Connect with us

Gulf

അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം 24 മുതല്‍

Published

|

Last Updated

അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

അബുദാബി: മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഖുര്‍ആന്‍ മത്സരം ഈ മാസം 24,25,26 തിയ്യതികളില്‍ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാമത്തെ വര്‍ഷമാണ് ഖുര്‍ആന്‍ മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി വിപുലമായ രീതിയിലാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ പ്രസിഡന്റ് രമേശ് പണിക്കറും ജനറല്‍ സെക്രട്ടറി എം എ സലാമും അറിയിച്ചു.
15,20,25,30 വയസുവരെയും, ജനറല്‍ വിഭാഗത്തിലുമാണ് മത്സരം. പതിനഞ്ച് വയസ് വരെയുള്ളവര്‍ അഞ്ച് വാള്യത്തിലും 20 വരെയുള്ളവര്‍ പത്ത് വാള്യത്തിലും 25 വരെയുള്ളവര്‍ 15 വാള്യവും, 30 വരെയുള്ളവര്‍ ഖുര്‍ആനിന്റെ ഏത് ഭാഗത്ത് നിന്നുമാണ് പാരായണം ചെയ്യേണ്ടത്. ജനറല്‍ വിഭാഗത്തില്‍ വിധി കര്‍ത്താക്കള്‍ ഏത് ഭാഗത്ത് നിന്നും ചോദിച്ചാലും പാരായണം ചെയ്യണം.
മതകാര്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തില്‍ നടത്തുന്ന മത്സരത്തിന് മതകാര്യവകുപ്പാണ് വിധി കര്‍ത്താക്കളെയും തീരുമാനിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ജൂണ്‍ 20ന് മുമ്പായി പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് ഫോട്ടോ എന്നിവ സഹിതം അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പുരുഷന്മാര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിയുക. കഴിഞ്ഞ വര്‍ഷം വിവിധ വിഭാഗത്തിലെ വിജയികള്‍ക്ക് 80,000 ദിര്‍ഹമാണ് സമ്മാനം നല്‍കിയിരുന്നത്. ഈ വര്‍ഷം ഇത് ഒരു ലക്ഷം കവിയുമെന്ന് ജനറല്‍ സെക്രട്ടറി സലാം വ്യക്തമാക്കി.
യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ജീവിതത്തിലൂടെ കടന്ന് പോകുന്ന ഫോട്ടോ പ്രദര്‍ശനം റമസാന്‍ 19ന് സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് രമേഷ് പണിക്കര്‍, ജനറല്‍ സെക്രട്ടറി എം എ സലാം, ബാവ ഹാജി, അബ്ദുല്ല ഹസന്‍ അല്‍ കൂരി, അബ്ദുല്‍ നാസര്‍ മുഹമ്മദ് യൂസുഫ് അല്‍ സെഹ്‌ലി, മുഹമ്മദ് മുഹ്‌സിന്‍, ഗോഡ് ഫ്രെത്തന്റണി, റഫീഖ് കയനിയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest