Connect with us

Kerala

108 ആംബുലന്‍സ് പ്രതിസന്ധി രൂക്ഷം; ജീവനക്കാര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ്‌

Published

|

Last Updated

തിരുവനന്തപുരം: 108 ആംബുലന്‍സുകളുടെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കേ ജീവനക്കാര്‍ക്ക് കൂനിന്‍മേല്‍ക്കുരുവായി പിരിച്ചു വിടല്‍ നോട്ടീസ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി 230 ഓളം ജീവനക്കാരാണ് 108 ആംബുലന്‍സില്‍ ജോലി ചെയ്യുന്നത്. പല തവണ പിരിച്ചു വിടല്‍ ഭീഷണിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിട്ടാണ് ബുദ്ധിമുട്ടേറിയ ജോലിയില്‍ ഇവര്‍ തുടരുന്നത്. സര്‍വീസ് തന്നെഅനിശ്ചിതത്വത്തിലാകുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിലവില്‍ 108 സര്‍വീസ് നടത്തി വരുന്ന ജി വി കെ ഇ എം ആര്‍ ഐ കമ്പനി ജീവനക്കാര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് കൂടി നല്‍കിയത് വര്‍ഷങ്ങളായുള്ള ഇവരുടെ ഉപജീവന മാര്‍ഗത്തെയാണ് ബാധിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത് നടത്തണമെന്നതാണ് ജീവനക്കാരുടെ ശക്തമായ ആവശ്യം.
നിലവിലുള്ള കമ്പനിയുടെ കരാര്‍ കാലാവധി ഈ മാസം 15 ന് അവസാനിക്കും. എന്‍ ആര്‍ എച്ച് എം ഡിസ്ട്രിക് പ്രോജക്ട് മാനേജര്‍ നേരിട്ട് 108 ആംബുലന്‍സ് നടത്തുന്നതിനുള്ള പദ്ധതി സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 15 ന് അറ്റകുറ്റപണികളെല്ലാം പൂര്‍ത്തിയാക്കി വാഹനങ്ങള്‍ തിരികെ ഏല്‍പ്പിക്കാനാണ് നിര്‍ദേശം. ഇതിനായുള്ള സോഫ്റ്റ്‌വേയറും സി ഡിറ്റ് തയ്യാറാക്കി കഴിഞ്ഞു. കമ്പനി ഇതുവരെ സര്‍ക്കാറുമായി ഉണ്ടാക്കിയ കരാറുകള്‍ ഒന്നും തന്നെ പാലിക്കാതെയാണ് സര്‍വീസ് നടത്തിയിരുന്നത്. മാത്രമല്ല, സര്‍വീസ് ആംബുല ന്‍സുകളെല്ലാം വര്‍ഷങ്ങളോളം പഴക്കമുള്ളവയും കേടുപാടുകള്‍ സംഭവിച്ചവയുമാണ്. ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും അധികൃതര്‍ താത്പര്യം കാണിച്ചിട്ടില്ല. അത്യാഹിത ഘട്ടങ്ങള്‍ക്ക് ആവശ്യമായ സംവിധാനങ്ങളൊന്നും ആംബുലന്‍സില്‍ സജ്ജീകരിച്ചിട്ടില്ല, ഓക്‌സിജന്‍ സിലിന്‍ഡര്‍ മാത്രമാണ് ആകെയുള്ളത്. എ ജി റിപ്പോര്‍ട്ടനുസരിച്ച് ഒരു ദിവസത്തെ ഓഡിറ്റ് പ്രകാരം 21 ശതമാനം വാഹനങ്ങള്‍ കട്ടപ്പുറത്തായിരുന്നു. കരാര്‍ പ്രകാരം അഞ്ച് ശതമാനം വാഹനങ്ങള്‍ മാത്രമേ പണികള്‍ക്കും മറ്റുമായി സര്‍വീസില്‍ നിന്ന് പിന്‍വലിക്കാവൂ. 16.35 ലക്ഷം രൂപ ഇതിന് പിഴ ഈടാക്കാമായിരുന്നെങ്കിലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അതിന് തയ്യാറായില്ല. 108 ന്റെ കോള്‍ സെന്ററില്‍ എത്തിയ 1,73,220 കോളുകള്‍ക്ക് സേവനം ലഭ്യമാക്കിയിട്ടില്ലെന്ന് സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു. ആകെ 47 ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നതില്‍ 25 എണ്ണം തലസ്ഥാനത്തും 22 എണ്ണം ആലപ്പുഴയിലുമാണ് സര്‍വീസ് നടത്തുന്നത്.
കമ്പനി ഇതുവരെ സര്‍ക്കാറുമായി ഉണ്ടാക്കിയ കരാറുകള്‍ ഒന്നും തന്നെ പാലിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. ജി വി കെ ഇ എം ആര്‍ ഐക്ക് സഹായകമാകുന്ന രീതിയിലുള്ള നിയമാവലികളായിരുന്നു സര്‍ക്കാര്‍ ടെന്‍ഡര്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തിയത്. അതിനാല്‍ മറ്റ് കമ്പനികള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞില്ല. കിലോമീറ്ററിന് 72 രൂപ നിരക്കിലാണ് ജി വി കെ ഇ എം ആര്‍ ഐ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ഐ സി യു ആംബുലന്‍സുകള്‍ ഉള്‍പ്പെടെ കിലോമീറ്ററിന് 26 രൂപ നിരക്കിലാണ് സര്‍വീസ് നടത്തുന്നതെന്നിരിക്കെ ഇത് സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയാണ്. മാത്രമല്ല, ആലപ്പുഴക്കും തിരുവനന്തപുരത്തിനും പുറമേ കൊല്ലത്ത് കൂടി സര്‍വീസ് നടത്താനുള്ള അനുമതിയാണ് കമ്പനി സക്കാറിനോട് ആവശ്യപ്പെടുന്നത്. ജീവനക്കാരുടെ ഭാവി മാത്രമല്ല 108 എന്ന അത്യാഹിത സര്‍വീസിന്റെ തന്നെ ഭാവി തുലാസിലാകുന്ന രീതീയിലാണ് അധികൃതര്‍ മുന്നോട്ടു പോകുന്നത്.

Latest