Connect with us

Thrissur

വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യം ശക്തം

Published

|

Last Updated

ചാവക്കാട്: സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനായതോടെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യം ശക്തമാവുന്നു. തീരദേശ മേഖലയിലെ സ്‌കൂളുകളിലെ പല വിദ്യര്‍ഥികളും ഒന്നിലധികം മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്.
തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും നല്‍കൂ, രണ്ടു മൊബൈല്‍ സിം കാര്‍ഡുകള്‍ കരസ്ഥമാക്കൂ. വിവിധ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കടകള്‍ക്കു മുന്നില്‍ തൂക്കിയിട്ടിട്ടുള്ള ബോര്‍ഡുകളിലെ വാചകമാണിത്. മൊബൈല്‍ കമ്പനികളുടെ ഇത്തരത്തിലുള്ള ഓഫറുകളില്‍ കുടുങ്ങുന്ന വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സംഘടിപ്പിച്ച് സിം കാര്‍ഡുകള്‍ കരസ്ഥമാക്കുകയാണ്. അടുത്ത ദിവസം തന്നെ മൊബൈലും ഇവരുടെ കൈയിലെത്തും.
സ്‌കൂള്‍ പ്രവര്‍ത്തി സമയത്ത് തന്നെ പുറത്ത് റോഡരികിലായി വര്‍ണ്ണക്കുടകളും സ്ഥാപിച്ച് സ്വകാര്യ മൊബൈല്‍ കമ്പനികളുടെ പ്രതിനിധികളും തങ്ങളുടെ വിദ്യാര്‍ഥികളായ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. രാവിലെ ക്ലാസ് ആരംഭിക്കുന്നതിനു മുമ്പേ ഇവിടെ തിരക്ക് തുടങ്ങും. പിന്നീട് ഇന്റര്‍വെല്‍ സമയത്തും ഇതേ കാഴ്ചകള്‍ ആവര്‍ത്തിക്കും. സൗജന്യമായി സിം കാര്‍ഡുകള്‍ ലഭിക്കുമെന്നതിനാല്‍ എങ്ങനെയും തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കുട്ടികള്‍ ഒപ്പിക്കുകയും ചെയ്യും.
രക്ഷിതാക്കള്‍ പോലും അറിയാതെയാണ് പല കുട്ടികളും മൊബൈല്‍ സ്വന്തമാക്കുന്നതെന്നതും മറ്റൊരു യാഥാര്‍ഥ്യം. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇത്തരക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്നത്. എന്നാല്‍ സ്‌കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ നിസ്സഹായരാണ്. സിം കാര്‍ഡ് വിതരണം സ്‌കൂളിനു പുറത്തായതിനാല്‍ മൊബൈല്‍ കമ്പനികളുടെ പ്രതിനിധികള്‍ക്കെതിരെ മൗനം പാലിക്കേണ്ടിവരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലായെന്നുണ്ടെങ്കിലും കര്‍ശനമായി തടയാന്‍ കഴിയുന്നില്ലായെന്ന് ചില അധ്യാപകരും സമ്മതിക്കുന്നു. ക്യാമറയുള്ള മൊബൈല്‍ ഫോണുകളാണ് നല്ലൊരു ശതമാനം കുട്ടികളുടെയും കയ്യിലുള്ളത്.
ഇത്തരത്തില്‍ കൊണ്ടു വരുന്ന മൊബൈലുകള്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്നതിനേക്കാളുപരി അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തുകയാണ് പലരും ചെയ്യുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ തീരദേശ മേഖലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയുടെ ചിത്രം രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വിദ്യാര്‍ഥിയെ അധ്യാപിക കൈയോടെ പിടികൂടിയിരുന്നു.
വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്്തുവെങ്കിലും വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ഇതൊരു കുസൃതിയായി കാണണമെന്നാവശ്യപ്പെട്ടു. സഹപാഠികളുടെയും അധ്യാപകരുടെയുമൊക്കെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുസൃതികളായി മാത്രം കാണാനാവില്ലെന്നറിയിച്ച അധ്യാപകര്‍ വിദ്യാര്‍ഥിക്കെതിരെയുള്ള നടപടി തുടരുകയായിരുന്നു. പഠനത്തിലും പഠന പ്രവര്‍ത്തനങ്ങളിലും വരുന്ന പ്രശ്‌നങ്ങള്‍ ഇതിനു പുറമേയാണ്.
പല സ്‌കൂളുകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവായതോടെയാണ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യം ശക്തമായിട്ടുള്ളത്.

Latest