Connect with us

Malappuram

സ്‌കൂള്‍ വാഹന പരിശോധന ; 18 വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ നല്‍കിയില്ല

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 18ഓളം വാഹനങ്ങള്‍ക്ക് പരിശോധന സ്റ്റിക്കര്‍ നല്‍കിയില്ല. വിവിധ സ്‌കൂളുകളില്‍ നിന്നായിട്ടും 80 സ്‌കൂള്‍ വാഹനങ്ങളാണ് പരിശോധനക്ക് ഹാജരാക്കിയത്.
കീറിയ സീറ്റുകളും കീറിയ സൈഡ് കര്‍ട്ടനുകളും തേഞ്ഞുതീര്‍ന്ന ടയറുകളും തേയ്മാനം സംഭവിച്ച ഭാഗങ്ങളോടു കൂടിയ സ്റ്റിയറിംഗും സെല്ലോടോപ്പ് ഒട്ടിച്ച വാഹനങ്ങളും പ്രവര്‍ത്തിക്കാത്ത പാര്‍ക്കിംഗ് ബ്രേക്കും പൊട്ടിയ മുന്‍ഗ്ലാസുമായി വന്ന വാഹനങ്ങള്‍ക്കാണ് പെരിന്തല്‍മണ്ണ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സ്റ്റിക്കര്‍ നല്‍കാതെ തിരിച്ചയച്ചത്. ഇവക്ക് ഇനിയും മതിയായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി പത്തിന് ബുധനാഴ്ച പാതാക്കരയിലുള്ള വാഹന പരിശോധന സ്ഥലത്ത് ഹാജരാക്കണം. ഇവക്കൊപ്പം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഹാജരാക്കാന്‍ കഴിയാത്ത മറ്റു വാഹനങ്ങള്‍ക്കും അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 12 വരെ ഹാജരാക്കാവുന്നതാണ്. അടുത്ത ദിവസങ്ങളില്‍ ഫിറ്റ്‌നസ് പരിശോധനക്ക് ഹാജരാക്കിയിരുന്ന 150 വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് പരിശോധനയോടൊപ്പം സ്റ്റിക്കര്‍ നല്‍കിയിരുന്നു.
തുടര്‍ന്നും പരിശോധനാ സ്റ്റിക്കര്‍ പതിക്കാതെ സര്‍വീസ് നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും എതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് മോട്ടോര്‍വാഹന വകുപ്പധികൃതര്‍ അറിയിച്ചു. അതേ സമയം ഇപ്പോള്‍ സര്‍വീസ് നടത്തി വരുന്ന ഒട്ടുമിക്ക സ്‌കൂള്‍ ബസുകളും മഞ്ഞ പെയിന്റടിച്ചുവെന്നല്ലാതെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും രക്ഷിതാക്കള്‍ക്ക് ആക്ഷേപമുണ്ട്. രണ്ടും മൂന്നും വാഹനങ്ങളുള്ള സ്‌കൂളുകളില്‍ ഒരു വാഹനത്തിന് മാത്രമായിരിക്കും അധികൃതരുടെ മുമ്പില്‍ പരിശോധനക്ക് പൂര്‍ണമായും തയ്യാറെടുത്തു കഴിഞ്ഞത്. ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരുടെ പ്രായപരിധി നിയമാനുസൃതമായിട്ടുള്ളതാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.
സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കണമെന്ന് രക്ഷിതാക്കള്‍ സ്ഥിരം പരാതിപ്പെടുന്ന ഒരു വിഷയമാണ്. സ്വകാര്യ വാഹനങ്ങളും പാലിക്കേണ്ടതായ നിയമങ്ങള്‍ പാലിക്കാതെ കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നതും തടയേണ്ടതുണ്ട്.