Connect with us

International

രാജ്യത്തെ ഏതു പൗരനും തന്റെ നിലപാടുകളെ ചോദ്യം ചെയ്യാമെന്ന് സല്‍മാന്‍ രാജാവ്‌

Published

|

Last Updated

ജിദ്ദ: തന്നെയും കിരീടാവകാശിയെയും തന്റെ കുടുംബത്തിലെ ഏതംഗത്തെയും ഞങ്ങളുടെ നിലപാടുകളുടെ പേരില്‍ ചോദ്യം ചെയ്യാന്‍ രാജ്യത്തെ ഏതു പൗരനും തുറന്ന അവസരമുണ്ടെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രസ്താവിച്ചു.
ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ ഭരണ തലത്തിലെയും സുരക്ഷാ മേഖലയിലെയും പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് സല്‍മാന്‍ രാജാവ് ഇക്കാര്യം പ്രസ്താവിച്ചത്. കുഴപ്പങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും നേരിടാന്‍ നാം പ്രതിജ്ഞാബന്ധരാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഏതു ഭാഗത്തുനിന്നുമുണ്ടാവില്ല, സല്‍മാന്‍ രാജാവ് ഓര്‍മപ്പെടുത്തി.
അതോടൊപ്പം ഞങ്ങളുടെ ഏതു നിലപാടിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താനും വിശദീകരണം തേടാനും രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ടാകും. രാജ്യത്തെ ഏതൊരാള്‍ക്കും ഞങ്ങളുടെ പേരുകള്‍ മാത്രം വിളിച്ച് അഭിസംബോധന ചെയ്യാം. ഞങ്ങളുടെ സ്ഥാനപ്പേരുകള്‍ ചേര്‍ക്കണമെന്നില്ല. ഞങ്ങളുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണ്. അഭിപ്രായങ്ങള്‍ക്ക് ഞങ്ങള്‍ ചെവികൊടുക്കും. ഞങ്ങളുടെ ഫോണുകളിലേക്ക് ആര്‍ക്കും വിളിക്കാം, രാജാവ് പറഞ്ഞു. എന്റെ കുറവുകള്‍ ചൂണ്ടിക്കാണിച്ചു തരുന്നവര്‍ക്ക് പടച്ചവന്‍ കാരുണ്യം ചൊരിയട്ടെയെന്ന് സല്‍മാന്‍ രാജാവ് സദസ്സിനു മുമ്പാകെ പ്രാര്‍ഥിക്കുകയും ചെയ്തു.
നമ്മുടെ അടിസ്ഥാനം ഖുര്‍ആനും തിരുനബി ചര്യയും നാലു ഖലീഫമാരുമാണ്. ഇതിനപ്പുറം ഏതെങ്കിലും വ്യക്തിക്കോ സംവിധാനത്തിനോ നാം പ്രാമാണികത്വം കല്‍പിക്കുന്നില്ല. ഈ പ്രമാണങ്ങളിലെവിടെയും ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നതിനു പഴുതുകളില്ല. അതിനാല്‍തന്നെ ഈ പ്രമാണങ്ങളെ ആധാരമാക്കി മുന്നോട്ടുപോകുന്ന നമുക്കും കുഴപ്പങ്ങളെ ഒരിക്കലും കണ്ടുനില്‍ക്കാനോ അതിനെതിരെ മൗനം പാലിക്കാനോ കഴിയില്ല, സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.
കുഴപ്പക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഒരു വിട്ടുവീഴ്ചയും അവരുടെ കാര്യത്തിലുണ്ടാവില്ലെന്നും രാജാവ് പറഞ്ഞു. അതിനിടെ കഴിഞ്ഞയാഴ്ചകളില്‍ ദമ്മാമിലും പരിസരങ്ങളിലുമുണ്ടായ ചാവേറാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പിടികിട്ടേണ്ട 16 ഭീകരരുടെ പേരു വിവരം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ഇവരില്‍ ഏതെങ്കിലുമൊരാളെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് 10 ലക്ഷം റിയാലാണ് മന്ത്രാലയം ഇനാം പ്രഖ്യാപിച്ചത്. കൂടുതല്‍ പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള ഇനാം സഖ്യയിലും വര്‍ധനയുണ്ടാകുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest