Connect with us

Ongoing News

വിഴിഞ്ഞം: യാഥാര്‍ഥ്യമെന്ത്?

Published

|

Last Updated

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കട്ടെ. വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കുന്നതിന് സി പി എം പ്രതിജ്ഞാബദ്ധമാണ്. അത് നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടോ എന്ന് നോക്കണമെന്ന് മാത്രം.

വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കണമെന്ന ആശയം രൂപപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഇത് പ്രായോഗികമാക്കുന്നതിനുള്ള സജീവമായ പ്രവര്‍ത്തനം നടക്കുന്നത് 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി സര്‍ക്കാര്‍ ഇതിനായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ പല നടപടികള്‍ സ്വീകരിച്ചെങ്കിലും പദ്ധതി പ്രാവര്‍ത്തികമായില്ല.

2005ല്‍ ടെന്‍ഡറിലൂടെ മുന്നോട്ടുവന്ന സൂം കണ്‍സോര്‍ഷ്യത്തിന് സുരക്ഷാ കാരണം പറഞ്ഞ് കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണുണ്ടായത്. അതിന്റെ കാരണം, ഇന്നും ദുരൂഹമാണ്.

യു പി എ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയെ ഇത്തരത്തില്‍ തടസ്സപ്പെടുത്തിയപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 2006ല്‍ സര്‍വ കക്ഷിയോഗം വിളിച്ച് റീ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ഒരു ഗ്ലോബല്‍ മീറ്റ് തന്നെ സംഘടിപ്പിച്ചു. അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രസിദ്ധരായ നാല്‍പതോളം കമ്പനികള്‍ അതില്‍ പങ്കെടുത്തു. ഇതിലാണ് ഒരു കമ്പനി നെഗറ്റീവ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. എന്താണ് നെഗറ്റീവ് ടെന്‍ഡര്‍? സാധാരണ ടെന്‍ഡറില്‍ പണം സര്‍ക്കാര്‍ അങ്ങോട്ട് കൊടുക്കുന്ന രീതിയാണ് ഉണ്ടാകാറുള്ളത്. നെഗറ്റീവ് ടെന്‍ഡറിലാവട്ടെ പണം സര്‍ക്കാറിന് ലഭിക്കും. അത്തരത്തില്‍ 115 കോടി രൂപ സംസ്ഥാന സര്‍ക്കാറിന് നല്‍കുന്നതിനുതകുന്ന നിര്‍ദേശം മുന്നോട്ടുവച്ച ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ഈ കരാറിന് കേന്ദ്രത്തിന്റെ അംഗീകാരവും ലഭിച്ചു. റോഡ്, വെള്ളം, വൈദ്യുതി, റെയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനായി 450 കോടി രൂപ എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

തുറമുഖ നിര്‍മാണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് സൂം കണ്‍സോര്‍ഷ്യം കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് നിയമ നൂലാമാലകളില്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം കുടുങ്ങി. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് നെഗറ്റീവ് ടെന്‍ഡര്‍ നല്‍കിയ ലാന്‍കോ കൊണ്ടപ്പള്ളി പദ്ധതിയില്‍നിന്നും പിന്മാറി. ഇങ്ങനെയാണ് തുറമുഖ നിര്‍മാണം വീണ്ടും പ്രതിസന്ധിയിലായത്. ഈ ഘട്ടത്തില്‍ പദ്ധതി കേന്ദ്രഗവണ്‍മെന്റ് ഏറ്റെടുക്കണമെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത് പ്രായോഗികമല്ല എന്ന നിലപാടാണ് അന്ന് പ്രതിപക്ഷ നേതാവായ ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.

ഇടതു സര്‍ക്കാറിന്റെ നയം വ്യക്തമായിരുന്നു. തുറമുഖം സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. നിര്‍മാണത്തിന് ആവശ്യമായിട്ടുള്ള തുക സര്‍ക്കാര്‍ കണ്ടെത്തും. നടത്തിപ്പിന് വേണ്ടി മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തവും അനുവദിക്കപ്പെടും. ഇത് പ്രാവര്‍ത്തികമാക്കാന്‍ 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ് ബി ടി ലീഡ് പാര്‍ട്ണറായുള്ള ബേങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ നിശ്ചയിച്ചു.

2011 ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാന്‍ഡ് ലോഡ് പോര്‍ട്ട് എന്ന തുറമുഖം സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക എന്ന നയം തുടരുക തന്നെ ചെയ്തു. ഇതില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ 18 -01-2013 ല്‍ ഡി ഒ നമ്പര്‍ 25/വി ഐ പി/സി എം/2013 നമ്പറായി പുറത്തുവന്ന മുഖ്യമന്ത്രി ഒപ്പിട്ട് കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന് അയച്ച കത്തോടുകൂടിയാണ് സ്ഥിതിഗതികള്‍ തകിടം മറിയുന്നത്. വിഴിഞ്ഞം പദ്ധതി പി പി പി മോഡലില്‍ റീസ്ട്രക്ചര്‍ ചെയ്യാന്‍ മുഖ്യമന്ത്രി അങ്ങോട്ട് ആവശ്യപ്പെടുന്ന കത്തായിരുന്നു അത്. മന്ത്രിസഭയില്‍ പോലും ആലോചിക്കാതെ മുഖ്യമന്ത്രി നടത്തിയ ഈ നീക്കം ഇന്നും ദുരൂഹമാണ്.

