Connect with us

Kerala

ഇടുക്കി വിദ്യാഭ്യാസ വകുപ്പിലെ കമ്പ്യൂട്ടര്‍ ഇടപാട്: ഉന്നതതല അന്വേഷണത്തിന് ശിപാര്‍ശ

Published

|

Last Updated

തൊടുപുഴ:ജില്ലയിലെ സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കുന്നതിന് ജോയ്‌സ് ജോര്‍ജ് എം പിയുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 35 ലക്ഷം രൂപ തിരിമറി നടന്ന സംഭവത്തില്‍ ഉന്നത അന്വേഷണത്തിന് ശിപാര്‍ശ. അഴിമതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ വന്‍ ക്രമക്കേടിലെ ചെറിയ കണ്ണി മാത്രമാണ്. സസ്‌പെന്‍ഷന്‍ ഉത്തരവിട്ട ഉന്നത ഉദ്യോഗസ്ഥന്‍ മണിക്കൂറുകള്‍ക്കകം വിരമിച്ചു. അതുവരെ അഴിമതിയില്‍ കൂട്ടുകച്ചവടക്കാരനായിരുന്ന ഉന്നതോദ്യോഗസ്ഥന്‍ കീഴ് ജീവനക്കാരന്റെ മേല്‍ കുറ്റം ചുമത്തി വിരമിക്കുകയായിരുന്നു എന്നാണ് ആരോപണം. എന്‍ ജി ഒ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇരുവരും.
മുന്‍കാലങ്ങളില്‍ എം പി ഫണ്ടുപയോഗിച്ച് വിദ്യാലയങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ലഭ്യമാക്കിയത് ജില്ലാ പ്ലാനിങ് ഓഫീസിന്റെ ചുമതലയിലായിരുന്നു. കീഴ്‌വഴക്കം ലംഘിച്ച് എം പി ഫണ്ട് വിനിയോഗിക്കാനുളള അനുമതിയും പണവും വിദ്യാഭ്യാസ ഉപഡയറക്ടറെ ഏല്‍പ്പിച്ച ഘട്ടം മുതല്‍ അഴിമതിയും ആരംഭിച്ചു .
ടെന്‍ഡര്‍ ഉറപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ടോണി ജോസഫിനെ സസ്‌പെന്റ് ചെയ്തത്. കമ്പ്യൂട്ടര്‍ വാങ്ങിനല്‍കുന്നതിനു കരാര്‍ എടുത്ത പി വി പ്രവീണിന്റെ പരാതിയിലാണു നടപടി. ടെന്‍ഡര്‍ ഉറപ്പിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞതായി ഉത്തരവിലുണ്ട്. കുറഞ്ഞ തുകക്ക് ടെണ്ടര്‍ സമര്‍പ്പിച്ചത് പ്രവീണായിരുന്നു. ഗൂഢാലോചന, കൈക്കൂലി ആവശ്യപെടല്‍, ഫയല്‍ ഒളിപ്പിച്ച് വക്കല്‍ എന്നിവയാണ് ടോണിക്കെതിരെയുളള ആരോപണം.
വിരമിച്ച ഡി ഡി ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനും സീനിയര്‍ സൂപ്രണ്ടിനുമെതിരെ നിരവധി ആരോപണങ്ങളുണ്ട്. നിയമനം, സ്ഥലംമാറ്റം, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനാംഗീകാരം, പ്രമോഷന്‍ തുടങ്ങിവയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നു. കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയമനം ലഭിച്ച ക്ലാര്‍ക്കിനോട് പണം വാങ്ങാന്‍ ശശിധരനും സംഘവും നടത്തിയ വഴിവിട്ട ഇടപെടലുകളാണ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായിരുന്ന പുഷ്പലത മരണത്തിന് കാരണമായതെന്ന് ആരോപണം. ഈ കേസില്‍ സീനിയര്‍ സൂപ്രണ്ട് ഇസ്മയില്‍ സസ്പന്‍ഷനിലായെങ്കിലും വളരെവേഗം നടപടി പിന്‍വലിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെതിരെ നടപടിയുമില്ല. കമ്പ്യൂട്ടര്‍ ഇടപാടില്‍ അഴിമതി നീക്കം നടക്കുന്നതായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ജില്ലാ ഭരണകൂടത്തേയും ജില്ലയിലെ ജനപ്രതിനിധികളേയും അറിയിച്ചിരുന്നു.ഇതേത്തുടര്‍ന്ന് മെയ് 27 ന് എം പി ഇടപെട്ട് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ വാങ്ങുന്നത് തടഞ്ഞിരുന്നു.