Connect with us

Editorial

പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളിലേക്ക്

Published

|

Last Updated

സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദമായിരിക്കയാണ്. സര്‍ക്കാര്‍ അച്ചടി വകുപ്പിന്റെ കീഴിലുള്ള കാക്കനാട്ടെ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍(കെ ബി പി എസ് ) അടുത്ത സമയത്തൊന്നും അച്ചടി പൂര്‍ത്തിയാക്കി സ്‌കൂളുകളില്‍ പുസ്തകമെത്തിക്കാനാകാത്ത സാഹചര്യത്തിലാണ് സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കേണ്ടി വന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. മെയ് 15 നുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയോടെയാണ് ഈ വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടി കെ ബി പി എസിനെ ഏല്‍പ്പിച്ചതത്രെ. കൃത്യസമയത്ത് അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് വളരെ വൈകി ഏപ്രില്‍ 29 നാണ് അവര്‍ അറിയിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് കുറ്റപ്പെടുത്തുന്നു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഓര്‍ഡര്‍ വൈകിയതും അച്ചടി സാമഗ്രികള്‍ യഥാസമയം നല്‍കാത്തതുമാണ് അച്ചടി വൈകാന്‍ കാരണമെന്നാണ് കെ ബി പി എസിന്റെ വിശദീകരണം. പാഠപുസ്തകങ്ങള്‍ക്ക് ആഗസ്റ്റില്‍ നല്‍കേണ്ട ഓര്‍ഡര്‍ സര്‍ക്കാര്‍ നല്‍കിയത് ഒക്ടോബര്‍ 28നാണ്. ഒക്‌ടോബറില്‍ എത്തിക്കേണ്ട അച്ചടിക്കാവശ്യമായ റീല്‍ പേപ്പര്‍ പ്രസില്‍ ലഭിച്ചത് 2015 ഫെബ്രുവരി 10നും. രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ മാറ്റമുള്ള പാഠപുസ്തകങ്ങളുടെ ഉള്ളടക്കം അടങ്ങിയ സി ഡി ജനുവരിയില്‍ നല്‍കേണ്ടതായിരുന്നു. എസ് ഇ ആര്‍ ടി ഏപ്രില്‍ അവസാനത്തോടെയാണ് അത് നല്‍കിയത്. ഇന്‍ഡെന്‍ഡിംഗ് ചെയ്യേണ്ട ഐ ടി അറ്റ് സ്‌കൂളും നടപടികള്‍ ഒരുമാസം വൈകിപ്പിച്ചു. നവംബറില്‍ അച്ചടി ആരംഭിച്ചെങ്കില്‍ മാത്രമേ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനാകൂ. 2.72 കോടി പാഠപുസ്തകങ്ങള്‍ക്കുള്ള കരാറാണ് കെ ബി പി എസിനു നല്‍കിയത്. ഇവയുടെ അച്ചടി തുടങ്ങാന്‍ താമസിച്ചപ്പോള്‍ തന്നെ യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് പ്രസ്മാനേജ്‌മെന്റ് അറിയിച്ചിരുന്നുവത്രെ. മറ്റു സര്‍ക്കാര്‍ പ്രസുകളില്‍ കൂടി അച്ചടി നടത്താന്‍ തീരുമാനമാകുന്നത് പിന്നെയും വളരെ വൈകിയാണ്. ഇതടിസ്ഥാനത്തില്‍ 60.38 ലക്ഷം പുസ്തകങ്ങള്‍ ഷൊര്‍ണൂര്‍, വാഴൂര്‍, മണ്ണന്തല സര്‍ക്കാര്‍ പ്രസുകളില്‍ ഏല്‍പ്പിച്ചെങ്കിലും ഏല്‍പ്പിച്ചതിന്റെ പകുതി പുസ്തകങ്ങള്‍ അച്ചടിച്ചു നല്‍കാന്‍ പോലും ഈ പ്രസുകള്‍ക്കു കഴിഞ്ഞില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പയുന്നത്. അച്ചടി വകുപ്പ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. കുറ്റം സര്‍ക്കാര്‍ പ്രസുകളുടെ മേല്‍ ചുമത്തി അച്ചടി സ്വകാര്യ ലോബിയെ ഏല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ചിലര്‍ നടത്തിയ നാടകമായിരുന്നു ഓര്‍ഡര്‍ നല്‍കുന്നതിലും മറ്റും വരുത്തിയ കാലതാമസമെന്നാണ് അവരുടെ ആരോപണം. വിദ്യാഭ്യാസ വകുപ്പിനും അച്ചടി വകുപ്പിനും രണ്ട് സ്വരം.
