Connect with us

Ongoing News

പുതുനിരയുമായി മെക്‌സിക്കോ

Published

|

Last Updated

സാന്റിയാഗോ: കോപയില്‍ കോണ്‍കകാഫ് പ്രതിനിധികളായ മെക്‌സിക്കോ ഇന്ന് (ഇന്ത്യന്‍ സമയം നാളെ രാവിലെ 5.00) ബൊളിവിയയെ നേരിടും. ചിലിയിലെ തീരപ്രദേശമായ വിന ഡെല്‍മാറിലെ സൊസാലിറ്റോ സ്റ്റേഡിയത്തിലാണ് മത്സരം.
1993 ല്‍ കോപയില്‍ അരങ്ങേറിയത് മുതല്‍ക്ക് മെക്‌സിക്കോ ആക്രമണഫുട്‌ബോളുമായി സാന്നിധ്യമറിയിക്കുന്നു. ഒരിക്കല്‍ ഫൈനലിലെത്തുകയും ചെയ്തു. ബാറ്റിസ്റ്റ്യൂട്ടയുടെ ഗോളുകളില്‍ അര്‍ജന്റീന ജയിച്ചു കയറിയതോടെ മെക്‌സിക്കോയുടെ കിരീടസ്വപ്‌നം പൊലിഞ്ഞു. 2011 ല്‍ മാത്രമാണ് ഗ്രൂപ്പ് റൗണ്ടില്‍ മെക്‌സിക്കോ പുറത്തായത്. മറ്റ് സന്ദര്‍ഭങ്ങളിലെല്ലാം തന്നെ നോക്കൗട്ട് റൗണ്ടിലെത്തി മെക്‌സിക്കോ കരുത്തറിയിച്ചിട്ടുണ്ട്. ബ്രസീലില്‍ നടന്ന ലോകകപ്പിലും മെക്‌സിക്കോയുടെ പച്ചപ്പട്ടാളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ബ്രസീലും ക്രൊയേഷ്യയും കാമറൂണും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ഏഴ് പോയിന്റുമായി നോക്കൗട്ട് റൗണ്ടിലെത്തി. അവിടെ പക്ഷേ, ഹോളണ്ടിനോട് തോറ്റു. റഫറിയുടെ വിവാദ തീരുമാനത്തിലായിരുന്നു ഹോളണ്ട് ജയിച്ചു കയറിയത്.
ഇത്തവണയും കോച്ച് മിഗ്വേല്‍ ഹെരേര തന്ത്രമൊരുക്കുന്ന മെക്‌സിക്കന്‍ നിര മികച്ച ഫുട്‌ബോള്‍ പുറത്തെടുക്കും. അടുത്ത മാസം യു എസ് എയില്‍ നടക്കുന്ന ഗോള്‍ഡ് കപ്പിനുള്ള തയ്യാറെടുപ്പു കൂടിയാണ് മെക്‌സിക്കോക്ക് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ്. അതേ സമയം ഗോള്‍ഡ് കപ്പ് ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജാവിയര്‍ ഹെര്‍നാണ്ടസ്, ആന്ദ്രെ ഗുര്‍ഡാഡോ, ഹെക്ടര്‍ ഹെരേര, ഡിയഗോ റെയസ്, ഡോസ് സാന്റോസ് സഹോദരന്‍മാര്‍ എന്നിവര്‍ക്കെല്ലാം കോച്ച് മിഗ്വേല്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്.
മിഗ്വേല്‍ ഹെരേര ഭാവി താരങ്ങളെ കണ്ടെത്താനുള്ള വേദിയാക്കുകയാണ് കോപയെ. പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസിനെ മുന്‍നിര്‍ത്തിയാണ് ഹെരേര തന്ത്രം മെനയുന്നത്.
സന്നാഹ മത്സരങ്ങളില്‍ ഗ്വാട്ടിമാലയെ തോല്‍പ്പിച്ചു. പെറുവിനോട് സമനില. ബ്രസീലനോട് തോല്‍വി.
1963 ലെ ചാമ്പ്യന്‍മാരാണ് ബൊളിവിയ. 1997 ലും ഫൈനലിലെത്തി. അന്ന് പക്ഷേ റൊണാള്‍ഡോയുടെ ബ്രസീലിനോട് പരാജയപ്പെട്ടു.
രാജ്യാന്തര ഫുട്‌ബോളില്‍ ബൊളിവിയയുടെ ഭൂരിഭാഗം ജയങ്ങളും ഹോംഗ്രൗണ്ടിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന ലാ പാസ് സ്റ്റേഡിയത്തില്‍ മെസിയുടെ അര്‍ജന്റീനക്ക് പോലും ബൊളിവയയില്‍ നിന്ന് അടിയേറ്റിരുന്നു. കോപ ചിലിയിലാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ നാട്ടിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് ആനുകൂല്യം ബൊളിവിയക്ക് ലഭിക്കില്ല. ഉത്തമദൃഷ്ടാന്തമെന്നോണം കഴിഞ്ഞ അഞ്ച് കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ബൊളിവിയക്ക് ഒരു ജയം പോലും ഇല്ല. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ ക്യാമ്പയിനില്‍ പതിനാറ് കളികളില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്.
മൗറിസിയോ സോറിയ പരിശീലിപ്പിക്കുന്ന ബൊളിവിയ ഒരു സന്നാഹ മത്സരം മാത്രമാണ് കളിച്ചത്. അതാകട്ടെ കോപയിലെ കിരീട ഫേവറിറ്റായ അര്‍ജന്റീനയോട്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു തോറ്റത്. മെസി കളിച്ചിരുന്നില്ല. സെര്‍ജിയോ അഗ്യുറോയുടെ ഹാട്രിക്കായിരുന്നു ബൊളിവിയയെ നാണം കെടുത്തിയത്. കഴിഞ്ഞ നാല് മത്സരത്തിനിടെ ബൊളിവിയയുടെ മൂന്നാമത്തെ കോച്ചാണ് സോറിയ. കോപ അമേരിക്കയില്‍ വലിയ നാണക്കേട് സംഭവിച്ചാല്‍ സോറിയയും തെറിക്കും.

ടീം ന്യൂസ് : മെക്‌സിക്കോയുടെ മൂന്ന് പേരടങ്ങുന്ന ഡിഫന്‍സിന്റെ കേന്ദ്രബിന്ദുവാണ് മുപ്പത്താറുകാരനായ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ്. ഹെര്‍നാണ്ടസിന്റെ അഭാവത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ റൗള്‍ ജിമിനെസിലാണ് മിഗ്വേല്‍ ഹെരേര ഗോളടിപ്രതീക്ഷ വെക്കുന്നത്. മാര്‍കോ ഫാബിയന്‍, ജീസസ് കൊറോണ, മരിയോ ഒസുന എന്നിവര്‍ ആദ്യ ലൈനപ്പിലുണ്ടാകും.
ബൊളിവിയയുടെ ആക്രമണം നയിക്കുക മാര്‍സലോ മാര്‍ട്ടിന്‍സാകും. പന്ത്രണ്ട് ഗോളുകളാണ് മാര്‍സെലോ ഇതുവരെ നേടിയത്. ദൗര്‍ഭാഗ്യകരമെന്ന് പറയാം രണ്ട് വര്‍ഷമായി മാര്‍ട്ടിന്‍സിന് രാജ്യത്തിനായി ഒരു ഗോള്‍ പോലും നേടാനായിട്ടില്ല.

നേര്‍ക്കുനേര്‍ : പതിനൊന്ന് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഒരിക്കല്‍ മാത്രമാണ് ബൊളിവിയ ജയിച്ചത്. ഒമ്പത് തവണ പരാജയപ്പെട്ടു. ബൊളിവിയയുടെ ഏക ജയം പതിനെട്ട് വര്‍ഷം മുമ്പ് കോപ ചാമ്പ്യന്‍ഷിപ്പിലായിരുന്നു. 3-1നായിരുന്നു ജയം. ഇര്‍വിന്‍ സാഞ്ചസ്, റാമിറോ കാസ്റ്റിലോ, ജമി മൊറേനോ എന്നിവരാണ് ഗോള്‍ നേടിയത്.
മെക്‌സിക്കോ സാധ്യതാ ലൈനപ്പ് : കൊറോണ (ഗോളി), ഡൊമിംഗസ്, മാര്‍ക്വേസ്, അയാള, കോറല്‍, ഒസുന, ഫാബിയന്‍, അല്‍ഡ്രിടെ, ഹെരേര, ജീസസ്, ജിമിനെസ്.

ബൊളിവിയ സാധ്യതാ ലൈനപ്പ്: ക്വുനോനെസ് (ഗോളി), റോഡ്രിഗസ്, ഇഗ്യുനോ, സെന്റെനോ, മൊറാലസ്, ബെജാറനോ, ഗമാറ, എസ്‌കോബാര്‍, ലിസിയോ, സ്‌മെല്‍ബെര്‍ഗ്, മൊറെനോ.