Connect with us

Editorial

ബോംബ് രാഷ്ട്രീയത്തിന് അറുതി വരുത്തണം

Published

|

Last Updated

“നിര്‍മാണത്തിനിടെ അബദ്ധത്തില്‍ ബോംബ് പൊട്ടലും തന്മൂലമുണ്ടാകുന്ന അതിദാരുണ ദുരന്തങ്ങളും കണ്ണൂരിന് പുത്തരിയല്ല. ശനിയാഴ്ച പാനൂര്‍ കല്ലിക്കണ്ടിയില്‍ ബോംബ് നിര്‍മിച്ചു കൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു രണ്ട് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് സമീപകാലത്തെ മൂന്നാമത്തെ സംഭവമാണ്. രണ്ട് മാസം മുമ്പ് മൊകേരിയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത് ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്കും ജനുവരിയില്‍ പിണറായിയിലെ എരുവട്ടിയില്‍ അങ്കണ്‍വാടി കെട്ടിടത്തില്‍ ബോംബ് നിര്‍മ്മിച്ചു കൊണ്ടിരിക്കെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. കഴിഞ്ഞ സെപ്തംബര്‍ പത്തിന് മട്ടന്നൂര്‍ മരുതായി മുതിപ്പില്‍ കുന്നുമ്മല്‍ വീട്ടില്‍ നിജില്‍ എന്ന ആര്‍ എസ്എസ് പ്രവര്‍ത്തകന് സ്വന്തം വീടിന്റെ വരാന്തയില്‍ ബോംബ് നിര്‍മിച്ചു കൊണ്ടിരിക്കെയാണ് സ്‌ഫോടനത്തില്‍ ഗുരുതരമായ പരുക്കേറ്റത്. കണ്ണൂര്‍ പാനൂരിലെ പാറാട് മുസ്‌ലിം ലീഗ് ഓഫീസിന് സമീപം ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചു മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത് ഒന്നര വര്‍ഷം മുമ്പായിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയക്കാര്‍ക്ക് ബോംബാണ് പ്രധാന ആയുധം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എട്ട്് പേരാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം നിരവധിയാണ്. ബോംബ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളെന്നോണം അംഗഭംഗവുമായി ദുരിത ജീവിതം നയിക്കുന്നവരാണ് ഇവരില്‍ ഏറെ പേരും. എതിരാളികളെ കൊല്ലുന്നതിനും പ്രദേശത്ത് ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാത്രമല്ല, സംഘര്‍ഷ ബാധിത മേഖലയില്‍ സമാധാനം സ്ഥാപിക്കാനെത്തുന്ന പോലീസുകാരെ പ്രതിരോധിക്കുന്നതും ഇവിടെ ബോംബ് കൊണ്ടാണ്. പാര്‍ട്ടിഗ്രാമങ്ങളിലെ ബോംബ് സ്‌ഫോടനങ്ങള്‍ ഇന്നൊരു വാര്‍ത്തയേയല്ല.

ഒരു കാലത്ത് സി പി എമ്മും ആര്‍ എസ് എസുമായിരുന്നു കണ്ണൂരിലെ അക്രമ, ബോംബ് രാഷ്ട്രീയത്തിന്റെ ആളുകളെങ്കില്‍ ഇപ്പോള്‍ എല്ലാ പാര്‍ട്ടികളും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതരെ ഇതേ മാര്‍ഗമാണ് പിന്തുടരുന്നത്. ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും വിശിഷ്യാ തലശ്ശേരി, പെരിങ്ങളം, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകളും വീടുകളുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോംബ് നിര്‍മാണ കേന്ദ്രങ്ങളും സൂക്ഷിപ്പ് സ്ഥലങ്ങളുമാണ്. അതിനിടെ ചില തീവ്രവാദ സംഘടനകളും ഇവിടെ താവളങ്ങള്‍ ഒരുക്കുന്നുണ്ട്. പാനൂരിലെ പാറാടില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ബോംബ് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയതും നിര്‍മാണത്തിന് സഹായിച്ചതും പുതുതായി രാഷ്ട്രീയക്കുപ്പായമണിഞ്ഞ ഒരു തീവ്രവാദി സംഘടനയാണെന്നാണ് വിവരം.

ഒരു ഭാഗത്ത് അക്രമ രാഷ്ട്രീയത്തിനെതിരെ ഗീര്‍വാണം നടത്തുകയും രഹസ്യമായി എതിരാളികളെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ അണികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് എല്ലാ പാര്‍ട്ടി നേതൃത്വങ്ങളും ഇവിടെ അനുവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ജില്ലക്കാരനായ ഒരു പ്രമുഖ നേതാവ,് തിരഞ്ഞെടുപ്പ് വേളയില്‍ ബൂത്തുകളിലേക്ക് ബോംബുമായി പോകണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയ കാര്യം പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച കണ്ണൂര്‍ മുന്‍ ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്‍ വെളിപ്പെടുത്തിയതാണ്. പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ ചികിത്സാ ചെലവും കുടുംബത്തിന്റ കാര്യവും പാര്‍ട്ടികള്‍ ഏറ്റെടുക്കുമെന്ന ഉറപ്പിലാണ് അണികളെ അക്രമത്തിന് പറഞ്ഞു വിടുന്നത്. മരിച്ചാല്‍ അവരെ രക്തസാക്ഷികളായി സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചു പാര്‍ട്ടികള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ കൊയ്യുന്നതും പതിവാണ്. “രക്തസാക്ഷികളു”ടെ പേരില്‍ പിരിച്ച പണം ഉപയോഗിച്ചാണല്ലോ ഒരു പാര്‍ട്ടി ആസ്ഥാന മന്ദിരം പണിതത്.

ജനാധിപത്യം മൗലിക തത്വമായി അംഗീകരിച്ചവരാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം. കമ്യൂണിസം അടിസ്ഥാനപരമായി പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അവരും അതിന്റെ വക്താക്കളായാണ് അറിയപ്പെടുന്നത്. ആശയ സംവാദങ്ങളിലൂടെ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കുകയാണ് ജനാധിപത്യത്തിന്റെ വഴി. രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചൊതുക്കിയും കൊന്നൊടുക്കിയും മേല്‍ക്കൈ നേടുന്ന ഹിംസാത്മക മാര്‍ഗം ജനാധിത്യത്തിന് അപരിചിതമാണ്. കൊലപാതക രാഷ്ട്രീയം ഒന്നിനും മറുപടിയല്ലെന്നും എന്ത് പ്രകോപനമുണ്ടായാലും അക്രമത്തിനും കൊലപാതകത്തിനും ഒരു പാര്‍ട്ടിയും മുതിരരുതെന്നും അടുത്തിടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. ഇതടിസ്ഥാനത്തില്‍ അക്രമ രാഷ്ട്രീയത്തിന് ഒരുമ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താന്‍ സി പി എമ്മും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തു വന്നെങ്കില്‍ മാത്രമേ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന രാഷ്ട്രീയാതിക്രമങ്ങളും ബോംബ് നിര്‍മാണത്തിനിടെ ജീവിതം തന്നെ പൊട്ടിത്തെറിക്കുന്ന രാഷ്ട്രീയ ദുരന്തങ്ങളും അവസാനിപ്പിക്കാനാവുകയുള്ളൂ.

---- facebook comment plugin here -----

Latest