Connect with us

Articles

ജീവിതം പഠിപ്പിക്കാന്‍ എത്ര അധ്യാപകരുണ്ട് ?

Published

|

Last Updated

ഹെലന്‍ കെല്ലര്‍; വളരെ ചെറുപ്പത്തിലേ അവളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. കൂടെ സംസാരിക്കാനും കേള്‍ക്കാനും അവള്‍ക്ക് ശേഷിയില്ലാതെയായി. എങ്കിലും ഈ പരാധീനതകളെയെല്ലാം അതിജീവിച്ച് അവള്‍ക്ക് എഴുതാനും പഠിക്കാനും സാധിച്ചു. ലോകം അറിയുന്ന സാമൂഹിക പ്രവര്‍ത്തകയായി മാറി. കേവലം മൂന്ന് ദിവസത്തേക്ക് തനിക്ക് ദൈവം കാഴ്ച ശക്തി തിരികെ തരികയാണെങ്കില്‍ ഞാന്‍ എന്തെല്ലാം ചെയ്യുമെന്നതിനെ കുറിച്ച് അവര്‍ എഴുതിയ ലേഖനം അടുത്ത കാലം വരെ നമ്മുടെ കുട്ടികളുടെ പാഠ പുസ്തകങ്ങളില്‍ പാഠ്യവിഷയമായിരുന്നു. എനിക്ക് കാഴ്ച ശക്തി ലഭിച്ചാല്‍ ഞാന്‍ ആദ്യം കാണാനിഷ്ടപ്പെടുന്നതെന്തായിരിക്കും? സംശയമില്ല. അതെന്റെ പ്രിയ അധ്യാപിക ആനി സള്ളീവന്റെ മുഖമായിരിക്കും. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ സാഹചര്യത്തിലാണ് അവര്‍ ഹെലന്‍ കെല്ലറെ പഠിപ്പിച്ചത്.
മാറിയ ലോകക്രമത്തില്‍ അധ്യാപന രംഗത്തെ വിലയിരുത്തുമ്പോള്‍ ഇത്തരത്തിലുള്ള അനവധി പ്രചോദിത സംഭവങ്ങള്‍ വിവരിക്കേണ്ടതും അത് അധ്യാപക മേഖലയില്‍ ജോലി ചെയ്യുന്നവരെ കേള്‍പ്പിക്കേണ്ടതും അത്യാവശ്യമായിരിക്കുന്നു. ഗുരു – ശിഷ്യ ബന്ധത്തില്‍ വന്ന വിള്ളലുകളുടെ പരാതികളാണെങ്ങും. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ തന്റെ മകനെ പഠിപ്പിക്കുന്ന ടീച്ചര്‍ക്ക് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: “വളഞ്ഞ വഴികളിലൂടെയുള്ള വിജയങ്ങളെക്കാള്‍ തോല്‍വിയാണ് ആദരിക്കപ്പെടുക എന്ന് അവനെ നിങ്ങള്‍ പഠിപ്പിക്കുക”
വീണ്ടും ഒരു അധ്യയന വര്‍ഷം തുടങ്ങുകയാണ്. ഒരോ കുട്ടിയുടെയും വിപ്ലവ കാലമാണ് സ്‌കൂള്‍ ജിവിതം. അവിടെ അവനെ സ്വാധീനിക്കുന്നത് അധ്യാപകരും കൂട്ടുകാരുമൊക്കെയാണ്. തീര്‍ച്ചയായും അവിടെ നടക്കുന്ന മാറ്റങ്ങള്‍ എന്തും സാമൂഹിക മാറ്റമാണ്. പലപ്പോഴും കേള്‍ക്കുന്ന ഒരു പാട് പരാതികളുണ്ട്. പണ്ടത്തെപ്പോലെ കുട്ടികള്‍ക്കൊന്നും യാതൊരു ബഹുമാനമില്ലെന്നാണ് അതില്‍ ഏറ്റവും പ്രധാനം. എന്താണ് ഇതിന് കാരണം?
