Connect with us

Editorial

ആകാശ ആക്രമണങ്ങളുടെ ഗതി

Published

|

Last Updated

ഇസില്‍ സംഘത്തിനെതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണം ഇടതടവില്ലാതെ തുടരുമ്പോഴും കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. ഇറാഖില്‍ അന്‍ബാര്‍ പ്രവിശ്യയിലെ തന്ത്രപ്രധാനമായ റമാദി പട്ടണം ഇസില്‍ സംഘം പിടിച്ചടക്കിയിരിക്കുന്നു. സിറിയയില്‍ ചരിത്രപ്രസിദ്ധമായ പാല്‍മിറയാണ് ഒടുവില്‍ അവര്‍ക്ക് അടിയറവ് പറഞ്ഞത്. ലിബിയയിലും ടുണീഷ്യയിലും എന്ന് വേണ്ട പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ഇസില്‍ സംഘത്തിന്റെ അനുഭാവ ഗ്രൂപ്പുകള്‍ രൂപപ്പെടുകയാണ്. സഊദി അറേബ്യയില്‍ ശിയാ പള്ളികള്‍ക്ക് നേരെ ഈയടുത്ത് നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഈ സംഘം ഏറ്റെടുത്തിട്ടുണ്ട്. ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്തെറിയുക മാത്രമല്ല ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം ക്രൂരമായ നരഹത്യകള്‍ ഇവര്‍ നടത്തുന്നു.
യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമ നീക്കത്തിന്റെയും സ്ഥിതി ഇത് തന്നെ. ഇവിടെ ഹൂതി വിമരുടെ മുന്നേറ്റത്തിന് തടയിടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അവര്‍ കീഴടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനായിട്ടില്ല. സഊദിയില്‍ അഭയം തേടിയ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ പുനരവരോധിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യവും സാധ്യമായിട്ടില്ല. താരതമ്യേന ദരിദ്രമായ യമനിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നടിയുന്നതിന് സംയുക്ത സൈനിക നീക്കവും അതിനോടുള്ള ഹൂതികളുടെയും മറ്റ് തീവ്രവാദി ഗ്രൂപ്പുകളുടെയും പ്രത്യാക്രമണവും കാരണമായിരിക്കുകയാണ്. നിരവധി സിവിലിയന്‍മാര്‍ മരിച്ചു വീണിരിക്കുന്നു. ആക്രമണ മേഖലകളില്‍ ജനജീവിതം ദുസ്സഹമാണ്. ഹൂതികളെ തളര്‍ത്താന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, മറ്റ് നിരവധി മിലീഷ്യകളും അല്‍ഖാഇദ അടക്കമുള്ള ഗ്രൂപ്പുകളും ശക്തി സംഭരിക്കുകയുമാണ്. സഊദിയിലേക്കു കൂടി അശാന്തി പടരുന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ടിരിക്കുന്നു.
എന്ത്‌കൊണ്ടാണ് ഈ സൈനിക ദൗത്യങ്ങള്‍ ഒന്നും വിജയം കാണാത്തത്. അതിന്റെ ഉത്തരം, പാശ്ചാത്യരുടെ അധിക്ഷേപ പദാവലി കടമെടുത്തു പറഞ്ഞാല്‍, ഈ രാജ്യങ്ങളെല്ലാം പരാജിത രാഷ്ട്രങ്ങളായിത്തീര്‍ന്നിരിക്കുന്നു എന്നതാണ്. അഫ്ഗാനും പാക്കിസ്ഥാനും ഇറാഖും സിറിയയും ലിബിയയും സുഡാനുമെല്ലാം “പരാജിത” രാഷ്ട്രങ്ങളാണല്ലോ. സ്വയം പ്രതിരോധിക്കാനാകാത്ത വിധം തകര്‍ന്നവ, സാമ്പത്തികമായി ദരിദ്രാവസ്ഥയിലുള്ളവ, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ പെട്ടുഴലുന്നവ, തീവ്രവാദത്തിന്റെ ഈറ്റില്ലങ്ങളായി മുദ്രകുത്തപ്പെട്ടവ എല്ലാം പരാജിതരുടെ പട്ടികയില്‍ വരുന്നു. ആരാണ് ഈ രാഷ്ട്രങ്ങളെ ഇങ്ങനെ പരാജിതരാക്കിയത്? കൊളോണിയല്‍ കാലം മുതലുള്ള അധിനിവേശങ്ങള്‍. അധികാര കിടമത്സരങ്ങള്‍. തദ്ദേശീയര്‍ക്ക് ഒരു പങ്കാളിത്തവുമില്ലാത്ത അധികാര കരാറുകള്‍. