Connect with us

National

ലളിത് മോഡിക്ക് വിസ അനുവദിക്കാന്‍ ഇടപെട്ടെന്ന് സുഷമാ സ്വരാജ്

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന് നിയമനപടി നേരിടുന്ന മുന്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് വിസ അനുവദിക്കാന്‍ ഇടപെട്ടതായി കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് സമ്മതിച്ചു. മാനുഷിക പരിഗണന വെച്ചാണ് താന്‍ വിഷയത്തില്‍ ഇടപെട്ടതെന്ന് അവര്‍ ട്വിറ്ററില്‍ അറിയിച്ചു.

ഐപിഎല്‍ കേസില്‍ ഇടപെട്ടതിനാല്‍ ലളിത് മോഡിക്ക് ബ്രിട്ടനിലേക്ക് പോകുന്നതിന് വിസ നല്‍കുന്നതിനെ യു പി എ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വിസ നല്‍കാന്‍ തയ്യാറാണെന്ന് യു കെ സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും ഇന്ത്യ എതിര്‍ത്തതിനാല്‍ നടന്നില്ല. തുടര്‍ന്ന് 2014 ജൂലൈയില്‍ ലളിത് മോഡിക്ക് വിസ നല്‍കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിക്ക് സുഷമ സ്വരാജ് കത്തയച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

തന്റെ ഭാര്യ ലണ്ടനില്‍ ക്യാന്‍സര്‍ ബാധിതയായി കഴിയുകയാണെന്നും അവര്‍ക്ക് പോര്‍ച്ചുഗലില്‍ ശസ്ത്രക്രിയക്ക് വിധേയയാകേണ്ടതിനാല്‍ തന്റെ സാമീപ്യം നിര്‍ബന്ധമാണെന്നും ലളിത് മോഡി തന്നെ അറിയിച്ചതായി സുഷമ സ്വാരജ് ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്നാണ് മാനുഷിക പരിഗണന വെച്ച് താന്‍ വിഷയത്തില്‍ ഇടപെട്ടത് എന്നാണ് സുഷമയുടെ വാദം.

ഐപിഎല്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്നയാളാണ് ലളിത് മോഡി. ലളിത് മോഡിയുടെ വിസക്കാര്യത്തില്‍ സുഷമ ഇടപെട്ടത് പുറത്ത് വന്നതോടെ അവരുടെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടങ്ങിയിട്ടുണ്ട്.

Latest