പി പി പി മോഡലിലേക്ക് തുറമുഖം മാറ്റുമ്പോഴും പ്രോജക്ട് സംബന്ധിച്ച് മത്സരാധിഷ്ഠിതമായി മുന്നോട്ട് കൊണ്ടുപോകുന്ന നടപടികളിലേക്ക് പോലും സര്‍ക്കാര്‍ നീങ്ങിയില്ല. ഇത് നഷ്ടത്തിലുള്ള ഒരു പ്രോജക്ടാണെന്ന രീതിയിലാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. നഷ്ടത്തിലുള്ള പ്രോജക്ട് ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? അഞ്ച് കമ്പനികള്‍ ഇക്കാര്യത്തില്‍ തയ്യാറായി. അവരെ ടെന്‍ഡറിലേക്ക് കൊണ്ടുവരുന്നതിനുപകരം അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തി ടെന്‍ഡര്‍ ഉറപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇക്കാര്യത്തില്‍ രഹസ്യമായ ചര്‍ച്ച നടന്നിട്ടുണ്ട് എന്ന കാര്യം കെ വി തോമസ് എം പി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും അദാനിയും ഇത്തരം ഒരു ചര്‍ച്ച നടന്ന കാര്യം രഹസ്യമാക്കി വെച്ചത് എന്തിനായിരുന്നു. ഇത് ഔദ്യോഗികമായ പരിപാടിയായിരുന്നുവെങ്കില്‍ കേരള ഹൗസില്‍ നടത്താതെ എം പിയുടെ വീട്ടില്‍വെച്ച് നടത്തിയത് എന്തിനാണ്? ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

മത്സരാധിഷ്ഠിതമായി ടെന്‍ഡര്‍ കൊണ്ടുപോകാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയശേഷം എല്‍ ഡി എഫ് കാലത്ത് അവതരിപ്പിച്ചതിനേക്കാള്‍ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുന്ന വ്യവസ്ഥകളാണ് തങ്ങള്‍ ഉണ്ടാക്കിയത് എന്ന് പ്രചരിപ്പിക്കുകയുമാണ് മുഖ്യമന്ത്രി. അതോടൊപ്പം കരാറിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായും ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്ന് പറയുന്നതും എന്തൊക്കെയോ കാര്യങ്ങള്‍ ഒളിച്ചുവെക്കാനുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പൊതുസ്വത്ത് ഉപയോഗിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള നയമാണിത്. ഇക്കാര്യത്തില്‍ എല്ലാ വ്യവസ്ഥകളും ജനമധ്യത്തില്‍ വ്യക്തമാക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. സര്‍വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായം ഉണ്ടാക്കി മുന്നോട്ട് പോവുക എന്ന ജനാധിപത്യപരമായ രീതിയിലുള്ള നയമാണ് എല്‍ ഡി എഫ് സര്‍ക്കാറുകള്‍ സ്വീകരിച്ചത്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ ഉണ്ടാക്കി എന്ന് മാത്രമല്ല അവയില്‍ പലതും വെളിപ്പെടുത്താതെ പേരിന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുക എന്ന നടപടിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. കരാര്‍ വ്യവസ്ഥകളെ ശരിയായ രീതിയില്‍ പഠിച്ച് ഇടപെടുക പ്രധാനമാണെന്ന് മുല്ലപ്പെരിയാറിലെ അനുഭവം തെളിയിക്കുന്നുണ്ട് എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

ഉടമസ്ഥതയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ കൊണ്ടുവരുമ്പോള്‍ അതിനുവേണ്ട ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നു എന്നോര്‍ക്കണം. ഈ പദ്ധതിയുടെ മൊത്തം ചെലവ് 7525 കോടി രൂപയാണ്. അതേ സമയം തുറമുഖനിര്‍മ്മാണത്തിനായി ആകെ ചെലവഴിക്കേണ്ടി വരുന്നത് 4089 കോടി രൂപയാണ്. അതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്നത് 1635 കോടി രൂപയാണ്. അദാനി ചെലവഴിക്കുന്നതാവട്ടെ 2454 കോടിയും. അപ്പോള്‍ വ്യക്തമാകുന്ന കാര്യം ഈ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഇവര്‍ അവകാശപ്പെടുന്ന പ്രകാരം തന്നെ ആവശ്യമായ മൂലധനത്തിന്റെ 32.6 ശതമാനം മാത്രമാണ് അദാനി ചെലവഴിക്കേണ്ടിവരുന്നത്. മൂന്നിലൊന്നുപോലും ചെലവഴിക്കാതെ അദാനിക്ക് പോര്‍ട്ടിനു മുകളില്‍ പൂര്‍ണ അവകാശം വരികയാണ്. ഏകദേശം 6000 കോടിയോളം മാര്‍ക്കറ്റ് വില വരുന്ന ഭൂമിയും പശ്ചാത്തല സൗകര്യവുമാണ് ഈ കരാറിലൂടെ സ്വകാര്യസ്ഥാപനത്തിന് 2454 കോടി രൂപയ്ക്ക് ലഭിക്കുന്നത്. ഇതിനേക്കാള്‍ മികച്ച വ്യവസ്ഥയില്‍ നേരത്തേ പല കരാറുകളും വിഴിഞ്ഞത്തിന് ഉണ്ടായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു രീതി നാം സ്വീകരിക്കേണ്ടതുണ്ടോ എന്ന പ്രശ്‌നമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇത് ചര്‍ച്ച ചെയ്യേണ്ടതല്ലേ? ഇത് ഉന്നയിക്കുന്നത് പദ്ധതിയെ തകര്‍ക്കാനല്ല. അവ ഫലപ്രദമായി മുന്നോട്ട് പോകാനാണ്.

