Connect with us

Editorial

ഭക്ഷ്യ സംസ്‌കാരം അടിമുടി മാറണം

Published

|

Last Updated

ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെ വിവാദക്കുരുക്കിലാണ്. കമ്പനിയുടെ പ്രധാന ഉത്പന്നമായ മാഗി നൂഡില്‍സില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും അവരുടെ ഉത്പന്നങ്ങള്‍ കച്ചവടക്കാരും ഉപഭോക്താക്കളും ബഹിഷ്‌കരിച്ചു വരികയാണ്. ലക്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയിലാണ് ആദ്യമായി മാഗി ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയത്. രുചി വര്‍ധിപ്പിക്കാനായി അതില്‍ ചേര്‍ക്കുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റും (എംഎസ് ജി) ലെഡിന്റെ അംശവും അനുവദനീയമായ തോതിനേക്കാള്‍ വളരെ ഉയര്‍ന്ന അളവിലാണെന്നാണ് സാമ്പിള്‍ പാക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ടത്. കൊല്‍ക്കത്തയിലെ റെഫറല്‍ ലാബില്‍ നടത്തിയ പരിശോധനയും ഇത് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ലക്‌നൗ ലാബ് അധികൃതര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതടിസ്ഥാനത്തില്‍ കേരളത്തിലെ സപ്ലൈക്കോയും ഒട്ടേറെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളും മാഗി നൂഡില്‍സിന്റെ വിതരണം നിര്‍ത്തി വെച്ചിരിക്കയാണ്.
മാര്‍ക്കറ്റ് ഭക്ഷ്യപദാര്‍ഥങ്ങളുടെ ഗണത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിയുന്ന ഉത്പന്നമാണ് മാഗി. കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാണിത്. തയ്യാറാക്കാന്‍ എളുപ്പമായതിനാല്‍ വീട്ടമ്മമാരും ഇത് വാങ്ങാന്‍ താത്പര്യം കാണിക്കുന്നു. നെസ്‌ലെയുടെ വരുമാനത്തിന്റെ 20 ശതമാനവും മാഗി നൂഡില്‍സില്‍ നിന്നാണ് ലഭിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മാഗിയുടെയും കമ്പനിയുടെ മറ്റു ഉത്പന്നങ്ങളുടെയും വിപണനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. അതിനിടെ നെസ്‌ലെയുടെ മറ്റൊരു ഉത്പന്നമായ “നാന്‍ പ്രോ 3” പാല്‍പ്പൊടിയില്‍ പുഴുവിനെ കണ്ടെത്തിയത് കമ്പനിയെ കൂടുതല്‍ പ്രയാസത്തിലാക്കിയിരിക്കയാണ്. കോയമ്പത്തൂരിലെ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് 380 ഗ്രാം പാക്കറ്റ് നാന്‍ പ്രോയില്‍ 28 ജീവനുളള ചെറിയ പുഴുക്കളെയും 22 കരിഞ്ചെളളുകളെയും കണ്ടെത്തിയത്.
മാഗിയും നെസ്‌ലെ ഉത്പന്നങ്ങളും വിവാദത്തില്‍ പെട്ടത് പുതിയ സംഭവമാണെങ്കിലും നാം മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് ഭക്ഷണങ്ങളിലും ബേക്കറി സാധനങ്ങളിലും ബഹുഭൂരിഭാഗവും വിഷമയമാണെന്നത് പുതിയ അറിവല്ല. പോഷക സമൃദ്ധം എന്ന ധാരണയില്‍ ഉയര്‍ന്ന വിലക്ക് കടകളില്‍ നിന്ന് വാങ്ങുന്ന വസ്തുക്കള്‍ പോലും ആരോഗ്യത്തിന് ഹാനികരമാണെന്ന് നേരത്തെ നടന്ന പല പഠനങ്ങളും വെളിപ്പെടുത്തിയതാണ്. ഇവയില്‍ പലതിലും ഉത്പന്നം ചീത്തയാകാതിരിക്കാനുള്ള രാസപദാര്‍ഥങ്ങളും സോഡിയം ബൈകാര്‍ബണേറ്റും അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റ് ഡ്രിങ്ക്‌സ്, ഐസ്‌ക്രീം മുതലായവക്ക് ആകര്‍ഷണീയ നിറവും രുചിയും നല്‍കുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന സോഡിയം അള്‍ജിനേറ്റ് ആണ്. ഹെല്‍ത്ത് ഫുഡ്‌സ് എന്ന പരസ്യത്തിന്റെ ലേബലില്‍ വരുന്ന ഭക്ഷണങ്ങളിലും സോഡിയത്തിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബേക്കറി ഉല്‍പന്നങ്ങള്‍ക്ക് നിറവും രുചിയും നല്‍കാന്‍ മെറ്റാലിന്‍യെല്ലോ, സാക്കറിന്‍, അജിനോ മോട്ടോ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ആഹാര പദാര്‍ഥങ്ങള്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സോഡിയം ബെന്‍ സോയേറ്റും പൊരിച്ചെടുക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് വലുപ്പവും ഭംഗിയും കൂട്ടാനായി സോഡിയം ബൈ കാര്‍ബണേറ്റും ഉപോയോഗിക്കുന്നു. അമിതമായ അളവില്‍ ഇവ ശരീരത്തില്‍ എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്.
മാഗി ന്യൂഡില്‍സോ നെസ്‌ലോ ഉത്പന്നങ്ങളോ മാത്രം ബഹിഷ്‌കരിച്ചത് കൊണ്ടായില്ല. കമ്പോള സംസ്‌കാരത്തിലധിഷ്ടിതമായ നമ്മുടെ ഭക്ഷ്യരീതിയില്‍ തന്നെ അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്. ആഹാരത്തിന്റെ ഗുണനിലവാരത്തേക്കാളും രുചിക്കൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വികലമായ ഭക്ഷണ സംസ്‌കാരം കൈവെടിയണം. വലിയ വിലകൊടുത്ത് കടകളില്‍ നിന്ന് വാങ്ങുന്നവയെല്ലാം പോഷക സമൃദ്ധമാണെന്ന ധാരണ തെറ്റാണെന്ന് സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ഈയൊരു തെറ്റായ ധാരണയുടെ ദുരന്തഫലമാണ് ഇന്ന് നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന മിക്ക മാരകരോഗങ്ങളും. കലോറിയും ഊര്‍ജവും ധാരളമടങ്ങിയതും പോഷക ഗുണങ്ങളുള്ളതുമായ മരച്ചീനിയും ചേനയും മുരിങ്ങയും വാഴക്കുലയും പ്ലാവുകളില്‍ വെറുതെ വിളയുന്ന ചക്കയുമെല്ലാം വീട്ടുപറമ്പുകളില്‍ കൃഷി ചെയ്തുണ്ടാക്കാന്‍ പലര്‍ക്കും സാധ്യമാണെന്നിരിക്കെ ഇവയെല്ലാം ഉപേക്ഷിച്ചു എന്തിന് പാക്കറ്റ് ഭക്ഷണങ്ങളെയും കമ്പോള ഉത്പന്നങ്ങളെയും ആശ്രയിക്കണം. കമ്പോള ഉത്പന്നങ്ങള്‍ രോഗങ്ങളാണ് സമ്മാനിക്കുന്നതെങ്കില്‍ നാടന്‍ ഭക്ഷ്യ ഇനങ്ങള്‍ രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിനും മനസ്സിനും ഉണര്‍വും ഓജസ്സും നല്‍കാനും പ്രാപ്തമാണെന്ന് കൂടി നാം തിരച്ചറിയേണ്ടതുണ്ട്.