Connect with us

Kottayam

പരിസ്ഥിതി സംരക്ഷണത്തിന് പുതുതലമുറ മുന്നിട്ടിറങ്ങണം: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Published

|

Last Updated

കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് പുതുതലമുറ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. “നാളേയ്‌ക്കൊരു തണല്‍” എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തുന്ന പരിസ്ഥിതി വാരാചരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം കോട്ടയം ഗവ.മെഡിക്കല്‍ കോളജ് പരിസരത്ത് മരം നട്ട് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷങ്ങള്‍ നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വൈകിയെങ്കിലും നാം മനസ്സിലാക്കുകയാണ്. കടുത്ത ചൂടില്‍ വെന്തുമരിക്കേണ്ടി വരുന്ന ദുരനുഭവം പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കൈയേറ്റത്തിന്റെ ദുരന്ത പരിണിതിയാണ്. ഇടക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ഇനിയും പാഠം പഠിക്കുന്നില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യന്റെ ആവാസ വ്യവസ്ഥതന്നെ അപകടത്തിലാവും. പുതുതലമുറയെ രംഗത്തിറക്കി വ്യാപകമായി മരംനട്ടുപിടിപ്പിക്കുന്നതിനും സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനും വേണ്ടി എസ് എസ് എഫ് നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. കെ സുരേഷ് കുറുപ്പ് എം എല്‍ എ പങ്കെടുത്തു. ഹാഷിം ചേരിക്കല്‍, റഫീഖ് അഹ്മദ് സഖാഫി, എം അബ്ദുല്‍ മജീദ് പ്രസംഗിച്ചു. മുഹമ്മദലി കിനാലൂര്‍, എ കെ എം ഹാഷിര്‍ സഖാഫി, സി കെ ശക്കീര്‍, പി എം എസ് അനസ് മദനി, അല്‍അമീന്‍ അഹ്‌സനി, അന്‍വര്‍ മദനി, സൈഫുദ്ധീന്‍ കെ ബി, സംബന്ധിച്ചു.
പരിസ്ഥിതി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി എസ് എസ് എഫ് പ്രവര്‍ത്തകര്‍ മരം നടും. ഏഴര ലക്ഷം മരത്തൈകള്‍ വച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നടുന്ന മരങ്ങളുടെ തുടര്‍ പരിപാലനത്തിനുകൂടി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest