Connect with us

Kerala

റബ്ബര്‍ വിലയിടിവ് നേരിടാന്‍ സ്ഥിരതാ ഫണ്ട്: പദ്ധതിയുടെ കരട് രൂപം തയ്യാറായി

Published

|

Last Updated

തിരുവനന്തപുരം: റബ്ബര്‍ വിലയിടിവ് നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 2015 – 16 ബജറ്റില്‍ പ്രഖ്യാപിച്ച 300 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ കരട് രൂപം തയ്യാറായതായി മന്ത്രി കെ എം മാണി അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി നടപ്പാക്കും. സര്‍ക്കാറും റബര്‍ബോര്‍ഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡ് അതത് ദിവസം പ്രസിദ്ധീകരിക്കുന്ന തുകയും റബറിന് കിലോക്ക് 150 രൂപയും തമ്മിലുള്ള വ്യത്യാസം സബ്‌സിഡിയായി ബേങ്ക് മുഖേന നേരിട്ട് ലഭിക്കും. ഇതോടെ റബറിന് കിലോക്ക് കുറഞ്ഞത് 150 രൂപ ഉറപ്പ് വരുത്താനാവും. പത്ത് ലക്ഷം ചെറുകിട – ഇടത്തരം റബര്‍ കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കേരളത്തിലെ റബര്‍ കൃഷിമേഖലയില്‍ ഈ പദ്ധതി പുത്തന്‍ ഉണര്‍വും ഊര്‍ജവും പകരുമെന്ന് മന്ത്രി പറഞ്ഞു.
ആര്‍ എസ് എസ്-നാല്, ആര്‍ എസ് എസ്- അഞ്ച്, ലാറ്റക്‌സ് എന്നിങ്ങനെ എല്ലാ ഇനം റബറിനും സബ്‌സിഡി ലഭിക്കും. ഇത് വഴി ആദ്യഘട്ടമായി നടപ്പുവില പ്രകാരം ഒരു ലക്ഷം ടണ്‍ വരെ റബര്‍ സംഭരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. റബര്‍ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാര്‍ വഴിയുള്ള വില്‍പ്പനക്ക് മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ. പതിനായിരത്തോളം ഡീലര്‍മാര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്ക് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പരമാവധി രണ്ട് ഹെക്ടറിലുള്ള റബര്‍ കൃഷിക്കു സബ്‌സിഡി ലഭിക്കും. ഹെക്ടറൊന്നിന് പരമാവധി 1800 കിലോഗ്രാം റബറാണ് ഈ ആനുകൂല്യം ലഭിക്കുക. റബര്‍ ബോര്‍ഡിന്റെ വിലയിരുത്തലനുസരിച്ച് കേരളത്തില്‍ ഒരു ഹെക്ടര്‍ തോട്ടത്തിലെ ശരാശരി റബര്‍ ഉത്പാദനം 1800 കിലോ ഗ്രാമാണ്. ഇത് വഴി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്ന തുകയുടെ സിംഹഭാഗവും ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിന് ഉപയോഗപ്പെടുത്താനാകും.
കമ്പനികളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തോട്ടങ്ങളെ ഈ പദ്ധതിയിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സബ്‌സിഡിയുടെ ദുരുപയോഗം തടയാന്‍ കര്‍ശനമായ ഉപാധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്ത റബര്‍ ഉത്പാദക സംഘത്തിലാണ് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സംഘം പ്രസിഡന്റ് സമര്‍പ്പിക്കുന്ന ശിപാര്‍ശ പ്രകാരം റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ പരിശോധിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി തുക അനുവദിക്കുക. തുക രണ്ടാഴ്ചയിലൊരിക്കല്‍ ധനവകുപ്പില്‍ നിന്ന് കര്‍ഷകന്റെ ബേങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. ഇതിനായി എന്‍ ഐ സിയുടെ മേല്‍നോട്ടത്തില്‍ വിപുലമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം സജ്ജീകരിച്ചു കഴിഞ്ഞു. വിലയിടിവ് നേരിടാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റബറിന് പര്‍ച്ചേസ് ടാക്‌സ് ഒഴിവാക്കി സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. വില കുത്തനെ താഴേക്ക് കുതിക്കാതിരിക്കാന്‍ ഇത് സഹായകമായി.
സംസ്ഥാനം രൂപം നല്‍കിയ ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് 500 കോടി രൂപ ആവശ്യപ്പെടും. തിങ്കളാഴ്ച കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുമായി ഇക്കാര്യം നേരിട്ട് ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Latest