Connect with us

Kannur

സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരത്ത് ഇത്തവണയും സ്വാശ്രയ പ്രവേശം

Published

|

Last Updated

കണ്ണൂര്‍: സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജില്‍ ഇക്കുറിയും സ്വാശ്രയ പ്രവേശത്തിന് അനുമതി. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കോളജ് ഭരണസമിതിയും ആരോഗ്യ – സഹകരണ സെക്രട്ടറിമാരും നടത്തിയ ചര്‍ച്ചയില്‍ സ്വാശ്രയ പ്രവേശത്തിനുള്ള അനുമതി നല്‍കിയത്.
പരിയാരം ഭരണസമിതിയുമായി ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടന്നത്. ബി ഡി എസ് പ്രവേശത്തിനാണ് ആദ്യം മാനേജ്‌മെന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇക്കുറിയും സ്വാശ്രയ പ്രവേശത്തിനാണ് അനുമതിയുള്ളത്. ബി ഡി എസില്‍ എല്ലാ സീറ്റുകളും മെറിറ്റ് അടിസ്ഥാനത്തിലാണ് പരിയാരത്ത് നിയമനം. എന്നാല്‍, എം ബി ബി എസ് പ്രവേശം സംബന്ധിച്ച്് തീരുമാനമായില്ല. അധികൃതര്‍ ചര്‍ച്ചക്കെത്താത്തതിനാലാണ് തീരുമാനമാവാതിരുന്നതെന്നും അടുത്ത ആഴ്ചയോടെ തീരുമാനമുണ്ടാവുമെന്നും എം വി ജയരാജന്‍ പറഞ്ഞു. ചര്‍ച്ചയില്‍ മെഡിക്കല്‍ കോളജ് മാനേജിംഗ് ഡയരക്്ടര്‍ കെ രവി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
പരിയാരത്ത്് എം ബി ബി എസിന് 100 സീറ്റാണുള്ളത്. ഇതില്‍ പകുതി സര്‍ക്കാര്‍ ക്വാട്ടയിലും പകുതി മാനേജ്‌മെന്റ് എന്‍ ആര്‍ ഐ സീറ്റിലുമാണ് പ്രവേശം. മാനേജ്‌മെന്റ് സീറ്റില്‍ എം ബി ബി എസിന് പ്രതിവര്‍ഷം ആറ്് ലക്ഷമാണ് ഫീസ്. എന്‍ ആര്‍ ഐക്ക് 11 ലക്ഷവും. ബി ഡി എസിന് 60 സീറ്റാണുള്ളത്.
സര്‍ക്കാര്‍ ക്വാട്ടയില്‍ കയറിപ്പറ്റുന്നവര്‍ മറ്റുള്ള മെഡിക്കല്‍ കോളജുകളില്‍ അടയ്ക്കുന്നതിനേക്കാള്‍ ആറിരട്ടി ഫീസാണ് ഇവിടെ അടയ്‌ക്കേണ്ടത്. ഇതേസമയം തന്നെ പരിയാരം മെഡിക്കല്‍ കോളജിനു കീഴിലുള്ള അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മെഡിക്കല്‍, ഡെന്റല്‍, ഫാര്‍മസി, നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് സ്വാശ്രയ രീതിയില്‍ തന്നെ പ്രവേശം തുടങ്ങുകയും ചെയ്തിട്ടുണ്ട്. കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ പ്രവേശനം സര്‍ക്കാര്‍ ക്വാട്ടയില്‍ മാത്രമാവും.
എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ അന്തിമതീരുമാനമായിട്ടില്ല. ഇതിനിടെയാണ് ഇന്നലെ മാനേജ്‌മെന്റ് പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍, സര്‍ക്കാര്‍ തത്വത്തില്‍ ഏറ്റെടുത്തെന്ന് പ്രഖ്യാപിച്ചിട്ടും മാനേജ്‌മെന്റിന് സ്വാശ്രയ രീതിയില്‍ പ്രവേശം നല്‍കാന്‍ അനുമതി നല്‍കിയതിലൂടെ വന്‍ തുക മാനേജ്‌മെന്റിനു ലഭിക്കാന്‍ ഇടയാക്കുമെന്ന ആരോപണം ശക്തമാണ്.
ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് പരിയാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഇക്കാര്യം രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിസഭയും സ്ഥിരീകരണവും നല്‍കി. എന്നാല്‍ ഇതുവരെയായി പ്രഖ്യാപനമല്ലാതെ പ്രവേശം പോലും സ്വാശ്രയ രീതിയില്‍ തന്നെയാണ് മുന്നോട്ടുപോയത്.

 

Latest