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വന്‍ ശക്തികള്‍ നടത്തിയ കക്ഷി ചേരലുകള്‍. സദ്ദാമിനോടൊപ്പം ചേര്‍ന്നും സദ്ദാമിനെതിരെ തിരിഞ്ഞും തകര്‍ത്തെറിഞ്ഞ ഇറാഖില്‍ നിന്നാണല്ലോ ആര്‍ക്കും കീഴടക്കാനാകാത്ത വെറുപ്പിന്റെ ശക്തിയായി ഇസില്‍ ഉയര്‍ന്നു വന്നത്. അവര്‍ പടര്‍ന്നതോ സിറിയയിലേക്കും. ബശര്‍ അല്‍ അസദിനെതിരെ അവിടുത്തെ നിരവധി സായുധ ഗ്രൂപ്പുകള്‍ക്ക് ആയുധവും അര്‍ഥവും നല്‍കുക വഴി ആ രാഷ്ട്രത്തെ ശിഥിലമാക്കിയത് ഈ സാമ്രാജ്യത്വ ശക്തികള്‍ തന്നെയല്ലേ?
യമനില്‍ ഇപ്പോള്‍ ഹൂതി വിമതരും മുമ്പ് അവരുടെ ശത്രുവായിരുന്ന അലി അബ്ദുല്ല സ്വലാഹും കൈകോര്‍ത്ത് നടത്തുന്ന കരുനീക്കങ്ങളിലേക്ക് നയിച്ചത് അറബ് വസന്തമെന്നും മുല്ലപ്പൂ വിപ്ലവമെന്നും വിശേഷിപ്പിക്കപ്പെട്ട പ്രക്ഷോഭമായിരുന്നു. ഇവിടെ യഥാര്‍ഥ ജനാധിപത്യ സ്ഥാപനങ്ങള്‍ വളര്‍ന്നു വരാന്‍ കൊളോണിയല്‍ ശക്തികള്‍ അനുവദിച്ചിട്ടില്ല. അതേസമയം അവര്‍ ജനാധിപത്യ വ്യാമോഹങ്ങള്‍ പുതുതലമുറയിലേക്ക് കടത്തി വിട്ടു. ഫലമോ പ്രക്ഷോഭാനന്തരം രൂപപ്പെട്ട അധികാര ശൂന്യത അരാജകത്വത്തിലേക്ക് വഴി മാറി. അധികാരത്തില്‍ കുടിയിരുത്തപ്പെട്ട അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി സമ്പൂര്‍ണ പരാജയമായിരുന്നു. അങ്ങനെ അധികാരം ആത്യന്തികമായി സൈന്യത്തിന്റെയോ തീവ്രവാദികളുടെയോ കൈയിലെത്തി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിവിലിയന്‍മാര്‍ തോക്ക് കൈവശം വെക്കുന്ന നാടായി യമന്‍ മാറിയിരിക്കുന്നു. ഈ യമനിലാണ് സുശക്തമായ ഭരണകൂടം അപ്രത്യക്ഷമായിരിക്കുന്നത്. ഇവിടെ അല്‍ ഖാഇദ ഇന്‍ അറേബ്യന്‍ പെനിന്‍സുലയും ഹൂതികളും മറ്റ് അനേകം മിലീഷ്യകളും ഉഗ്ര വിഷം പ്രാപിക്കുക സ്വാഭാവികമല്ലേ? ഓരോ ഗോത്ര വിഭാഗവും ഓരോ അധികാര കേന്ദ്രമാകുമെന്ന് ഉറപ്പല്ലേ? അത്‌കൊണ്ട് യമന് വേണ്ടത് യഥാര്‍ഥ രാഷ്ട്രീയ പരിഹാരമാണ്. രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയര്‍ന്നു വരുന്ന സുശക്തമായ രാഷ്ട്രീയ സംവിധാനത്തിന് മാത്രമേ യമനെ രക്ഷിക്കാനാകുകയുള്ളൂ. വംശീയത ആളിക്കത്തിക്കുന്ന ഇറാനടക്കമുള്ളവരെ ഒറ്റപ്പെടുത്താനും ഇത് അനിവാര്യമാണ്.
ഇസില്‍ സംഘം പടര്‍ന്നു കയറുന്ന സിറിയയിലും ഇറാഖിലുമെല്ലാം അത് തന്നെയാണ് പരിഹാരം. അതത് രാഷ്ട്രങ്ങളില്‍ അവിടുത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭരണ സംവിധാനവും സുശക്തമായ സൈനിക ശേഷിയുമാണ് പ്രതിസന്ധിയുടെ യഥാര്‍ഥ പരിഹാരം.

---- facebook comment plugin here -----

Latest