Connect with us

National

ഝാര്‍ഖണ്ഡില്‍ പോലീസുമായി ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മേദിനിനഗര്‍: ഝാര്‍ഖണ്ഡില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പലമാവ് ജില്ലയില്‍പ്പെട്ട ബക്കോറിയ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് എസ് പി മയൂര്‍ പട്ടേല്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മാവോയിസ്റ്റുകളും പോലീസും തമ്മില്‍ നേരിട്ടുള്ള വെടിവെപ്പ് നടന്നത്.
മാവോവാദികള്‍ ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസും കോബ്രാ ബറ്റാലിയനും ബക്കോറിയയില്‍ എത്തിയത്. പോലീസ് സംഘത്തെ കണ്ടയുടനെ മാവോയിസ്റ്റുകള്‍ വാഹനത്തില്‍ നിന്നിറങ്ങി വെടിവെപ്പ് തുടങ്ങുകയായിരുന്നെന്ന് എ ഡി ജി പി. എന്‍ പ്രധാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് 12 പേര്‍ കൊല്ലപ്പെട്ടത്. രണ്ട് വാഹനങ്ങളിലായാണ് മാവോയിസ്റ്റുകള്‍ സഞ്ചരിച്ചത്. ഒരു വാഹനത്തിലുള്ളവര്‍ ഓടിച്ചുപൊയെന്നും രണ്ടാമത്തെ വാഹനത്തിലുള്ളവരാണ് പോലീസിന് നേരെ വെടിയുതിര്‍ത്തതെന്നും എ ഡി ജി പി പറഞ്ഞു.
സി പി ഐ (മാവോയിസ്റ്റ്) സംഘടനയിലെ ഫയറിംഗ് സ്‌ക്വാഡില്‍ പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ നിന്ന് എട്ട് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പോലീസ് സംഘത്തിന് നേരെ നടന്നതാണ് അടുത്തിടെ ഝാര്‍ഖണ്ഡില്‍ ഉണ്ടായ വലിയ മാവോയിസ്റ്റ് ആക്രമണം. അന്ന് ആറ് പോലീസുകാര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

Latest