ്റിക്കപ്പെട്ടവരെ പരിചയപ്പെട്ട് വിശ്വാസം നേടിയെടുത്തത്. നാലുപേരുടെയും വിമാന ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്തിരുന്നു. ഇതിന്റെ കോപ്പി ഇവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.
മെയ് 26ന് രാത്രി 12.15ന് കരിപ്പൂരില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിന്റെതായിരുന്നു ടിക്കറ്റ്. എന്നാല്‍ ഇത് യഥാര്‍ഥത്തിലുള്ളതാണോ എന്ന് പരിശോധിക്കാന്‍ തട്ടിപ്പിനിരയായവര്‍ക്ക് കഴിഞ്ഞില്ല. താനും ഇതേവിമാനത്തില്‍ യു എ യിലേക്ക് പോകുന്നുവെന്നും ഇതിനാല്‍ ടിക്കറ്റ് താന്‍ തന്നെ കൈവശംവെക്കാമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.
യാത്രപോകേണ്ടവര്‍ അന്ന് ഉച്ചക്ക് വീടുകളില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. ഷബീറും ചടങ്ങില്‍ പങ്കെടുത്ത് ഉച്ചഭക്ഷണവും കഴിച്ച് മടങ്ങി. ഇതിനു ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. അന്ന് രാത്രി തന്നെ തട്ടിപ്പിനിരയായവര്‍ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ പോലീസ് ചീഫിന് പരാതി നല്‍കിയത്. കേസെടുത്ത പോലീസ് അന്വേഷമം ആരംഭിച്ചു. തട്ടിപ്പിനിരയായ രാജന്റെ മൊഴിയും രേഖപ്പെടുത്തി.
ആദ്യം ഷബീര്‍ ഗുണ്ടല്‍പേട്ടയിലുണ്ടെന്നായിരുന്നു സൂചന. അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ഇയാള്‍ എറണാകുളത്ത് ഉണ്ടെന്ന വിവരമാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

Latest