Connect with us

Kannur

സംസ്ഥാനത്ത് അടുത്തമാസം മുതല്‍ കെ എസ് ആര്‍ ടി സിയുടെ ജൈവരഥം

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ ജൈവ വൈവിധ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ജൈവൈവവിധ്യ ബോര്‍ഡും കെ എസ് ആര്‍ ടി സിയും ചേര്‍ന്ന് ജൈവവൈവിധ്യ രഥം നിരത്തിലിറക്കുന്നു. കെ എസ് ആര്‍ ടി സി ബസ് പരിഷ്‌കരിച്ചു നിര്‍മിക്കുന്ന ജൈവവൈവിധ്യ രഥത്തില്‍ ലോകത്തെയും ഇന്ത്യയിലെയും കേരളത്തിലെയും മാതൃകകളാണ് ഒരുക്കുക. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കും വിധമാണ് രഥ സംവിധാനം. ഉള്ളിലെ എഴുത്തുകളെല്ലാം മലയാളത്തിലായിരിക്കും. ഓരോ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം രഥം പര്യടനം നടത്തുന്നതാണ്. ഓരോ സ്ഥാപനത്തിലെത്തുമ്പോഴും അവിടെയുള്ള വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാവുന്ന പാരസ്പര്യ പരിപാടികളും മത്സരങ്ങളും ജൈവവൈവിധ്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ നടക്കും. രഥമെത്തുന്ന ദിവസങ്ങളില്‍ വിദ്യാലയ കോമ്പൗണ്ടില്‍ ജൈവവൈവിധ്യ പാനലുകളുടെ പ്രദര്‍ശനവുമുണ്ടാകും. ബസിനുള്ളിലെ പ്രദര്‍ശനം വിവരിക്കാന്‍ പരിശീലനം സിദ്ധിച്ച ഒരു വളണ്ടിയര്‍ ജൈവവൈവിധ്യ രഥത്തെ അനുഗമിക്കും. ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും കാണിക്കുന്ന സംവിധാനമുള്‍പ്പെടെ ആധുനിക രീതിയിലാണ് രഥം ഒരുക്കിയിരിക്കുന്നത്. ബോര്‍ഡ് തയ്യാറാക്കിയ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യും. വനം- പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ സംരംഭം തുടങ്ങുന്നത്. അടുത്തമാസം മുതലാണ് സംസ്ഥാനത്ത് രഥം പര്യടനം നടത്തുക.

Latest