Connect with us

Articles

ഇ-കൊമേഴ്‌സ് പെട്ടിയിലാക്കാന്‍ തപാല്‍ വകുപ്പ്

Published

|

Last Updated

പ്രിയപ്പെട്ടവരുടെ വിവരങ്ങളറിയാന്‍ ഒരു കത്തിനായി പോസ്റ്റുമാനെ കാത്തിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. കാലം മാറി. വിവരങ്ങളും സേവനങ്ങളുമെല്ലാം ഇന്ന് വിരല്‍ത്തുമ്പത്ത് ലഭ്യമാണ്. ഒരു ക്ലിക്ക് അകലെ സേവനവും തങ്ങളുടെ പ്രിയപ്പെട്ട ഉത്പ്പന്നവും കൈമാറാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ഇന്ന് സൈബര്‍ ലോകം. മാറ്റത്തിന്റെ ഈ പുതിയ കാറ്റ് ഉള്‍ക്കൊണ്ട് തപാല്‍ വകുപ്പും ഇ- കൊമേഴ്‌സ് മേഖലയിലേക്ക് കടക്കുകയാണ്. രണ്ട് നൂറ്റാണ്ടിലേറെയായി സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞ് നമുക്കിടയില്‍ നില്‍ക്കുന്ന തപാല്‍ വകുപ്പ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഇ കൊമേഴ്‌സിലേക്ക് ചുവടുവെക്കുന്നത്. അഞ്ചലോട്ടക്കാരന്റെ മണിയൊച്ച കാതങ്ങള്‍ അകലെ മുഴങ്ങുമ്പോള്‍ പണ്ട് ജനങ്ങള്‍ വഴിമാറി നിന്നിരുന്നുവെങ്കില്‍ ഇന്ന് തപാല്‍ വകുപ്പിന്റെ ഇ-കൊമേഴ്‌സ് രംഗപ്രവേശത്തില്‍ ഈ മേഖലയിലെ മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് മാറി നില്‍ക്കേണ്ടി വരുമെന്നാണ് അണിയറ വര്‍ത്തമാനം.
ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ വിതരണ ശൃംഖലകളില്‍ ഒന്നായ ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇ കൊമേഴ്‌സ് രംഗത്തേക്ക് കടക്കുന്നതിലൂടെ ഭാവിയില്‍ ഈ രംഗത്തെ സ്വാധീനശക്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. ആമസോണ്‍, ഫഌപ്കാര്‍ട്ട്, ഇ ബേ പോലുളള കമ്പനികളുടെ മാതൃകയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിതരണ ശൃംഖയായ തപാല്‍ വകുപ്പ് ഇ കൊമേഴ്‌സ് രംഗത്തേക്ക് കടക്കുന്നത്. ആമസോണ്‍, ഇ ബേ, ഫഌപ്കാര്‍ട്ട് മാതൃകയില്‍ പോര്‍ട്ടല്‍ തുടങ്ങാനാണ് തപാല്‍ വകുപ്പിന്റെ പദ്ധതി. ഐ ടി അനുബന്ധ അടിസ്ഥാന വികസനത്തിന്റെ ഭാഗമായാണ് തപാല്‍ വകുപ്പിന്റെ പുത്തന്‍ നീക്കം. 4909 കോടിയുടെ പദ്ധതികളാണ് ഐ ടി അനുബന്ധ അടിസ്ഥാന വികസനത്തിനായി തപാല്‍ വകുപ്പ് വിഭാവനം ചെയ്യുന്നത്. പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി യാഥാര്‍ഥ്യത്തിലേക്കെത്താന്‍ കുറച്ചു മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. ഇതു കൂടാതെ തങ്ങളുടെ വിതരണ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സാധനങ്ങള്‍ കൃത്യസമയത്തിന് വിലാസങ്ങളില്‍ എത്തിക്കാനുമായി വാഹനങ്ങള്‍ വാങ്ങുവാനും തപാല്‍ വകുപ്പിന് 2000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നറിയുമ്പോഴാണ് തപാല്‍ വകുപ്പ് എത്ര ഗൗരവമായാണ് ഈ മേഖലയിലേക്ക് കാല്‍വെക്കാന്‍ ഒരുങ്ങുന്നതെന്ന് നമുക്ക് മനസിലാകുന്നത്. നിലവിലെ ഇ പോര്‍ട്ടല്‍ സംവിധാനത്തിലൂടെ സാധനങ്ങളുടെ വില്‍പ്പനയും വാങ്ങലും സാധ്യമാകുന്ന ഇടമായാകും പോര്‍ട്ടല്‍ അവതരിപ്പിക്കുക.
രണ്ട് നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ച് ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിച്ച് ഇപ്പോഴും ജനങ്ങളുടെ ഇടയില്‍ സജീവമായി നിലനില്‍ക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ വിശ്വാസ്യതയിലൂന്നിയുള്ള ഇടപെടല്‍ ഉറപ്പാക്കുന്ന വിപണന മാര്‍ഗങ്ങളാകും തപാല്‍വകുപ്പ് സ്വീകരിക്കുക. അതിനാല്‍ കൃത്യമായ പരിശോധനക്ക് ശേഷമാകും എന്തെല്ലാം ഉത്പ്പന്നങ്ങള്‍ വില്‍ക്കണമെന്നും ആര്‍ക്കൊക്കെ അതിന് അനുമതി നല്‍കാമെന്നുമുളള കാര്യങ്ങള്‍ തീരുമാനിക്കുക. പൊതുമേഖലാ സ്ഥാപനത്തിന്റെ മൂല്യബോധത്തിലൂന്നി നിന്നാകും ഈ കാഴ്ചപ്പാടുകള്‍ രൂപപ്പെടുക എന്ന് പോസ്റ്റല്‍ സര്‍വീസ് ബോര്‍ഡ് തന്നെ വ്യക്തമാക്കുന്നു. ഇ പോര്‍ട്ടലുമായി ബന്ധപ്പെട്ട്് ഇന്ത്യയുടെ തനത് ഉത്പ്പന്നങ്ങള്‍ക്കാകും മുന്‍ഗണന. ഉദാഹരണമായി ഇന്ത്യയുടെ തനത് ഉത്പ്പന്നങ്ങളായ ഡാര്‍ജിലിംഗ് തേയില, പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ നിന്നുള്ള മാമ്പഴം, കാശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂ തുടങ്ങിയ ഉത്പ്പന്നങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. സ്‌പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, കാഷ്യു ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഗുണമേന്‍മ ഉറപ്പാക്കിയ ഉത്പ്പന്നങ്ങളാകും ഇത്തരത്തില്‍ വിറ്റഴിക്കുകയെന്നും വകുപ്പിനെ ഉദ്ധരിച്ച് പോസ്റ്റല്‍ സര്‍വീസ് ബോര്‍ഡംഗം ജോണ്‍ സാമുവല്‍ വ്യക്തമാക്കുന്നു.
സ്വകാര്യ ഇ കോമേഴ്‌സ് കമ്പനികളായ ഫഌപ്കാര്‍ട്ട്, ആമസോണ്‍ എന്നീ കമ്പനികള്‍ ബില്യന്‍ ഡോളര്‍ ഇടപാടുകളാണ് ഇ കൊമേഴ്‌സ് മാര്‍ക്കറ്റില്‍ നടത്തുന്നത് എന്ന തിരിച്ചറിവില്‍ തന്നെയാണ് തപാല്‍ വകുപ്പ് ശക്തമായ ഇടപെടലിന് തുടക്കമിടുന്നത്. പൊതുമാര്‍ക്കറ്റില്‍ പൊതുമേഖലാ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതാന്‍ തന്നെയാണ് തപാല്‍ വകുപ്പ് പുതിയ സംരഭവുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ മേഖലയിലെ അനുഭവസമ്പത്ത് എന്ന ഘടകം മാറ്റി നിര്‍ത്തിയാല്‍ ഇ കോമേഴ്‌സ് രംഗത്ത് മറ്റു സ്വകാര്യ കമ്പനികളെ കടത്തി വെട്ടാന്‍ ഇന്ത്യാപോസ്റ്റിന്റെ ആവനാഴിയിലുള്ള അസ്ത്രങ്ങള്‍ മറ്റാര്‍ക്കുമില്ല എന്നു വേണം കരുതാന്‍. ഇതില്‍ ഏറ്റവും പ്രധാനം വിതരണ ശൃംഖലയിലുള്ള ആധിപത്യം തന്നെയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലുമടക്കം ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളും 4.6 ലക്ഷം ജീവനക്കാരും തന്നെയാണ് തപാല്‍ വകുപ്പിന്റെ പ്രധാന കരുത്ത്. ഒരു പോസ്റ്റ് ഓഫീസ് ശരാശരി 21.23 സ്‌ക്വയര്‍ കിലോമീറ്ററിനകത്ത് 7000 ജനങ്ങളിലേക്ക് സേവനമെത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ വ്യാപകമായതോടെ ഗ്രാമീണ മേഖലയില്‍ പോലും ഇ കൊമേഴ്‌സിന് വന്‍ പ്രചാരമാണ് ഇപ്പോഴുള്ളത്. മൊത്തം പോസ്റ്റോഫീസുകളില്‍ 90 ശതമാനവും ഗ്രാമപ്രദേശങ്ങളിലുള്ള തപാല്‍ വകുപ്പിന് മറ്റേത് വിതരണ ശൃംഖലയേക്കാളും ഈ മേഖലയില്‍ മേധാവിത്വം സ്ഥാപിക്കാനാകും. അതു കൊണ്ടു തന്നെ നിലവില്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി വിതരണ ശൃംഖല രൂപവത്കരിക്കുന്നതിനേക്കാള്‍ പ്രായോഗികം തപാല്‍ വകുപ്പിനെ ആശ്രിക്കുക എന്നതു തന്നെയാകും. നിലവില്‍ സ്‌നാപ് ഡീല്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 50 മുതല്‍ 70 ശതമാനം വരെയുള്ള ഓര്‍ഡറുകളും ഉത്പ്പന്നം കൈപ്പറ്റിയതിനു ശേഷം പണം നല്‍കുന്ന (ക്യാഷ് ഓണ്‍ ഡെലിവറി) വ്യവസ്ഥയിലുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഈ പറഞ്ഞ കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി 280 കോടിയുടെ ഓര്‍ഡറുകളാണ് തപാല്‍ വകുപ്പ് വിലാസക്കാര്‍ക്ക് എത്തിച്ചത്. ഈ സ്ഥിതിയില്‍ സ്വന്തം ഇ പോര്‍ട്ടല്‍ ആരംഭിക്കുന്നതിലൂടെ ക്യാഷ് ഓണ്‍ ഡെലിവറി വിഭാഗത്തില്‍ ബുക്ക് ചെയ്യുന്ന സാധനങ്ങളുടെ സിംഹഭാഗം വിതരണവും തപാല്‍ വകുപ്പിന് സ്വന്തമാകും. ഇ കൊമേഴ്‌സ് സേവനങ്ങളുടെ സംരക്ഷകന്‍ എന്നതില്‍ നിന്ന് ഇ കോമേഴ്‌സ് സേവനങ്ങളുടെ മേധാവി എന്ന നിലയിലേക്കുള്ള വളര്‍ച്ചയാകും ഈ മേഖലയില്‍ തപാല്‍ വകുപ്പ് ലക്ഷ്യം വെക്കുക.
അടുത്തിടെ ഭേദഗതി ചെയ്ത പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബേങ്ക് ജനറല്‍ റൂള്‍സ് 1981, ഇ പോര്‍ട്ടലിന്റെ കാര്യക്ഷമതക്ക് ആക്കം കൂട്ടും. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബേങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എ ടി എം കാര്‍ഡ് നല്‍കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. കോര്‍ ബാങ്കിംഗ് സൗകര്യമുള്ള ചില പോസ്റ്റ് ഓഫീസുകളില്‍ മാത്രമാണ് പണം പിന്‍വലിക്കാന്‍ എ ടി എം സംവിധാനമുളളത്. എന്നാല്‍ ഇ പോര്‍ട്ടല്‍ പദ്ധതി വരുന്നതോടെ ഈ സംവിധാനം എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാക്കുന്ന തരത്തിലാക്കുവാനാണ് ലക്ഷ്യം. ഈ മേഖലയുടെ വികസനം അടുത്തു നിന്നു വീക്ഷിക്കുന്ന സര്‍ക്കാര്‍, സമീപഭാവിയില്‍ തന്നെ തപാല്‍ മേഖലയെ പൂര്‍ണ രീതിയിലുള്ള ബേങ്കിംഗ് സ്ഥാപനമായി അംഗീകരിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ നിലവില്‍ ലോകത്തെ വലിയ പോസ്റ്റല്‍ ബേങ്കിംഗ് സംവിധാനം കൈയാളുന്ന ജപ്പാനേയും ചൈനയേയും കടത്തി വെട്ടി ഇന്ത്യന്‍ തപാല്‍ വകുപ്പ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബേങ്കിംഗ് പ്ലാറ്റ്‌ഫോമായി മാറുകയും ചെയ്യും. ഒരു വര്‍ഷം മുമ്പ് പുറത്തു വിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 9365 കോടിയുടെ റവന്യൂ വരുമാനമാണ് കൈവരിച്ചിട്ടുള്ളത്. ഇത് തപാല്‍ വകുപ്പിന്റെ സ്വന്തം ആസ്തി നിക്ഷേപങ്ങളുടെ പത്ത് മടങ്ങോളം വരുമെന്നാണ് കണക്കുകള്‍. ബേങ്കിംഗ് മേഖലയിലേക്കുള്ള തപാല്‍ വകുപ്പിന്റെ പ്രവേശനം ഇ കൊമേഴ്‌സുമായി വളരെയടുത്തു നില്‍ക്കുന്ന ഒരു കാര്യമാണ്. ഭാവിയില്‍ തപാല്‍ വകുപ്പിന്റെ ഇ പോര്‍ട്ടലില്‍ വില്‍പ്പനയും വാങ്ങലും നടത്തുന്നവര്‍ക്ക് തപാല്‍ വകുപ്പില്‍ തന്നെ ബേങ്ക് അക്കൗണ്ട് ഉണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ ഇടപാടുകള്‍ക്ക് കൈവരിക്കാവുന്ന വേഗതയും സുതാര്യതയും മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല. വാങ്ങുന്ന ആളും വില്‍ക്കുന്ന ആളും ഒരു പോലെ സുരക്ഷിതരാവുകയും കബളിപ്പിക്കപ്പെടാനുള്ള സാധ്യത വിരളമാവുകയും ചെയ്യുന്നതോടെ മറ്റു കമ്പനികളില്‍ നിന്നും ഏറെ മുന്നേറാന്‍ തപാല്‍ വകുപ്പിനാകും.
വാര്‍ത്താവിനിമയ, ഐ ടി വകുപ്പുകളുടെ കീഴില്‍ വരുന്ന ഇന്ത്യന്‍ തപാല്‍ വകുപ്പിന് പോസ്റ്റല്‍ സര്‍വീസ് ബോര്‍ഡിനു കീഴില്‍ സുസജ്ജമായ ഭരണ സംവിധാനമാണുള്ളത്. ചെയര്‍മാനും ആറ് ബോര്‍ഡ് അംഗങ്ങളുമടങ്ങുന്ന പരമോന്നത സമിതി പേഴ്‌സണല്‍, ഓപറേഷന്‍സ്, ടെക്‌നോളജി, പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, പ്ലാനിംഗ് എന്നീ തലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. തികച്ചും സാമ്പ്രദായികമായ സംവിധാനങ്ങളിലൂടെ ഇന്ത്യയുടെ മുഴുവന്‍ ജനതയുടേയും വിശ്വാസ്യത ആര്‍ജിച്ചെടുത്ത സംവിധാനം, മാറിയ കാലത്ത് പുതിയ സാഹചര്യങ്ങളില്‍ ഡിജിറ്റല്‍ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോള്‍ ഉപഭോക്താക്കള്‍ മറ്റാരേക്കാളും വിശ്വാസിക്കുകയും തപാല്‍ വകുപ്പിനെയാകും. സര്‍ക്കാര്‍ പിന്തുണയുള്ള സംവിധാനം എന്ന ഘടകത്തില്‍ ഊന്നി വിശ്വാസ്യതയുടെ കരുത്തിലാകും തപാല്‍ വകുപ്പിന്റെ ഇ കോമേഴ്‌സ് സംവിധാനം ജനങ്ങളിലേക്കെത്തുക.
സേവനാവകാശത്തിന്റെ കാലത്ത് കൃത്യനിഷ്ഠത എന്ന ഘടകത്തില്‍ വിട്ടുവീഴ്ചയില്ലാതെ വേണം തപാല്‍ വകുപ്പ് പുതിയ മേഖലയിലേക്ക് കടക്കുവാന്‍. സമയക്ലിപ്തത എന്ന വെല്ലുവിളി അതിജീവിക്കാനായാല്‍ തീര്‍ത്തും ശോഭനമായ ഭാവിയാകും ഇ കോമേഴ്‌സ് രംഗത്ത് തപാല്‍ വകുപ്പിനുള്ളത്. വൈകിയെത്തുന്ന കത്തുകള്‍ ഒരു പക്ഷേ ജനം സഹിക്കുമെങ്കിലും വൈകിയെത്തുന്ന ഓര്‍ഡറുകള്‍ ഇനി വരുന്ന കാലത്ത് ജനം പൊറുക്കില്ലെന്ന തിരിച്ചറിവോടെയാകണം ഈ സംവിധാനത്തില്‍ തപാല്‍ വകുപ്പ് പ്രവര്‍ത്തിക്കേണ്ടത്. സേവനത്തിലും സമീപനത്തിലും അടിമുടി പ്രൊഫഷണലിസം ഉറപ്പാക്കിയാല്‍ സമീപ ഭാവിയില്‍ തന്നെ ഇ കോമേഴ്‌സ് രംഗത്തെ തലതൊട്ടപ്പന്‍മാരാകാന്‍ തപാല്‍ വകുപ്പിന് കഴിയും.