വിദ്യാര്‍ഥിയുടെ പുരോഗതിയില്‍ നിസ്തുലമായ പങ്കുള്ളവരാണ് അധ്യാപക സമൂഹം. ഭാവി സമൂഹത്തിന്റെ ചാലക ശക്തിയാകേണ്ടവരാണ് അവര്‍. സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നതില്‍ അവര്‍ക്കുള്ള പങ്ക് നിസ്തുലമാണ്. നിര്‍ഭാഗ്യവശാല്‍ അടുത്ത കാലങ്ങളായി കണ്ട വാര്‍ത്തകളില്‍ ചിലതെങ്കിലും ഭീതിപ്പെടുത്തുന്നതും അപമാനകരവുമായിരുന്നു. അധ്യാപകനെ മാറ്റിനിര്‍ത്തിയ പരിഷ്‌കാരങ്ങള്‍ അഭിമാനിക്കാവുന്ന ഒരു ഗുരുശിഷ്യ ബന്ധം ഇന്ന് അന്യമാക്കുകയാണ്. എവിടെയും ഇരുട്ട് പരക്കുകയാണ്. വെളിച്ചമേകേണ്ട ഗുരുനാഥന്‍ എന്ന വാക്ക് തന്നെ അന്യമാകുന്നു.
ഓരോരോ പരിഷ്‌കാരങ്ങളിലൂടെ കുട്ടിയില്‍ നിന്ന് അധ്യാപകനെ മാറ്റിനിര്‍ത്തിയ കാലത്താണ് പുതിയ അധ്യയന വര്‍ഷങ്ങള്‍ കടന്നുപോകുന്നത്. അധ്യാപക കേന്ദ്രീകൃതമായിരുന്ന ക്ലാസ് സംമ്പ്രദായത്തില്‍ നിന്ന് വിദ്യാര്‍ഥി കേന്ദ്രീകൃതമായ പുതിയ സമ്പ്രദായത്തിലേക്ക് മാറിയ പരിഷ്‌കാരം ഇതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
കുറെ വര്‍ഷക്കാലം അധ്യാപക മേഖലയില്‍ ജോലി ചെയ്ത നിരവധി അധ്യാപകരോട് ഇക്കാര്യം ചോദിച്ചു. ഇപ്പോള്‍ സ്‌കൂളിലും ക്ലാസിലും എന്താണ് റോള്‍? സത്യത്തില്‍ അത് എന്താണെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത വിധം അകറ്റപ്പെട്ട് കിടക്കുകയാണെന്നാണ് പലരുടെയും സങ്കടകരമായ മറുപടി. ഇക്കാലത്ത് അധ്യാപകനെ ടീച്ചര്‍ എന്ന് വിളിക്കുന്നത് പോലും ശരിയല്ല. ഫെസിലിറ്റേറ്റര്‍ ആണത്രെ യോജിക്കുന്ന പേര്. അതായത് വിദ്യാര്‍ഥിക്ക് പഠന സൗകര്യമൊരുക്കുന്ന ഫെസിലിറ്റേറ്റര്‍. അതിന് അധ്യാപകന്‍ വേണോയെന്ന് വേറെ ചോദ്യം.
ഇന്ന് നമ്മുടെ ക്ലാസ് മുറിയില്‍ അധ്യാപകന്റെ ബോധനം കുറവല്ലേ? പകരം കുട്ടികള്‍ സ്വയം അറിവ് നിര്‍മിക്കുന്നു എന്ന് അവകാശപ്പെടുന്ന രീതികളാണ് അവലംബിക്കുന്നത്. ജോണ്‍ഡ്യൂയി, ജീന്‍ പിയാഷെ, വൈഗോഡ്‌സ്‌കി തുടങ്ങിയവരുടെ സാമൂഹിക ജ്ഞാന നിര്‍മിതി വാദം, ഉദ്ഗ്രഥിത പഠനം, പ്രശ്‌നാധിഷ്ഠിത സമീപനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള പാഠ്യപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതനുസരിച്ച് ചര്‍ച്ചകളിലൂടെയും കുറിപ്പെഴുതിയും അസൈന്‍മെന്റും പ്രൊജക്ടുമൊക്കെയായിട്ടുള്ള പഠന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇവിടെ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കലോ വിഷയങ്ങളെ കണ്‍ക്ലൂഡ് ചെയ്യലോ ഒക്കെയാണ് ടീച്ചറുടെ ജോലി. ഇത്രമതിയോ അധ്യാപകന്റെ കര്‍ത്തവ്യം?
