Connect with us

Gulf

പ്രവാസ ഭൂമിയിലും ഇതു മാമ്പഴക്കാലം

Published

|

Last Updated

ഷാര്‍ജ: നാട്ടില്‍ മാത്രമല്ല പ്രവാസ ലോകത്തും ഇതു മാമ്പഴക്കാലം. മാവ് നിറയെ കായ്ച്ചു നില്‍ക്കുന്ന മാമ്പഴങ്ങള്‍ എമിറേറ്റിന്റെ പല ഭാഗങ്ങളിലും കാണാം. ചിലയിടങ്ങളില്‍ പഴുത്തു തുടങ്ങിയിട്ടുണ്ട്. മറ്റു ചില ഭാഗങ്ങളില്‍ കായ്ക്കുന്നതേയുള്ളു. അടുത്ത ദിവസങ്ങളില്‍ വിളവെടുപ്പിനു പാകമാകും.
ഷാര്‍ജ ദാസ്മാന്‍ ഭാഗത്ത് മാമ്പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മാവുകള്‍ ധാരാളം. പഴുത്തു തുടങ്ങിയതും അല്ലാത്തതുമായ മാങ്ങകളുണ്ട്. സ്വദേശികളുടെ വീട്ടു മുറ്റങ്ങളിലാണ് പ്രധാനമായും മാമ്പഴങ്ങള്‍ സമൃദ്ധമായുള്ളത്. പലതും പഴുക്കുന്നതേയുള്ളു. മാവു നിറഞ്ഞു നില്‍ക്കുന്ന മാമ്പഴങ്ങള്‍ നാടിനെ അനുസ്മരിപ്പിക്കുന്നു. ഇതാകട്ടെ ഈ ഭാഗത്തെത്തുന്നവര്‍ക്ക് കൗതുക കാഴ്ചയാകുന്നു. നാവില്‍ വെള്ളമൂറുന്നവരുമുണ്ട്. ഒന്നു കിട്ടിയാല്‍ കൊള്ളാമെന്നും ആഗ്രഹിക്കുന്നു. നിറഞ്ഞു നിന്നിട്ടും ഉടമകള്‍ ഒന്നുപോലും പറിക്കാന്‍ തയ്യാറായിട്ടില്ല. നാളുകളായി ചില മാവുകളില്‍ മാങ്ങകള്‍ നിറഞ്ഞു തന്നെ നില്‍ക്കുകയാണ്. മധുരമൂറുന്ന മാമ്പഴങ്ങളാണ് മണലാരണ്യത്തിലും വിളയുന്നത്. നാടന്‍ മാമ്പഴത്തിന്റെ അതേ രുചി തന്നെ ഇവിടത്തെ മാമ്പഴത്തിനും അനുഭവപ്പെടുന്നുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. വില്‍പന അപൂര്‍വ്വമാണെന്ന് പറയുന്നു. എന്നാല്‍ അടുത്തയാളുകള്‍ക്ക് ഉടമസ്ഥര്‍ മാമ്പഴങ്ങള്‍ സൗജന്യമായി നല്‍കും. കടുത്ത ചൂട് മാമ്പഴത്തെ ബാധിച്ചിട്ടില്ല. കത്തിയാളുന്ന ചൂടിനിടയിലും മാമ്പഴം ഒരുപോറലുമേല്‍ക്കാതെ മാവുകളില്‍ ഉണര്‍ന്ന് നില്‍ക്കുന്നു.
നാട്ടിലിപ്പോള്‍ മാമ്പഴക്കാലമാണ്. ഇവിടുത്തെ വിപണികളില്‍ ഇപ്പോള്‍ ഇന്ത്യന്‍ മാമ്പഴമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. പാക്കിസ്ഥാനില്‍ നിന്നുള്ളവയും ലഭിക്കുന്നുണ്ട്.

Latest