Connect with us

National

ഹമ്പിയില്‍ ആശങ്കപ്പെട്ട് യുനെസ്‌കോ

Published

|

Last Updated

ബെംഗളുരു: കര്‍ണാടകയിലെ ചരിത്ര സ്മാരകമായ ഹമ്പിയുടെ സംരക്ഷണത്തിന് വീണ്ടും യുനെസ്‌കോയുടെ നിര്‍ദേശം. ഹമ്പിക്ക് സമീപം പാലം നിര്‍മിക്കാനുള്ള നീക്കത്തെ നേരത്തെ എതിര്‍ത്ത യുനെസ്‌കോ, ചരിത്ര സ്മാരക പ്രദേശത്ത് കൃഷിയും അനുബന്ധ ജലസേചന സംവിധാനങ്ങളും ഏര്‍പ്പെടുത്താനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹമ്പിയുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നാണ് യുനെസ്‌കോ ചൂണ്ടിക്കാട്ടുന്നത്.
യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ സ്മാരപ്രദേശങ്ങളില്‍ ഒന്നാണ് ഹമ്പി. മനുഷ്യ ചരിത്രത്തിലെ അസാമാന്യമായ ശില്‍പ്പചാരുത, സാംസ്‌കാരിക പാരമ്പര്യം തുടങ്ങിയവ കണക്കിലെടുത്ത് 1986ലാണ് ഹമ്പിയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, അടുത്ത കാലത്തായി ഈ ചരിത്ര സ്മാരക പ്രദേശത്ത് പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന കൈയേറ്റങ്ങളെ യുനെസ്‌കോ ആശങ്കയോടെയാണ് കാണുന്നത്.
കാര്‍ഷിക പ്രദേശമായ ഇവിടെ ജലസേചന സൗകര്യം വിപുലപ്പെടുത്തിയുള്ള കൃഷികള്‍ ആരംഭിക്കുന്നത് സംരക്ഷിത ശില്‍പ്പങ്ങള്‍ക്കും മറ്റും കേടുപാട് വരാന്‍ ഇടയാക്കുമെന്നും അങ്ങനെ വന്നാല്‍ ഭാവിയില്‍ ഹമ്പിയുടെ സംരക്ഷണം ഏറ്റെടുക്കുക ദുഷ്‌കരമായിരിക്കുമെന്നാണ് യുനെസ്‌കോയുടെ ലോക പൈതൃക കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നത്.

Latest