Connect with us

Gulf

അശോഭാ ചുഴലിക്കാറ്റ്: മുന്‍കരുതലിന് പോലീസിന്റെ പ്രത്യേക യോഗം

Published

|

Last Updated

കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് കല്‍ബ കോര്‍ണീഷില്‍ വെള്ളം കയറിയപ്പോള്‍
ചിത്രം: അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി

ഷാര്‍ജ: അശോഭാ ചുഴലിക്കാറ്റിനെതിരെ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഷാര്‍ജ പോലീസ് പ്രത്യേക യോഗം ചേര്‍ന്നു. പോലീസിന്റെ കിഴക്കന്‍ പ്രവിശ്യാ അസി. ഡയറക്ടര്‍ കേണല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിറിന്റെ അധ്യക്ഷതയിലാണ് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നത്.
അറബിക്കടലില്‍ രൂപപ്പെട്ട അശോഭാ എന്ന് പേരിട്ട ചുഴലിക്കാറ്റ് ഇന്ന് ഒമാന്‍ തീരങ്ങളിലെത്തുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലീസിലെ ഉന്നത സംഘം ഒത്തുചേര്‍ന്നത്. പോലീസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദേശീയ ദുരന്ത നിവാരണ സേന, തീരരക്ഷാ സേന, സിവില്‍ ഡിഫന്‍സ്, ഷാര്‍ജ ചാരിറ്റി, നഗരസഭ, ഖോര്‍ഫുകാന്‍ ഹോസിപിറ്റല്‍, പോലീസിലെ സെക്യൂരിറ്റി മീഡിയ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
അശോഭാക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. കല്‍ബ, ഖോര്‍ഫുകാന്‍, ഹിസ്ന്‍ ദിബ്ബ എന്നിവിടങ്ങളിലെ കടലോര പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയുള്‍പെടെയുള്ള അവശ്യ സേവന വിഭാഗങ്ങളെ മുന്‍കരുതലെന്നോണം വിന്യസിപ്പിക്കും. ചുഴലിക്കാറ്റിനെ പേടിക്കേണ്ട യാതൊരു സാഹചര്യവും രാജ്യത്തെ കടലോര പ്രദേശങ്ങളിലില്ല. കാലാവസ്ഥാ കേന്ദ്രവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബിന്‍ ആമിര്‍ പറഞ്ഞു. പോലീസിന്റെയും മറ്റു സേനകളുടെയം ഇടപെടല്‍ ആവശ്യമാകുന്ന ഘട്ടത്തില്‍ രംഗത്തിറങ്ങാന്‍ എല്ലാ വിഭാഗവും തയ്യാറായിട്ടുണ്ടെന്നും ബിന്‍ ആമിര്‍ വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുള്ളത് മാത്രമേ വിശ്വസിക്കാവൂയെന്നും അടിസ്ഥാന രഹിതവും അടിത്തറയില്ലാത്തതുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ച് ഭീതി പടര്‍ത്തരുതെന്നും ബിന്‍ ആമിര്‍ പൊതുജനങ്ങളോടഭ്യര്‍ഥിച്ചു.