Connect with us

Gulf

വെയ്സ്റ്റ് പേപ്പര്‍ റീ-സൈക്ലിംഗ് മത്സരം; ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിനു ഒന്നാം സ്ഥാനം

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ഗവണ്‍മെന്റിന്റെ പരിസ്ഥിതി സംരക്ഷണ അതോറിറ്റി (ബീഹ്) എമിറേറ്റിലെ സ്‌കൂളുകള്‍ക്കായി സംഘടിപ്പിച്ച വെയ്സ്റ്റ് പേപ്പര്‍ റീ സൈക്ലിംഗ് മത്സരത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം സമ്മാനത്തുകയായ 20,000 ദിര്‍ഹവും പ്രശംസാ പത്രവും, മത്സര പങ്കാളികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സ്‌കൂള്‍ അധികൃതര്‍ക്കു സമ്മാനിച്ചു. ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബീഹ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബീഹ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഖാലിദ് അല്‍ ഹുറൈമലാണ് 20,000 ദിര്‍ഹത്തിന്റെ ചെക്കും മറ്റും സമ്മാനിച്ചത്.
സ്‌കൂളിലെ പരിസ്ഥിതി സംരക്ഷണ ക്ലബ്ബായ ഹോപ്പിന്റെ നേതൃത്വത്തിലാണ് വെയ്സ്റ്റ് പേപ്പറുകള്‍ ശേഖരിച്ചത്. വിദ്യാര്‍ഥികള്‍, അധ്യാപക അധ്യാപകേതര ജീവനക്കാര്‍ എന്നിവര്‍ സംയുക്തമായാണ് വെയ്സ്റ്റ് പേപ്പര്‍ ശേഖരണം നടത്തിയത്. വെയ്സ്റ്റ് പേപ്പറുകള്‍ കൂടാതെ പ്ലാസ്റ്റിക് ബാഗുകള്‍, ശീതള പാനീയ കാനുകള്‍ തുടങ്ങി റീ സൈക്ലിംഗ് ചെയ്യാന്‍ സാധിക്കുന്ന മുഴുവന്‍ വസ്തുക്കളും ശേഖരിച്ചിരുന്നു. ഇത്തരത്തിലുള്ള ടണ്‍ കണക്കിനു വസ്തുക്കളാണ് ശേഖരിച്ചത്. സ്‌കൂള്‍ പരിസരത്ത് സൂക്ഷിക്കപ്പെടുന്ന ഇവ എല്ലാ ഞായറാഴ്ചകളിലും ബീഹ് അധികൃതര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ കൈമാറുകയായിരുന്നു.
ബീഹിന്റെ വാഹനങ്ങളെത്തിയാണ് കയറ്റിക്കൊണ്ടുപോയിരുന്നത്. ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
അധ്യാപകരായ റശീദ ആദില്‍, ജസീന ഹമീദ്, ബൈനികുര്യന്‍, പുഷ്പ മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹോപ്പ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് അധികൃത ശ്രദ്ധയാകര്‍ഷിച്ച നിരവധി പരിപാടികള്‍ ക്ലബ്ബ് ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സംക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാര്‍ഥികളില്‍ വിപുലമായ ബോധവത്കരണവും നടത്തുന്നുണ്ട്.
സ്‌കൂളിനെ ഒന്നാം സ്ഥാനത്തിനര്‍ഹരാക്കിയ ഹോപ്പ് ക്ലബ്ബ് പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ അനുമോദിച്ചു. പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാനും, ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ സഹകരിക്കാനും അദ്ദേഹം വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. അതേ സമയം, പരിസ്ഥിതി സംരക്ഷണത്തിനാണ് സ്‌കൂള്‍ അധികൃതര്‍ മുന്തിയ പരിഗണനയും പ്രാധാന്യവും നല്‍കുന്നതെന്ന് കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. സ്‌കൂള്‍ ഇതിനകം നടത്തിയ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.