Connect with us

Kerala

റെയില്‍വേ വികസനത്തിന് വിവിധോദ്ദേശ്യ സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ വികസനം വേഗത്തിലാക്കാന്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാറും സംയുക്തമായി വിവിധോദ്ദേശ്യ സംവിധാനം (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപവത്കരിക്കുമെന്ന് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ അശോക് അഗര്‍വാള്‍. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കുള്ള ചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാറും പങ്കിട്ട് നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഉള്‍പ്പെടെയുള്ള റെയില്‍വേ വികസന പദ്ധതികള്‍ക്ക് ഫണ്ടിന്റെ കുറവാണ് പ്രധാനതടസ്സം. ആകെ ചെലവിന്റെ ഒരുവിഹിതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറായാല്‍ റെയില്‍ വികസനത്തിന് വേഗത കൈവരും. തിരുവനന്തപുരം-കന്യാകുമാരി, തുറവൂര്‍-അമ്പലപ്പുഴ പാതകളുടെ ഇരട്ടിപ്പിക്കലാണ് എസ് പി വി രൂപവത്കരിച്ച് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ കൂടുതല്‍ പ്രവൃത്തികള്‍ ഈ രീതിയില്‍ നടപ്പാക്കുമെന്നും അശോക് അഗര്‍വാള്‍ പറഞ്ഞു.
തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടില്‍ അവശേഷിക്കുന്ന 39 കി.മീ പാതയുടെ ഇരട്ടിപ്പിക്കല്‍ 2016-17 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കാനാകും. ഇതില്‍ പിറവം റോഡ് കുറുപ്പുന്തറ 12 കി.മീ, ചിങ്ങവനം ചെങ്ങന്നൂര്‍ 27 കി.മീ പാതകള്‍ ഇരട്ടിപ്പിക്കുന്ന ജോലി ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. തിരുവനന്തപുരം ആലപ്പുഴ എറണാകുളം റൂട്ടില്‍ അമ്പലപ്പുഴ- ഹരിപ്പാട് 18 കി. മീ പാതയുടെ ഇരട്ടിപ്പിക്കലും നടപ്പുസാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. ഇതോടെ കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സംസ്ഥാനത്തിന് കഴിയും. വിവിധ ഭാഗങ്ങളില്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിര്‍മാണം പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മേഖലയില്‍ ഡെമു (ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂനിറ്റ്) ട്രെയിനുകള്‍ അനുവദിക്കുമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ സേലം-വൃദാചലം പാതയില്‍ സര്‍വീസ് ആരംഭിച്ച ഡെമു ട്രെയിനിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. എറണാകുളത്ത് തൃപ്പൂണിത്തുറ-ആലുവ പാതയിലാകും ഡെമു ട്രെയിന്‍ സര്‍വീസ് നടത്തുക. വൈദ്യുതീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത പാതകളിലും ഹ്രസ്വദൂര ഡെമു ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ബജറ്റില്‍ ദക്ഷിണറെയില്‍വേക്കുള്ള ബജറ്റ് വിഹിതം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം എട്ടു പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങി. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ തിരുവനന്തപുരം-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് റെയില്‍വേ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ ട്രെയിനുകളിലായി 96 പുതിയ കോച്ചുകളാണ് കൂട്ടിച്ചേര്‍ത്തത്. ഈ വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുള്ളില്‍ തന്നെ 60 കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തതായും അദ്ദേഹം പറഞ്ഞു. ദക്ഷിണറെയില്‍വേയില്‍ 47 എസ്‌കലേറ്ററാണ് ഈ സാമ്പത്തിക വര്‍ഷം സ്ഥാപിക്കുന്നത്. ഇതില്‍ 16 എണ്ണവും തിരുവനന്തപുരം ഡിവിഷനിലാണ്. 16 ലിഫ്റ്റുകളും ഈ ഡിവിഷനില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest