Connect with us

Eranakulam

കളമശ്ശേരി ഭൂമി തട്ടിപ്പ്: സി ബി ഐ അന്വേഷണം ഉന്നതരിലേക്ക്

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം ഉന്നതരിലേക്ക്. എറണാകുളം മുന്‍ ജില്ലാ കലക്ടര്‍ പി ഐ ഷേക്പരീതിനെയും കലക്ടറേറ്റിലെ അഞ്ച് ഉദ്യോഗസ്ഥരെയും സി ബി ഐ ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ഇവരെ കൊച്ചിയിലെ സി ബി ഐ ഓഫീസിലേക്ക് വിളിപ്പിച്ചു. ലാന്‍ഡ് റവന്യൂ കമീഷണറായിരുന്നു ടി ഒ സൂരജിനെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയുന്നു. സലിംരാജും കേസില്‍ പ്രതിയാകുമെന്നാണ് വിവരം.
പി ഐ ഷേക്പരീത് കലക്ടറായിരുന്ന കാലയളവിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ തൃക്കാക്കര വില്ലേജ് ഓഫീസര്‍ ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ കിഴക്കേ വീട്ടില്‍ സാബു, മുന്‍ വില്ലേജ് അസിസ്റ്റന്റ് ചേര്‍ത്തല പൂച്ചാക്കല്‍ പുത്തന്‍ പുരയില്‍ മുറാദ്, കലക്ടറേറ്റിലെ ക്ലാര്‍ക്ക് മുളന്തുരുത്തി എടപ്പങ്ങാട്ടില്‍ ഗീവര്‍ഗീസ് എന്നിവരെ കഴിഞ്ഞ ദിവസം സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. കളമശ്ശേരിയില്‍ എന്‍ എ ഷെരീഫയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി സലിംരാജിന് തട്ടിയെടുക്കുന്നതിന് സൗകര്യമൊരുക്കാന്‍ തണ്ടപ്പേര്‍ രജിസ്റ്റര്‍, പോക്കുവരവ് രജിസ്റ്റര്‍ തുടങ്ങിയ രേഖകളില്‍ തിരിമറി നടത്തിയത് ഇവരാണ്.
ഈ രേഖകളാണ് പി ഐ ഷേക്പരീതിന്റെയും ലാന്‍ഡ് റവന്യൂ കമീഷണറായിരുന്ന ടി ഒ സൂരജിന്റെയും മുമ്പാകെ എത്തിയത്. ഇവര്‍ വ്യാജ രേഖകള്‍ അടിസ്ഥാനമാക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ഭൂമിയുടെ തണ്ടപ്പേര്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ റദ്ദാക്കുകയും ചെയ്തു. ഈ നടപടി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി കഴിഞ്ഞ മാസം 26 ന് ഉത്തരവിട്ടിരുന്നു. സാബു, മുറാദ്, ഗീവര്‍ഗീസ് എന്നിവരെ സി ബി ഐ ചോദ്യം ചെയ്ത് വരികയാണ്. ഭൂമി തട്ടിപ്പ് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചെന്നാണ് അറിയുന്നത്.
അതേ സമയം ഭൂമിതട്ടിപ്പ് കേസില്‍ സി ബി ഐ അറസ്റ്റ്‌ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ ഇതേ പരാതിയില്‍ പോലീസ് നേരത്തെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയതായി വെളിപ്പെട്ടു. കളമശ്ശേരി ഭൂമി തട്ടിപ്പിന് ഇരയായ എന്‍ എ ഷെരീഫ നല്‍കിയ പരാതിയില്‍ 2013 ആഗസ്റ്റ് 31ന് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വി എം മുഹമ്മദ് റഫീഖ് പോലീസ് ഐ ജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സലീംരാജിനെ കുറ്റവിമുക്തനാക്കിയത്.
സോളാര്‍ കേസിലെ പ്രതി സരിതയുമായി സലീംരാജ് സംസാരിച്ചത് വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തെക്കൂടി കക്ഷി ചേര്‍ത്താല്‍ കേസില്‍ അനുകൂലമായ സമീപനം ലഭിക്കുമെന്ന് വിശ്വസിച്ചാണ് ഷെരീഫ പരാതി നല്‍കിയതെന്ന വിചിത്രമായ കണ്ടുപിടിത്താണ് ഡെപ്യൂട്ടി കമീഷണര്‍ നടത്തിയിരിക്കുന്നത്. മകന്‍ അബ്ദുല്‍നാസറിന്റെ പ്രേരണയിലാണ് പുതിയ പരാതിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഷെരീഫയും അയല്‍പക്കമായ ഇല്ലിക്കല്‍ വീട്ടില്‍ ഹസന്റെ കുടുംബവുമായി വര്‍ഷങ്ങളായുള്ള ശത്രുതയാണ് പരാതിക്ക് കാരണമെന്ന് ഡെപ്യൂട്ടി കമീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എതിര്‍ കക്ഷിയായ മജീദിന്റെ ഭാര്യ നൂര്‍ജഹാന്‍ സലീംരാജിന്റെ അകന്ന ബന്ധുമാത്രമാണ്. സലീംരാജിന്റെ ഭാര്യ ഷംസാദ് കേസില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കേസിന് ആസ്പദമായ 2007-2012 കാലഘട്ടത്തില്‍ സലീംരാജിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുഹമ്മദ് റെഫീഖ് നേരത്തെ അന്വേഷിച്ച് തള്ളിയ പരാതികളിലാണ് സി ബി ഐ സലീംരാജിനെയടക്കം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.