പ്രശ്‌നങ്ങള്‍ എന്തെന്നറിയാതെ കുട്ടികളെ വളര്‍ത്താനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്. ജീവിത നിലവാരം ഉയര്‍ന്നപ്പോള്‍ കുട്ടികള്‍ പ്രയാസമെന്തെന്ന് അറിയാതെയായി. അല്ലെങ്കില്‍ ദുരഭിമാനത്തിന്റെ പേരില്‍ അറിയിക്കാതെയായി. ഉണ്ണാനില്ലെങ്കിലും സാമ്പത്തികമായി പ്രയാസം നേരിട്ടാലും അതൊന്നും കുട്ടികള്‍ അറിയേണ്ടെന്നതാണ് വലിയ കാര്യമായി ചില മാതാപിതാക്കളെങ്കിലും ചിന്തിക്കുന്നത്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട് തുടങ്ങുമ്പോഴാണ് കുട്ടികളും മാറി ചിന്തിക്കുന്നത്. ചോദിക്കുന്ന സമയങ്ങളിലെല്ലാം പണം നല്‍കുന്നവര്‍ മാത്രമായി പലരും പരിഗണിച്ച് പോരുന്നു. ഒരു കാലത്ത് അത് നിലച്ചുപോകുന്നതോടെ ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിച്ച് തുടങ്ങുന്നു. എത്രത്തോളം ജീവിതബന്ധിതമാണ് നമ്മുടെ വിദ്യാഭ്യാസം? പലപ്പോഴും ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് അകലം പാലിച്ച സിലബസുകളിലെ പാഠഭാഗങ്ങളല്ലേ അവര്‍ പഠിച്ച് കൊണ്ടിരിക്കുന്നത്?
ജീവിതത്തിലെ നല്ല ഒരു ഭാഗം സ്‌കൂളില്‍ ചെലവഴിക്കുന്നവരാണല്ലോ നമ്മുടെ കുട്ടികള്‍. എന്നിട്ടും അവരെ ജീവിതം പഠിപ്പിക്കാന്‍ നമ്മുടെ അധ്യാപകര്‍ക്ക് സാധിക്കാതെ പോകുകയല്ലേ ചെയ്യുന്നത്.
യഥാസമയം സിലബസ് തീര്‍ക്കുകയും കുറെ എ പ്ലസ് വാങ്ങി കൊടുക്കാന്‍ സഹായിക്കുകയും മാത്രമല്ല അധ്യാപനം. അതൊരു കഴിവ് തന്നെയാണ്. ചെറുതായി കാണാനാകാത്ത കഴിവ്. കൂട്ടത്തില്‍ കുട്ടികളെ സ്‌നേഹിക്കാനും അവന് ഒരു സഹരക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് നേര്‍ വഴിയിലേക്ക് നയിക്കാനും ശ്രമിക്കുന്ന വലിയ സാമൂഹിക ഉത്തരവാദിത്തം അധ്യാപക സമൂഹത്തിനുണ്ട്. വിദ്യാര്‍ഥികളില്‍ ശുഭാപ്തി വിശ്വാസം ഉണ്ടാകേണ്ട വലിയ ഉത്തരവാദിത്തമുള്ള കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ചെറിയ കാര്യങ്ങളെ പോലും സെന്‍സിറ്റീവായി പരിഗണിക്കുന്ന ഒരു വലിയ വിഭാഗം പുതിയ തലമുറയിലുണ്ട്. ചെറിയ തോല്‍വികളെ പോലും പലര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല.
ജീവിത പ്രശ്‌നങ്ങളോട് പൊരുതാനുള്ള ആര്‍ജവം നമ്മുടെ കുട്ടികളില്‍ വളര്‍ത്തിയെടുക്കണം.ജീവിതം പൊരുതാനുള്ളതാണ്. ചെറുപ്പ കാലത്തില്‍ മന്ദബുദ്ധി എന്ന് പരിഹസിച്ച് തള്ളിയ തോമസ് ആല്‍വാ എഡിസന്റെ ജീവിതം അതാണ് പറയുന്നത്. ബള്‍ബ് കണ്ടുപിടിക്കാന്‍ വേണ്ടി ആയിരത്തിലേറെ വസ്തുക്കളില്‍ പരീക്ഷണം നടത്തിയിട്ടും എഡിസണ്‍ ആ ഉദ്യമം ഉപേക്ഷിച്ചില്ല. കണ്ടുപിടിക്കുന്നത് വരെ അത് തുടര്‍ന്നു.
