Connect with us

Kerala

അരുവിക്കര ജയം ഉറപ്പ്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അരുവിക്കര ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കുമെന്ന് മുഖ്യമന്ത്രി. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസും യു ഡി എഫും അവിടെ ഒറ്റക്കെട്ടാണ്. ജനങ്ങളും ഒറ്റക്കെട്ടായി യു ഡി എഫിനൊപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിഷമം ഞങ്ങള്‍ക്ക് അറിയാം. അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ഥി എം വിജയകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ചെയ്യാനാകാത്തതാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. അതാണ് അവരുടെ വിഷമം. ഏത് സാഹചര്യത്തിലും എന്തുവിലകൊടുത്തും വിഴിഞ്ഞം പദ്ധതി നടപ്പാക്കും. നല്ലത് നടക്കുന്നതിനെ എതിര്‍ക്കുന്നതാണ് ഇടതുപക്ഷത്തിന്റെ രീതി.
വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ പഴയകാലചരിത്രം അവര്‍ ആവര്‍ത്തിക്കുകയാണ്. കമ്പ്യൂട്ടര്‍, നെടുമ്പാശേരി വിമാനത്താവള പദ്ധതി, സ്വാശ്രയ കോളജ് വിഷയങ്ങളിലെല്ലാം അവര്‍ എതിര്‍പ്പാണ് ആദ്യം കാട്ടിയത്. ആ സമീപനത്തില്‍ നിന്ന് അവര്‍ മാറിക്കാണുമെന്നാണ് തങ്ങള്‍ കരുതിയത്. വിഴിഞ്ഞത്തിന്റെ കാര്യത്തിലും അവര്‍ മറ്റ് വിഷയങ്ങളിലെന്ന പോലെ പിന്നീട് നിലപാട് തിരുത്തും. അത് എപ്പോഴെന്നേ അറിയാനുള്ളൂ മുഖ്യമന്ത്രി പരിഹസിച്ചു.
വിഴിഞ്ഞം പദ്ധതി കരാറും അരുവിക്കര തിരെഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല. അവിടെ അതിന്റെയൊന്നും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest