Connect with us

Articles

ഗോവധ നിരോധത്തിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്‍

Published

|

Last Updated

ഒരു മലയാള പത്രത്തില്‍ ഈയടുത്ത് വന്ന വാര്‍ത്ത ഇങ്ങനെ വായിക്കാം: “ഒടുവില്‍ ഇതാ ബീഫ് നിരോധനം കേരളത്തിലും. പൊലീസ് പരിശീലന കേന്ദ്രമായ രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ ക്യാമ്പുകളുടെ മെസില്‍ ബീഫ് കയറ്റരുതെന്നാണ് മേലുദ്യോഗസ്ഥന്റെ കല്‍പന. രേഖാമൂലം ഇങ്ങനെയൊരു ഉത്തരവ് നല്‍കുന്നതു

വിവാദമാകുമെന്നതിനാല്‍ വാക്കാല്‍ മാത്രമാണു കല്‍പന പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസ് ട്രെയിനികള്‍തന്നെയാണു മെനു നിശ്ചയിക്കുന്നത് എന്നാണു വയ്പ്. എല്ലാ മാസവും മെസ് കമ്മിറ്റി യോഗം ചേരും. ചുമതലയേല്‍ക്കേണ്ടയാളെ തിരഞ്ഞെടുക്കും. എന്തെല്ലാം വിഭവങ്ങളാണ് ഉള്‍പ്പെടുത്തേണ്ടതെന്നു തീരുമാനിക്കും. പക്ഷേ, ചിക്കനും മീനും കിട്ടുമെങ്കിലും ബീഫ് മേശപ്പുറത്തു വരാറില്ല”. മറ്റു ചില പത്രങ്ങളും ഈ വാര്‍ത്ത പ്രയോഗ ഭേദങ്ങളോടെ പ്രസിദ്ധീകരിച്ചു. ഈ സംഭവം ഒരു സൂചനയാണ്. ബീഫ്‌വിരുദ്ധ പ്രത്യയ ശാസ്ത്രം കേരളത്തിലും സമ്മതി നേടുന്നുവെന്ന വസ്തുതയാണ് ഈ വാര്‍ത്തയില്‍ തെളിഞ്ഞ് നില്‍ക്കുന്നത്.

ഗോവധനിരോധനവാദത്തിന്റെ ചരിത്രവും പ്രത്യയശാസ്ത്രതലങ്ങളും മനസ്സിലാക്കിക്കൊണ്ടേ ഹിന്ദുത്വത്തിന്റെ അക്രമോത്സുകവും മുസ്‌ലിംവിരുദ്ധവുമായ വിദേ്വഷരാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷജനാധിപത്യശക്തികളുടെ പ്രതിരോധം വളര്‍ത്തിയെടുക്കാനാവൂ. ഹിന്ദുരാഷ്ട്രവാദികളുടെ മുസ്‌ലി വിരോധത്തിലധിഷ്ഠിതമായ വര്‍ഗീയ മുദ്രാവാക്യമായാണ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഗോവധനിരോധന സിദ്ധാന്തം ഉയര്‍ന്നുവന്നത്. ബ്രിട്ടീഷുകാരല്ല മുസ്‌ലിംകളാണ് വിദേശ അക്രമികള്‍ എന്ന വാദമുയര്‍ത്തിക്കൊണ്ടാണ് ഹിന്ദുത്വത്തിന്റെ ആവിര്‍ഭാവകാലത്തെ പ്രചാരകന്മാര്‍ ഗോവധ നിരോധന സിദ്ധാന്തം ആവിഷ്‌കരിച്ചെടുത്തത്. 1800കളുടെ പകുതിയില്‍ ബ്രിട്ടീഷ് പഞ്ചാബിലെ കര്‍ഷകര്‍ കൊളോണിയല്‍ ഭൂനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ഹിന്ദുവെന്നും മുസ്‌ലിമെന്നുമുള്ള വേര്‍തിരിവ് കൃഷിക്കാര്‍ക്കിടയില്‍ സൃഷ്ടിക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങള്‍ സാമ്രാജ്യത്വഭരണാധികാരികള്‍ നടത്തിയത്. ഹിന്ദു മുസ്‌ലിം ഭേദമില്ലാതെ ബ്രിട്ടീഷ്‌കാര്‍ഷികനയങ്ങള്‍ക്കെതിരെ പോരാടിയ കര്‍ഷക ജനസാമാന്യത്തെ ഭിന്നിപ്പിക്കാനാണ് അന്നത്തെ പഞ്ചാബില്‍ ഗോവധവും ഗോമാംസ ഭക്ഷണവും പ്രശ്‌നവത്കരിക്കപ്പെട്ടത്.