ചെലവിന്റെ മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ ബാധ്യതയില്ലാത്ത അദാനിക്ക് യു ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ പ്രകാരം നാല് വര്‍ഷം തുറമുഖ നിര്‍മ്മാണവും 15 വര്‍ഷം തുറമുഖ പ്രവര്‍ത്തനവും കഴിഞ്ഞ് 20ാം വര്‍ഷം മുതല്‍ വരുമാനത്തിന്റെ ഒരു ശതമാനം ഒരു വര്‍ഷം എന്ന നിരക്കില്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കുന്ന നിലയാണ് ഉണ്ടാവുക. അതുതന്നെ ഏറിവന്നാല്‍ 40 ശതമാനത്തോളം മാത്രമേ എത്തുകയുള്ളൂ. മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ക്ക് 19 വര്‍ഷം പൂര്‍ണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നല്‍കുന്നു. മാത്രമല്ല, എത്ര കാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സര്‍ക്കാറിന് ലഭിക്കുകയുള്ളൂ. ലാന്‍ഡ് ലോഡില്‍ സര്‍ക്കാര്‍ സ്വന്തമായി തുറമുഖം നിര്‍മിക്കുവാന്‍ ചെലവാകുന്ന ഏകദേശം തുക തന്നെ പി പി പി ആക്കി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുകയും തുറമുഖം സ്വകാര്യതുറമുഖമായി മാറ്റുകയും ചെയ്യുന്നത് സംസ്ഥാന താത്പര്യം സംരക്ഷിക്കാനുള്ളതല്ല.

2010 ഇടത്് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് നല്‍കിയ ടെന്‍ഡര്‍ രേഖപ്രകാരം 30 വര്‍ഷത്തെ കാലയളവാണ് അനുവദിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് 70 വര്‍ഷമാണ്. 2010 ലെ കരാര്‍ പ്രകാരം തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ തുറമുഖ പ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് പരിശോധിച്ച് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഇരുകൂട്ടരും തീരുമാനിക്കുന്ന ലീസ് തുക കൈപ്പറ്റുന്ന രീതിയുമാണ് അവലംബിച്ചത്. എന്നാല്‍ യു ഡി എഫിന്റെ കരാര്‍ പ്രകാരം ഭൂമിയില്‍ നിന്നും 30 ശതമാനം തുറമുഖ ഓപ്പറേറ്റര്‍ക്ക് വിട്ടുനല്‍കുന്നതിനും അതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് ഓപ്പറേറ്റര്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ്. ഫലത്തില്‍ നാട്ടുകാരില്‍നിന്ന് ഏറ്റെടുത്ത സര്‍ക്കാറിന്റെ ഭൂമി തുറമുഖം ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നു എന്നു മാത്രമല്ല, അതുപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്താന്‍ കഴിയുന്ന രീതിയിലുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയുമാണ്. നാട്ടുകാരുടെ ഭൂമി ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് നല്‍കുന്ന രീതി അംഗീകരിക്കാമോ? തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകും എന്ന തരത്തില്‍ കേന്ദ്രമന്ത്രി ഗഡ്കരി നടത്തുന്ന ഭീഷണി അദാനിക്കുവേണ്ടിയുള്ള ഇടപെടലാണ്.

കേരളത്തിന്റെ വികസനത്തിന് പരമപ്രധാനമാണ് വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് തന്നെ അത് പ്രാവര്‍ത്തികമാക്കുക തന്നെ വേണം. ഉയര്‍ന്നുവന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിച്ച് പോകുന്നത് ഭാവിയില്‍ സംസ്ഥാനത്തിന് ഗുണപരവും സംസ്ഥാന ഖജനാവിന് വരുമാനം വര്‍ധിപ്പിക്കുന്നതിനും സഹായകമാകും. അതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്നതാണ് സി പി എമ്മി ന്റെ അഭിപ്രായം.

---- facebook comment plugin here -----

Latest