22 മക്കളില്‍ ഇരുപതാമത്തെ കുട്ടിയായി എഡ്-ബ്ലാക്ക് ദമ്പതികള്‍ക്ക് ജനിച്ച വില്‍മ റുഡോള്‍ഫ് ചെറുപ്പത്തിലേ പോളിയോബാധിതയായിരുന്നു. നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും തുടര്‍ച്ചയായ ചികിത്സക്കൊടുവില്‍ പന്ത്രണ്ടാം വയസ്സില്‍ ഊന്നുവടിയില്ലാതെ നടക്കാനും 1956ലെയും 1960ലെയും ഒളിമ്പിക്‌സുകളില്‍ നൂറുമീറ്റര്‍ ഓട്ടം, ഇരുനൂറുമീറ്റര്‍ ഓട്ടം, നൂറുമീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അമേരിക്കന്‍ കായികതാരം വില്‍മ റുഡോള്‍ഫിന്റെ ജീവിതമെല്ലാം പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും പാഠങ്ങളാണ് നമുക്ക് നല്‍കുന്നത്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സ്‌കൂളിലെ മോശം കുട്ടിയായിരുന്നുവത്രേ. ഗണിത ശാസ്ത്രത്തില്‍ മോശമായിരുന്നതിനാല്‍ നിരവധി തവണ പ്രധാനധ്യാപകനില്‍ നിന്ന് ചൂരല്‍ പ്രയോഗം ഏല്‍ക്കേണ്ടി വന്ന കുട്ടിയായിരുന്നു പിന്നീട് ബ്രിട്ടിഷ് പ്രധാനമന്ത്രിയായ വിണ്‍സ്റ്റണ്‍ ചര്‍ച്ചില്‍.
പാഠ്യവിഷയങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന് എ പ്ലസ് വാങ്ങി കൊടുത്തവരെ ആയിരിക്കില്ല വിദ്യാര്‍ഥികള്‍ പില്‍ക്കാലത്ത് ഓര്‍ക്കുക. .ജീവിതത്തെ മാറ്റിമറിച്ച ശീലങ്ങള്‍, ചിന്തകള്‍ അവര്‍ക്ക് പകര്‍ന്ന് നല്‍കിയവരായിരിക്കും ഓര്‍ക്കപ്പെടുക. അവര്‍ തികച്ചും അനതിസാധാരണമായി അധ്വാനിച്ചവരായിരിക്കും. ശമ്പളത്തിനപ്പുറം മാനസിക സംതൃപ്തി നേടുന്നതിലായിരിക്കും അവരുടെ ശ്രദ്ധ.
തന്റെ കുട്ടിയെ പഠിപ്പിക്കുന്ന അതേ വികാരത്തില്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ തയ്യാറാണോ? തീര്‍ച്ചയായും വലിയ സാമൂഹിക മാറ്റം ഉണ്ടാകും. 2013ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ പരാമര്‍ശിച്ചപ്പോലെ അധ്യാപന്‍ മെന്റര്‍ കൂടിയായി മാറട്ടെ. ഗ്രീക്ക് ഇതിഹാസമായ ഒഡീസിയാണ് മെന്റര്‍ എന്ന പദം പരിചയപ്പെടുത്തുന്നത്. യുദ്ധത്തിന് പോയപ്പോള്‍ ഓഡീസിയസ് രാജാവ് തന്റെ മകനെ അടുത്ത സുഹൃത്തായ മെന്ററെ ഏല്‍പ്പിച്ചു. രാജാവ് തിരിച്ചുവന്നപ്പോഴേക്കും മകന്‍ പ്രതിഭാധനനായി മാറിയിരുന്നു.മെന്റര്‍ നല്‍കിയ ശിക്ഷണമാണ് അതിന് കാരണമായത്. പുതിയ പാഠ്യപദ്ധതി അധ്യാപക സമൂഹത്തോട് നിഷ്‌കര്‍ഷിക്കുന്നതും മെന്ററായി മാറാനാണ്. തന്റെ മുമ്പിലിരിക്കുന്ന കുട്ടികള്‍ക്ക് ഭയവും സങ്കോചവുമില്ലാതെ കാര്യങ്ങള്‍ പറയാന്‍ സാധിക്കട്ടെ. അവരുടെ കഴിവുകള്‍ കണ്ടറിഞ്ഞ് കുറവുകള്‍ കഴിയും വിധം നികത്തി ഒരു സാമൂഹിക മാറ്റത്തിന് ഭാഗമാക്കാന്‍ അധ്യാപക സമൂഹത്തിന് സാധിക്കട്ടെ.

---- facebook comment plugin here -----

Latest