ബ്രിട്ടീഷ്‌കാരുടെ അനുചരനായിരുന്ന റായിബഹദൂര്‍ലാലാ ലാല്‍ചന്ദ് കര്‍ഷകരുടെ പ്രതിസന്ധിക്കും തകര്‍ച്ചക്കും കാരണം കൊളോണിയല്‍ നയങ്ങളല്ല പശുക്കളുടെ നാശമാണെന്ന വാദം വര്‍ഗീയ ലക്ഷ്യത്തോടെ മുന്നോട്ടുവെച്ചു. ഗോക്കളുടെ ഘാതകരായ മുസ്‌ലിംകള്‍ കാര്‍ഷിക സംസ്‌കൃതിയുടെ ശത്രുക്കളാണെന്ന സിദ്ധാന്തമാണ് ലാലാലാല്‍ചന്ദ് മുന്നോട്ടുവെച്ചത്. ഹിന്ദുകൃഷിക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന വാദമാണ് ബ്രിട്ടീഷുകാരുടെ ഏജന്റായ ഈ ഹിന്ദുത്വവര്‍ഗീയവാദി മുന്നോട്ടുവെച്ചത്. ഗോസംരക്ഷകരും ഗോക്കളുടെ ഘാതകരുമായി കര്‍ഷകരെ മതാടിസ്ഥാത്തില്‍ ഭിന്നിപ്പിച്ച് പഞ്ചാബിലെ കര്‍ഷകസമരത്തെ തകര്‍ക്കാനാണ് ഗോവധ പ്രശ്‌നമുയര്‍ത്തി ലാലാലാല്‍ചന്ദിനെ പോലുള്ളവര്‍ മെനക്കെട്ടത്. ഗോവധനിരോധനവാദത്തിലൂടെ കടുത്ത മുസ്‌ലിം വിരോധം പടര്‍ത്താനാണ് കൊളോണിയല്‍ ഭരണാധികാരികളുടെ സഹായത്തോടെ ഹിന്ദുത്വവാദികള്‍ ശ്രമിച്ചതെന്ന് കാണാം.
“ടലഹള മയിലഴമശേീി ശി ുീഹശശേര”െ എന്നപേരില്‍ ലാലാലാല്‍ചന്ദ് എഴുതിയ പുസ്തകം ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ആത്മനിഷേധപരമാണെന്നും യഥാര്‍ഥ വിദേശ അക്രമികളായ മുസ്‌ലിംകള്‍ രാഷ്ട്രത്തിന്റെ ഭാഗമായി കാണുന്നതുമാണെന്നുമുള്ള വിമര്‍ശനമാണ് മുന്നോട്ടുവെച്ചത്. ഗോവധത്തെ മതപരമായ വിഭജനത്തിനുള്ള വിഷയമാക്കി ബ്രിട്ടീഷുകാരുടെ “ഭിന്നിപ്പിക്കുക ഭരിക്കുക” എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ കൈയില്‍ കളിക്കുകയായിരുന്നു ഹിന്ദുത്വവാദികള്‍.

പശുവിനെ വിശുദ്ധപ്രതീകമാക്കിമാറ്റിയത് കൊളോണിയല്‍ശക്തികളും ബ്രാഹ്മണപ്രത്യയശാസ്ത്രവുമാണ്. ഗോരാഷ്ട്രീയം 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യയില്‍ സംഘടിതരൂപം കൈവരിച്ച ബ്രിട്ടീഷ്‌വിരുദ്ധദേശീയപ്രസ്ഥാനത്തെ അസ്ഥിരീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയെടുത്തതാണ്. അത് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ടുമെന്റിന്റെ പരിലാളനയിലാണ് വളര്‍ന്നുവന്നതും അക്രമാസക്തമായി തീര്‍ന്നതും. അതിനുള്ള പ്രത്യയശാസ്ത്ര പരിസരം ഒരുക്കുന്നതില്‍ ദയാനന്ദ സരസ്വതിയെപോലുള്ളവര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1882ലാണ് ദയാനന്ദസരസ്വതി ഗോരക്ഷിണി സഭയുണ്ടാക്കുന്നത്. പശുഘാതകന്മാരും ഗോമാംസം കഴിക്കുന്നവരും മുസ്‌ലിംകളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വേദപാരമ്പര്യം വീണ്ടെടുക്കാന്‍ മുസ്‌ലിംകള്‍ക്കെതിരെ പോരാടണമെന്ന സന്ദേശമാണ് കൊളോണിയല്‍ പരിരക്ഷയില്‍ വളര്‍ന്നുവന്ന ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ പ്രചരിപ്പിച്ചത്. അവരെ സംബന്ധിച്ചിടത്തോളം വേദകാലത്തിലേക്കുള്ള തിരിച്ചുപോക്കെന്നത് ബ്രാഹ്മണ്യാധികാരത്തിന്റെ പുനഃസ്ഥാപനമായിരുന്നല്ലോ.

