Connect with us

Ongoing News

ഫിഫ അണ്ടര്‍ 20 ലോകകപ്പ്: ചരിത്രം കുറിച്ച് ഫിജി

Published

|

Last Updated

വെല്ലിംഗ്ടണ്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ബ്രസീലും ജര്‍മനിയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ ഫിജി ചരിത്രവിജയത്തോടെ ശ്രദ്ധാകേന്ദ്രമായി. ഉത്തരകൊറിയയെ തകര്‍ത്ത് നൈജീരിയ നോക്കൗട്ട് സാധ്യത നിലനിര്‍ത്തി.

ചരിത്രം സൃഷ്ടിച്ച് ഫിജി

ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ഫിജി ഫിഫ ടൂര്‍ണമെന്റ് ചരിത്രത്തില്‍ അവരുടെ ആദ്യ ജയമാണ് സ്വന്തമാക്കിയത്. ഈ ജയത്തോടെ ഗ്രൂപ്പ് എഫില്‍ മൂന്ന് പോയിന്റോടെ നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. അവസാന മത്സരത്തില്‍ ഫിജിക്ക് നേരിടേണ്ടത് ഗ്രൂപ്പില്‍ രണ്ട് കളിയും തോറ്റ് പുറത്തായ ഉസ്‌ബെക്കിസ്ഥാനെയാണ്.
ഇതവരുടെ നോക്കൗട്ട് സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ നോക്കൗട്ട് യോഗ്യതയുള്ള മികച്ച മൂന്നാംസ്ഥാനക്കാരുടെ പട്ടികയില്‍ ഫിജി മൂന്നാം സ്ഥാനത്തുണ്ട്. കിരീട സാധ്യത കല്പിക്കപ്പെട്ട അര്‍ജന്റീന ഈ പട്ടികയില്‍ ഫിജിക്ക് പിറകില്‍ നാലാംസ്ഥാനത്താണ്. ഹോണ്ടുറാസിന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയാണ് എതിരാളി.
ഓഷ്യാനയില്‍ നിന്നുള്ള ഫിജി ടൂര്‍ണമെന്റിലെ അപ്രസക്തരാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മനിയോട് 8-1നാണ് അവര്‍ നാണംകെട്ടത്.
ഉസ്‌ബെക്കിസ്ഥാനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കിയ ഹോണ്ടുറാസിന് മുന്നിലും ഫിജി വലിയ പരാജയം ഏറ്റുവാങ്ങുമെന്ന് കരുതിയ ഫുട്‌ബോള്‍ ലോകം ഞെട്ടിയിരിക്കുന്നു. ഒന്നും രണ്ടുമല്ല എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ക്കാണ് ഹോണ്ടുറാസിനെ ഓഷ്യാനിയ ടീം തകര്‍ത്തത്. പതിനാലാം മിനുട്ടില്‍ വെരെവുവും പത്തൊമ്പതാം മിനുട്ടില്‍ വാഖയും ഫിജിയെ മുന്നിലെത്തിച്ചു.
ആദ്യപകുതിക്ക് പിരിയും മുമ്പ് സെല്‍ഫ് ഗോളിലൂടെ ഫിജി പട്ടിക പൂര്‍ത്തിയാക്കി. തുടക്കത്തില്‍ തന്നെ ആല്‍ബെര്‍ട്ട് എലിസിലൂടെ ഹോണ്ടുറാസ് ഫിജിയുടെ വലയില്‍ പന്തെത്തിച്ചെങ്കിലും അത് ഓഫ്‌സൈഡായിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഫിജിയുടെ ആദ്യ ഗോള്‍. ഒരു ഫിഫ ടൂര്‍ണമെന്റില്‍ ഫിജിക്കായി ഗോള്‍ നേടുന്ന ആദ്യ താരമായി ലോസെഫു വെറെവു.
എതിരാളിയെ ദുര്‍ബലരായി കരുതിയ ഹോണ്ടുറാസിന് ആദ്യ ഗോളിന്റെ ഷോക്കില്‍ നിന്ന് മുക്തമാകും മുമ്പെ രണ്ടാം ഗോളും വ ഴങ്ങേണ്ടി വന്നു. അതിന് പിന്നാലെ വെരെവുവിന്റെ ഇന്‍ഡൈറക്ട് ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചതും ഞെട്ടലോടെയാണ് ഹോണ്ടുറാസ് ടീം നോക്കിനിന്നത്. ജര്‍മനിയോട് സ്‌കൂള്‍നിലവാരമില്ലാതെ കളിച്ച ടീമിനെയല്ല ഹോണ്ടുറാസ് നേരിട്ടത്.
മൂന്നാം ഗോള്‍ സെല്‍ഫായിരുന്നെങ്കിലും ഫിജി പൊരുതിയെടുത്തതാണ്. കോര്‍ണര്‍ ബോളിന് ഏറ്റവും ഉയര്‍ത്തില്‍ ചാടി നോക്കിയ ഫിജിയുടെ അറ്റോനിയോ തിയുവാനയുടെ ഹെഡര്‍ ഹോണ്ടുറാസ് ഡിഫന്‍ഡര്‍ കെവിന്‍ അല്‍വാരെസിന്റെ ദേഹത്തുരുമ്മി വലയില്‍ കയറുകയായിരുന്നു.

