Connect with us

Kerala

ട്രോളിംഗ് നിരോധനം;കേന്ദ്രത്തിന്റെ ഇളവ് തട്ടിപ്പ്: മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണമില്ല

Published

|

Last Updated

തിരുവനന്തപുരം: സമ്പൂര്‍ണ ആഴക്കടല്‍ ട്രോളിംഗ് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയെങ്കിലും കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ഗുണം ചെയ്യില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്ക് പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം എക്‌സ്‌ക്ലൂസീവ് സാമ്പത്തിക മേഖലയിലും മീന്‍ പിടിക്കാമെന്ന് കാണിച്ച് കേന്ദ്ര കൃഷി മന്ത്രാലയം ഇറക്കിയ ഉത്തരവിന് പിന്നില്‍ മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍പൊടിയിടല്‍ മാത്രം. യന്ത്രം ഘടിപ്പിച്ച ചെറുവള്ളങ്ങളോ യാനങ്ങള്‍ക്കോ ഇളവ് ലഭിക്കില്ലെന്നതാണ് കാരണം. തുഴഞ്ഞു പോകുന്ന കറ്റമരങ്ങള്‍, വള്ളങ്ങള്‍ എന്നിവയാണ് യന്ത്രവത്കൃതമല്ലാത്ത മത്സ്യബന്ധന യാനങ്ങളില്‍പ്പെടുന്നത് പുതിയ ഉത്തരവിലൂടെ ഇളവ് നല്‍കിയിരിക്കുന്നത് ഈ ഗണത്തില്‍പ്പെടുന്നവക്കാണ്. ഇവയാകട്ടെ കേരളത്തില്‍ കാര്യമായില്ല. തണ്ടു വലിച്ചോ തുഴഞ്ഞോ ഇവക്ക് പന്ത്രണ്ട് നോട്ടിക്കല്‍ മൈലിന്റെ പകുതി പോലുമെത്താന്‍ സാധ്യവുമല്ല.
മഴ കനത്ത് കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ ഇവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തീരക്കടലില്‍ പോലും സാധ്യമാകില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് പരമ്പരാഗത വള്ളങ്ങളില്‍ ഔട്ട്‌ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഗണത്തിലാണ് ഇവര്‍ ഉള്‍പ്പെടുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് ഇവര്‍ക്കും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതിയില്ല.
കേരളത്തില്‍ ഉപയോഗിക്കുന്ന മത്സ്യബന്ധന യാനങ്ങളില്‍ 95 ശതമാനവും യന്ത്രവത്കൃതമാണ്. കേരളത്തില്‍ പതിവുള്ള ട്രോളിംഗ് നിരോധ കാലയളവില്‍ യന്ത്രവത്കൃത പരമ്പരാഗത യാനങ്ങളിലെ മത്സ്യബന്ധനം അനുവദിക്കാറുണ്ട്. ഈ മാതൃക തന്നെ കേന്ദ്രവും നടപ്പാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറും കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടിരുന്നത്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇളവ് നല്‍കികൊണ്ട് കേന്ദ്ര കൃഷി മന്ത്രാലയം ഉത്തരവ് ഇറക്കുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു നിയന്ത്രണവും പാടില്ലെന്ന ഐക്യരാഷ്ട്ര സഭ നിര്‍ദേശം പോലും അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ മത്സ്യബന്ധന നിരോധം ഏര്‍പ്പെടുത്തിയതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. യന്ത്രവത്കൃത പരമ്പരാഗത വള്ളങ്ങള്‍ അനുവദിച്ചാല്‍ ട്രോളിംഗ് നിരോധം ഫലം ചെയ്യില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. മത്സ്യപ്രജനന കാലത്തു ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. പിന്നീടാണ് മറ്റു സംസ്ഥാനങ്ങള്‍ ട്രോളിംഗ് നിരോധം നടപ്പാക്കിയത്. ട്രോളിംഗ് നിരോധ കാലം പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായിരുന്നത് ഏകീകരിക്കാന്‍ മാത്രമാണ് കേന്ദ്രം ഉത്തരവിറക്കിയതെന്നും കേന്ദ്ര കൃഷി മന്ത്രാലയം വിശദീകരിക്കുന്നു.
അതേസമയം, കടലില്‍ നിയമം ലംഘിച്ചാലും ശക്തമായ നടപടി വേണ്ടെന്ന് കോസ്റ്റ് ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധം നിലനില്‍ക്കുന്ന കാര്യം ബോധവത്കരിച്ച് തിരിച്ചയക്കാനാകും ശ്രമിക്കുകയെന്ന് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.