ഇവിടെ ബ്രാഹ്മണ്യം എന്ന് പുരോഗമനശക്തികള്‍ വിവക്ഷിക്കുന്നത് ഫ്യൂഡല്‍ മതാധികാരവ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തെയാണ്. ആധുനിക കാലത്തെ ബ്രാഹ്മണ്യത്തിന്റെ മാറുന്ന ധര്‍മങ്ങളെ സംബന്ധിച്ച പല പഠനങ്ങളും അതിനെ ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ പ്രത്യയശാസ്ത്രപരമായ ഒരു നിര്‍ണായക സത്തയായിട്ടാണ് നിരീക്ഷിച്ചിട്ടുള്ളത്. അതായത് കൊളോണിയല്‍ കാലം മുതല്‍ രൂപപ്പെട്ടുവരുന്ന ഒരു സൈദ്ധാന്തികപ്രക്രിയ എന്ന നിലയിലാണ് ബ്രാഹ്മണ്യത്തിന്റെ സത്താപരമായ മാറ്റങ്ങളെയും രൂപാന്തരങ്ങളെയും പലരും അപഗ്രഥിച്ചിട്ടുള്ളത്. ഫ്യൂഡല്‍ അധികാരത്തിന്റെ ധര്‍മശാസ്ത്രമെന്നനിലയിലാണ് ബ്രാഹ്മണ്യവും അതിന്റെ പ്രത്യയശാസ്ത്രമായ ചാതുര്‍വര്‍ണ്യവും ആവിഷ്‌കൃതമായതും അടിച്ചേല്‍പ്പിക്കപ്പെട്ടതുമെങ്കിലും കൊളോണിയല്‍അധിനിവേശത്തോടെ ബ്രാഹ്മണ്യത്തിന് പുതിയൊരു ഉള്ളടക്കവും ഭാവവും ആര്‍ജിക്കാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. പാശ്ചാത്യവിദ്യാഭ്യാസവും ബൂര്‍ഷ്വാഭരണസംവിധാനവും സൃഷ്ടിച്ച കൊളോണിയല്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ ഭൂരിപക്ഷ മതത്തെ രാഷ്ട്രമാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബ്രാഹ്മണ്യാധിഷ്ഠിതമായ ഹിന്ദുത്വശക്തികള്‍ നടത്തിയത്. ചാതുര്‍വര്‍ണ്യം സൃഷ്ടിച്ച ജാതിവ്യവസ്ഥയും അതിന്റെ ഫലമായ തൊട്ടുകൂടായ്മയും നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ ഹിന്ദുത്വരാഷ്ട്രീയത്തിനാവശ്യമായ രീതിയില്‍ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ രൂപാന്തരപ്പെടുത്തുകയാണുണ്ടായത്. ബ്രാഹ്മണ്യത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ വൈജാത്യങ്ങളെയാകെ സ്വാംശീകരിച്ച് സാംസ്‌കാരികദേശീയതയുടെ ആധിപത്യമുറപ്പാക്കാനുള്ള പ്രത്യയശാസ്ത്രപര്യാലോചനകളാണ് കൊളോണിയല്‍ ബുദ്ധിജീവികള്‍ നടത്തിയിട്ടുള്ളത്. സര്‍വര്‍ക്കറും ഗോള്‍വാള്‍ക്കറും മുന്നോട്ടുവെച്ച സാംസ്‌കാരിക ദേശീയത കൊളോണിയല്‍ സാമൂഹ്യശാസ്ത്രജ്ഞരുടെ പ്രതിലോമകരമായ ചിന്താധാരകളെ ആധാരമാക്കിയുള്ളതാണ്. ബ്രാഹ്മണാധിഷ്ഠിതമായ ഹിന്ദുത്വത്തിലേക്ക് മറ്റെല്ലാറ്റിനേയും ബലമായി വിലയിപ്പിച്ചെടുക്കലാണ് സാംസ്‌കാരികദേശീയതയുടെ പ്രത്യയശാസ്ത്രലക്ഷ്യം തന്നെ. നാനാത്വത്തില്‍ ഏകത്വത്തെ നിഷേധിക്കുകയും ഏകത്വത്തില്‍ നിന്നാണ് നാനാത്വമുണ്ടുകുന്നതെന്ന് വാദിക്കുകയുമാണ് സര്‍വര്‍ക്കര്‍ മുതല്‍ ദീനദയാല്‍ ഉപാധ്യായ വരെയുള്ള സംഘ്പരിവാര്‍ ആചാര്യന്മാര്‍ ചെയ്തിട്ടുള്ളത്. ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം ഗോവധനിരോധനത്തിനുവേണ്ടിയുള്ള ഹിന്ദുത്വശക്തികളുടെ നീക്കങ്ങളെ കാണാന്‍. രാജ്യത്തിന്റെ ബഹുസ്വരതയെയും ഭക്ഷണം, വേഷം, സംസ്‌കാരം തുടങ്ങിയ വൈവിധ്യങ്ങളെയും നിഷേധിക്കുന്ന സാംസ്‌കാരിക ദേശീയതയുടെ ആധിപത്യ ഭീകരതയാണ് ഗോവധനിരോധനത്തിലൂടെ പ്രകടമാകുന്നത്. നവബ്രാഹ്മണവാദികളായ സംഘ്പരിവാറിന്റെ ബുദ്ധിജീവികള്‍ മധ്യകാലിക ബ്രാഹ്മണാധികാരം സൃഷ്ടിച്ച ജാതിവ്യവസ്ഥയെയും അയിത്തത്തെയുമെല്ലാം സത്താരഹിതമായി അപനിര്‍മിച്ച് മുസ്‌ലിം വിദേ്വഷം വളര്‍ത്താനുള്ള സൈദ്ധാന്തിക അഭ്യാസങ്ങളിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ആര്‍ എസ് എസ് നേതൃത്വത്തിലെ രണ്ടാമനായറിയപ്പെടുന്ന ഭയ്യാജിജോഷി മധ്യകാലഘട്ടത്തിലെ (മുസ്‌ലിം ഭരണകാലം) ഇസ്‌ലാമിക ക്രൂരതകളാണ് ദളിതരെയും അയിത്ത ജാതിക്കാരെയും സൃഷ്ടിച്ചതെന്നാണ് വാദിക്കുന്നത്. ഗോവധമാണ് അയിത്തത്തിനും അധഃസ്ഥിതരുടെ ആവിര്‍ഭാവത്തിനും കാരണമെന്നാണ് നിയോലിബറല്‍ കാലത്തെ ഈ ഹിന്ദുത്വവാദി സമര്‍ഥിക്കാന്‍ മെനക്കെടുന്നത്. അദ്ദേഹം എഴുതിയിരിക്കുന്നത് നോക്കുക: “ചന്ദ്രവംശക്ഷത്രിയരുടെ ഹിന്ദുസ്വാഭിമാനം തകര്‍ക്കുന്നതിനുവേണ്ടി അറബില്‍ നിന്നുള്ള വിദേശ അക്രമണകാരികളും മുസ്‌ലിം ഭരണാധികാരികളും ഗോമാംസഭുക്കുകളും വന്നതോടെ പശുക്കളെ കൊല്ലുക, അവയുടെ തോലുരിക്കുക, ശവശരീരങ്ങള്‍ ഒഴിഞ്ഞ ദിക്കില്‍ നിക്ഷേപിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി. അഭിമാനികളായ ഹിന്ദു തടവുകാര്‍ക്കുള്ള ശിക്ഷ എന്നനിലയില്‍ ഇത്തരം ജോലികള്‍ നല്‍കികൊണ്ട് വിദേശ അക്രമികള്‍ അങ്ങനെ ചര്‍മ്മ-കര്‍മ്മ എന്ന ജാതിതന്നെയുണ്ടാക്കി.” എത്ര നീചവും ചരിത്രവിരുദ്ധവുമായിട്ടാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഉത്തരവാദികള്‍ ഗോമാംസം ഭക്ഷിക്കുന്ന മുസ്‌ലിംകളാണെന്ന് ഈ സംഘവിചാരകന്‍ ആരോപിക്കുന്നത്. ഗോവധനിരോധനത്തിന്റെ രാഷ്ട്രീയം ഹിന്ദു ഏകീകരണത്തിന്റേതായ അപരമത വിരോധത്തിന്റെ പ്രത്യയശാസ്ത്ര പദ്ധതികളിലാണ് അനേ്വഷിക്കേണ്ടതെന്നാണ് ഈ ആര്‍ എസ് എസ് നേതാവിന്റെ ചരിത്രവിരുദ്ധമായ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. (തുടരും)

ktkozhikode@gmail.com

---- facebook comment plugin here -----

Latest