സ്‌കൂളുകളില്‍ പാഠപുസ്തകമെത്താന്‍ വൈകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ കൊല്ലം വാര്‍ഷിക പരീക്ഷക്ക് തൊട്ടുമുമ്പാണ് ചില പുസ്തകങ്ങള്‍ വിദ്യാര്‍ഥികളുടെ കരങ്ങളിലെത്തുന്നത്. ഇക്കാര്യത്തില്‍ തുടരെത്തുടരെ വീഴ്ചകള്‍ സംഭവിച്ചിട്ടും അത് പരിഹരിക്കാനുള്ള ജാഗ്രത്തായ ശ്രമം എന്തുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് കാണിക്കാത്തത്? പാഠപുസ്തക അച്ചടി അഴിമതിക്കുള്ള വകുപ്പാക്കി മാറ്റുകയാണ് വിദ്യാഭ്യാസ വകുപ്പെന്ന പരാതിയെ സാധൂകരിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളെല്ലാം. അത്യാധുനിക യന്ത്രസംവിധാനങ്ങളുള്ള പ്രസുകള്‍ പൊതുമേഖലയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അത് പ്രയോജനപ്പെടുത്താനാകുന്നില്ല? അവര്‍ക്ക് അച്ചടിക്കരാര്‍ കൊടുക്കാനും മില്ലുകളില്‍ നിന്ന് പേപ്പര്‍ വാങ്ങി നല്‍കാനും കാലതാമസം നേരിടുന്നതെന്ത് കൊണ്ടാണ്? ഇത്തവണ ധനകാര്യ വകുപ്പിലെ ചിലര്‍ക്ക് കമ്മീഷന്‍ വിഹിതം കിട്ടാത്തതാണ് പേപ്പറിന് ഓര്‍ഡര്‍ നല്‍കാന്‍ താമസം നേരിട്ടതിന് കാരണമെന്നാണ് വിവരം. മുന്‍വര്‍ഷങ്ങളില്‍ കടലാസ് വാങ്ങിയിരുന്ന ആന്ധ്രയിലെ “ഡെല്‍റ്റ” കമ്പനിയെ ഒഴിവാക്കി കോയമ്പത്തൂരിലെ “സര്‍വലക്ഷ്മി”ക്കാണ് ഈ വര്‍ഷം പേപ്പറിന് ടെന്‍ഡര്‍ കൊടുത്തത്. ഡെല്‍റ്റയുടെ പേപ്പറിന് നിലവാരം കുറവായതും ക്വട്ടേഷന്‍ തുക ആറ് കോടി രൂപ അധികമായതുമാണ് അവരെ ഒഴിവാക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ധനവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലത്രെ. പാഠപുസ്തകങ്ങളുടെ അച്ചടിക്കുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ തടഞ്ഞുവെച്ചാണ് അവര്‍ അരിശം തീര്‍ത്തത്. ധനകാര്യ വകുപ്പിന്റെ ഉടക്കും നിസഹകരവും പലപ്പോഴും സംസ്ഥാനത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാറുണ്ട്. പഠന സമീപനത്തിലും പുസ്തകങ്ങളുടെ ഉള്ളടക്കത്തിലും ഈ വര്‍ഷം കാതലായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നിരിക്കെ പുസ്തകങ്ങള്‍ എത്താന്‍ വൈകുന്നത് പഠനനിലവാരത്തെ ബാധിക്കും. അക്കാദമിക മികവ് ലക്ഷ്യം വെച്ച് സിലബസ് പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ പുസ്തകങ്ങള്‍ കൃത്യസമയത്ത് എത്തിക്കാനുള്ള കര്‍ക്കശ നടപടികളും വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളേണ്ടതുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള ഭിന്നതയും പടലപിണക്കവും വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കാന്‍ ഇടവരുത്തരുത്.

Latest