Connect with us

International

സിറിയയില്‍ വാതക പൈപ്പ്‌ലൈന്‍ ഇസില്‍ തകര്‍ത്തു

Published

|

Last Updated

ബെയ്‌റൂത്ത്: കിഴക്കന്‍ സിറിയയില്‍ നിന്ന് തലസ്ഥാനമായ ദമസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ഇസില്‍ തീവ്രവാദികള്‍ തകര്‍ത്തു. അര്‍ധ രാത്രി സിറിയന്‍ തീവ്രവാദികള്‍ സെന്‍ട്രല്‍ ഹോംസ് പ്രവിശ്യയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ടി-4 സൈനിക വിമാനത്താവളത്തിനടുത്തുള്ള വാതക പൈപ്പുകള്‍ തകര്‍ത്തതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞു. തകര്‍ത്ത പൈപ്പ്‌ലൈനുകള്‍ ദമസ്‌കസിന്റെ പരിസര പ്രദേശങ്ങളിലെ വൈദ്യതിയുല്‍പാദനത്തിനും വീടുകളിലെ പാചകാവശ്യങ്ങള്‍ക്കുമായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് മനുഷ്യാവകാശ നിരീക്ഷക മേധാവി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. സിറിയയിലെ നിരവധി എണ്ണപ്പാടങ്ങളും പ്രകൃതി വാതക കേന്ദ്രങ്ങളും ഇസില്‍ പിടിച്ചടക്കിയിട്ടുണ്ട്. പുരാതന നഗരമായ പാല്‍മിറയില്‍ ഇസില്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടയിലാണ് കൂടുതലും പിടിച്ചടക്കിയത്. വാതക ഉറവിടങ്ങള്‍ വളരെ കുറവായതിനാല്‍ ഭരണകൂടത്തിന്റെ വാതക വിതരണത്തിനുള്ള ഏതൊരു നടപടിയും വളരെ പ്രധാനമാണെന്ന് അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
ഇസില്‍ പിടിച്ചടക്കിയ എണ്ണപ്പാടങ്ങളും വാതക ഉറവിടങ്ങളും വരുമാനത്തിനുള്ള മാര്‍ഗങ്ങളായിട്ടാണ് ഉപയോഗിക്കുന്നത്.
ഭരണകൂടത്തിന്റെ പ്രധാന ഊര്‍ജോല്‍പാദന വിഭവങ്ങള്‍ നശിപ്പിക്കലാണ് വാതക പൈപ്പലൈനുകള്‍ തകര്‍ക്കല്‍ കൊണ്ട് ഇസില്‍ ലക്ഷ്യമിടുന്നത്. മെയ് 21നാണ് സിറിയന്‍ സേനയില്‍ നിന്നും പൂര്‍ണമായും പാല്‍മിറ ഇസില്‍ പിടിച്ചടക്കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാല്‍മിറക്കടുത്തുള്ള പ്രദേശങ്ങളും ഇവര്‍ കീഴടക്കിയിരുന്നു.