Connect with us

National

മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനം ഇന്ത്യയുടെ ഫലസ്തീന്‍ നിലപാടിന് വിരുദ്ധം: സി പി എം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിക്കപ്പെട്ട ഇസ്‌റാഈല്‍ സന്ദര്‍ശനം രാജ്യത്തിന്റെ ഫലസ്തീന്‍ അനുകൂല നിലപാടില്‍ നിന്നുള്ള തിരിച്ചുപോക്കാണെന്ന് സി പി എം. സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക പരിവേഷം നല്‍കുമെന്നും പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു. നരേന്ദ്ര മോദി ഇസ്‌റാഈല്‍ സന്ദര്‍ശിക്കുമെന്നും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആ രാജ്യത്ത് നടത്തുന്ന ആദ്യ സന്ദര്‍ശനമായിരിക്കും അത് എന്നും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞിരുന്നു. സന്ദര്‍ശന തീയതി ഇരു രാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ പിന്നീട് തീരുമാനിക്കും എന്നും സുഷമ അറിയിച്ചിരുന്നു.
2000ത്തില്‍ അന്നത്തെ ഉപ പ്രധാനമന്ത്രി എല്‍ കെ അദ്വാനി ഇസ്‌റാഈല്‍ സന്ദര്‍ശിച്ചിരുന്നു. 1992 മുതല്‍ ഇന്ത്യയും ഇസ്‌റാഈലും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്. എന്നാല്‍, ഇസ്‌റാഈലിലെ ഇപ്പോഴത്തെ ഭരണാധികാരി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ വലതുപക്ഷത്തിന്റെയും ജൂത തീവ്രകക്ഷികളുടെയും പിടിയിലാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍.
ഫലസ്തീന്‍ വിഷയത്തില്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നിഷേധ നിലപാടെടുക്കുന്ന നെതന്യാഹു ഭരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നത് പ്രധാനമാണ്. പൊതുവെ ഫലസ്തീന്‍ ജനത്തിന് ഐക്യദാര്‍ഢ്യപ്പെടാറുള്ള ഇന്ത്യയുടെ നിലപാടുകളെ അട്ടിമറിക്കുന്നതാകും മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനം. ഇന്ത്യയും ഇസ്‌റാഈലും തമ്മിലുള്ള സൗഹൃദത്തിന് മോദി തുടക്കമിടുന്നത് അമേരിക്കയുടെ ഭൗമ- രാഷ്ട്രീയ തന്ത്രങ്ങളോടുള്ള കൂട്ടുകൂടലാണെന്നും, സന്ദര്‍ശനം സ്വതന്ത്രരാഷ്ട്രമെന്ന ഫലസ്തീന്റെ ആവശ്യത്തോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ നിന്നുള്ള പിന്‍മടക്കമാണെന്നും ലേഖനത്തില്‍ സി പി എം കുറ്റപ്പെടുത്തുന്നു.

Latest