പിറകില്‍ നിന്ന് ബ്രസീല്‍ ജയച്ചു കയറി

ഹംഗറിക്കെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ബ്രസീല്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. എട്ടാം മിനുട്ടില്‍ മെര്‍വോയുടെ ഗോളില്‍ ഹംഗറി ലീഡെടുത്തു. ആദ്യ പകുതിയില്‍ 1-0ന് പിറകിലായ ബ്രസീല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ തിരിച്ചുവരവ് നടത്തി. അമ്പതാം മിനുട്ടില്‍ ഡാനിലോയുടെ ഗോളില്‍. എണ്‍പത്താറാം മിനുട്ടില്‍ ആന്ദ്രെ പെരേരയുടെ പെനാല്‍റ്റി ഗോളില്‍ ബ്രസീല്‍ ജയം പിടിച്ചെടുത്തു. പതിനാറാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ തമാസിന് ചുവപ്പ് കാര്‍ഡ് കണ്ടത് ഹംഗറിയുടെ ആള്‍ ബലം കുറച്ചിരുന്നു. ആദ്യ പകുതിയില്‍ പിടിച്ചു നിന്ന ഹംഗറിക്ക് രണ്ടാം പകുതിയില്‍ മഞ്ഞപ്പടയുടെ ഇരമ്പലിന് മുന്നില്‍ അടിപതറി.
ബെന്‍സ് മെര്‍വോ നേടിയ ആദ്യ ഗോള്‍ ബ്രസീലിന്റെ പ്രതിരോധത്തിലെ അബദ്ധം കൊണ്ടായിരുന്നു. ലോംഗ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്‍ഡര്‍ ലൂകോക്ക് പിഴച്ചു. മെര്‍വോ വലത് ബോക്‌സിന് പുറത്ത് വെച്ച് ഗോളിലേക്ക് ഷോട്ടുതിര്‍ത്തു. ഗോളി ജീനിനാകട്ടെ പന്ത് കൈകളിലൊതുക്കാന്‍ സാധിച്ചില്ല. തട്ടിത്തെറിച്ച പന്ത് ക്രോസ് ബാറിലുരുമ്മി ഗോള്‍ലൈനില്‍ വീണ്ടു. പന്ത് നേരിയ വ്യത്യാസത്തിന് ഗോളായി മാറി. തുടര്‍ന്നും ആക്രമിച്ച ഹംഗറിയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഇതിന് ശേഷമായിരുന്നു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ലെഫ്റ്റ് ബാക്ക് ക്രിസ്റ്റ്യന്‍ തമാസ് പുറത്തായത്. പക്ഷേ ഇത് മുതലെടുക്കാന്‍ ആദ്യ പകുതിയില്‍ ബ്രസീലിന്‌സാധിച്ചില്ല. രണ്ടാം പകുതിയില്‍ ബ്രസീല്‍ കോച്ച് റൊസേരിയോ മികാലെ രണ്ട് സബ്സ്റ്റിറ്റിയൂഷന്‍ നടത്തി. ജാജയെയും ആന്ദ്രെ പെരേരയെയും കളത്തിലിറക്കി ആക്രമണം വര്‍ധിപ്പിച്ചു. സമ്മര്‍ദഫലമായി അമ്പതാം മിനുട്ടില്‍ കോര്‍ണര്‍ ലഭിച്ചു. ഇതില്‍ നിന്നാണ് ക്യാപ്റ്റന്‍ ഡാനിലോയുടെ ഹെഡര്‍ ഗോള്‍ പിറക്കുന്നത്. ഹംഗറി ഗോളി ജോര്‍ജി സെകെലിയെ നിസഹായനാക്കും വിധം ബുള്ളറ്റ്‌ഹെഡറായിരുന്നു ഡാനിലോ തൊടുത്തത്. പകരക്കാരനായെത്തിയ പെരേര പിഴവില്ലാത്ത പെനാല്‍റ്റി കിക്കിലൂടെ ബ്രസീലിന് ആവേശകരമായ ജയവും സമ്മാനിച്ചു.

അനായാസം ജര്‍മനി

ഉസ്‌ബെക്കിസ്ഥാനും യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് എതിരാളിയല്ലായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജയം. മാര്‍ക് സെന്‍ഡെറയുടെ ഡബിളാണ് (33, 85) സവിശേഷത. അമ്പത്തൊമ്പതാം മിനുട്ടില്‍ ക്യാപ്റ്റന്‍ അപോഗുമയാണ് ജര്‍മനിയുടെ മറ്റൊരു ഗോള്‍ നേടിയത്.
മത്സരത്തിലുടനീളം ആധിപത്യം ജര്‍മനിക്കായിരുന്നു. ഉസ്‌ബെക്കിസ്ഥാനാകട്ടെ പന്ത് കൈവശം വെക്കാന്‍ സാധിക്കാതെ വലഞ്ഞു. പലപ്പോഴും പന്ത് കിട്ടിയ ഉടനെ ലോംഗ് റേഞ്ചറുകളിലൂടെ അവര്‍ ഭാഗ്യം അന്വേഷിച്ചു.

രണ്ടാം പകുതിയില്‍ നൈജീരിയ

ഗ്രൂപ്പ് ഇയിലെ ആദ്യ കളിയില്‍ ബ്രസീലിനോട് തോറ്റ നൈജീരിയക്ക് ഉത്തരകൊറിയക്കെതിരെ ജയം അനിവാര്യമായിരുന്നു. ആദ്യ പകുതിയില്‍ ഗോളടിക്കാനാകാതെ വലഞ്ഞ നൈജീരിയ രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ തിരിച്ചെത്തിയപ്പോള്‍ കൊറിയന്‍ വല നിറഞ്ഞു, 4-0. 48, 51 മിനുട്ടുകളില്‍ സ്‌കോര്‍ ചെയ്ത സേവിര്‍ ഗോഡ്‌വിനാണ് കൊറിയയെ തകര്‍ത്തത്. എഴുപത്തൊന്നാം മിനുട്ടില്‍ സൊകാരിയും എണ്‍പതാം മിനുട്ടില്‍ ഇസ്ഹാഖും ലക്ഷ്യം കണ്ടു. ഇതോടെ ഗ്രൂപ്പില്‍ ഹംഗറിക്കൊപ്പം മൂന്ന് പോയിന്റെടുത്ത നൈജീരിയ നോക്കൗട്ട് സാധ്യത സജീവമാക്കി. മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നൈജീരി. മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്ക് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യതയുണ്ട്.