Connect with us

Malappuram

പള്ളിക്കല്‍ബസാര്‍ മഹല്ല് തിരഞ്ഞെടുപ്പില്‍ ചേളാരി വിഭാഗത്തിന് കനത്ത തിരിച്ചടി

Published

|

Last Updated

  • മൂന്നിൽ രണ്ട് പേരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു; വിജയം സാങ്കേതികം മാത്രം

Pallikkal bazar march
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ മഹല്ലില്‍ വഖഫ് ബോര്‍ഡ് നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചേളാരി വിഭാഗത്തിന് കനത്ത തിരിച്ചടി. തികച്ചും ഏകപക്ഷീയമായി നടന്ന തിരഞ്ഞെടുപ്പ് മഹല്ലിലെ മൂന്നില്‍ രണ്ട് പേരും ബഹിഷ്‌കരിച്ചപ്പോള്‍ ചേളാരി വിഭാഗത്തിന്റെ വിജയം സാങ്കേതികം മാത്രമായി. 1132 വോട്ടുകളാണ് മഹല്ലില്‍ ഉള്ളത്. ഇതില്‍ 502 പേര്‍ വോട്ടവകാശം വിനിയോഗിച്ചപ്പോള്‍, വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനുള്ള സുന്നികളുടെ ആഹ്വാനം ശിരസാവഹിച്ച് 630 പേരും വിട്ടുനിന്നു. 483 വോട്ടുകള്‍ മാത്രമാണ് ചേളാരി വിഭാഗം നോമിനികള്‍ക്ക് ലഭിച്ചത്. അതിനിടെ, ഏകപക്ഷീയമായി വോട്ടെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമവുമുണ്ടായി.

തിരഞ്ഞെടുപ്പ് നടന്നാല്‍ പരാജയം ഉറപ്പാകുമെന്ന ഘട്ടത്തില്‍, മുജാഹിദ്, ജമാഅത്ത്, വിഭാഗങ്ങളെ കൂട്ടുപിടിച്ചും പുറംമഹല്ലുകളില്‍ നിന്നുള്ളവരെ ചേര്‍ത്തും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വോട്ടവകാശം നല്‍കിയും ആസൂത്രിതമായാണ് ചേളാരി വിഭാഗം വോട്ടര്‍പട്ടിക തയ്യാറാക്കിയത്. എപി വിഭാഗത്തില്‍പ്പെട്ട നല്ലൊരു ശതമാനത്തിനും വോട്ടവകാശം നിഷേധിക്കുകയും ചെയ്തിരുന്നു. വഖ്ഫ് ബോര്‍ഡിന്റെയും ലീഗ് നേതാവായ റിട്ടേര്‍ണിംഗ് ഓഫീസറുടെയും പൂര്‍ണ ഒത്താശയോടെയായിരുന്നു ഈ കരുനീക്കങ്ങള്‍. എന്നാല്‍ തിരഞ്ഞെുപ്പ് നടന്നതോടെ ജാള്യരായിരിക്കുകയാണ് ചേളാരി വിഭാഗം. മഹല്ലിലെ തങ്ങളെ പിന്തുണയ്ക്കുന്ന മുഴുവന്‍ ആളുകളെയും ബൂത്തില്‍ എത്തിച്ചിട്ടും പോളിംഗ് 50 ശതമാനം പോലും തികയ്ക്കാനായില്ല. രോഗം ബാധിച്ച് ശയ്യാവലംബരായവര്‍ വരെ ചേളാരി വിഭാഗത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ബൂത്തില്‍ എത്തിയിരുന്നു. ഇതിന് പുറമെ പുറംമഹല്ലുകളില്‍ നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തി ആളുകളെ കൊണ്ടുവരികയും ചെയ്തിരുന്നു. ഫറോക്ക് ഭാഗത്ത് നിന്നുള്ളവര്‍ വരെ പള്ളിക്കല്‍ ബസാറില്‍ വോട്ട് ചെയ്യാനെത്തിയത് തിരഞ്ഞെടുപ്പ് ക്രമക്കേടിന് വ്യക്തമായ തെളിവായി. കോഴിപ്പുറം മഹല്ലുകാരനായ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ തങ്ങളും ഇ കെ വിഭാഗത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.

സുന്നികളുടെ പ്രതിഷേധത്തിന് ഇടയിലാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്നത്. ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് നടന്ന പള്ളിക്കല്‍ എഎം യുപി സ്‌കൂളിലേക്ക് നൂറുക്കണക്കിന് സുന്നി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് സ്‌കൂളിന് തൊട്ടുമുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗത്തിനിടെ നൂറോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പ്രതിഷേധ പൊതുയോഗം അലങ്കോലപ്പെടുത്താന്‍ മുജാഹിദ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. യോഗത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച മുജാഹിദുകള്‍ സുന്നി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. മഹല്ല് ഭാരവാഹികളായ സി കെ മൊയ്തു, സികെ അബ്ദുല്‍ മജീദ്, സി കെ അബ്ദുല്ലത്തീഫ്, കളരിക്കല്‍ അബു, അഷ്‌റഫ് മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. പ്രതിഷേധ പൊതുയോഗത്തില്‍ സി കെ എം ഫാറൂഖ്, സിദ്ദീഖ് സഖാഫി അരിയൂര്‍ പ്രസംഗിച്ചു.

ഇരുവിഭാഗം സുന്നികളും യോജിച്ച് സമാധാനാന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചുവന്ന പള്ളിക്കല്‍ ബസാറില്‍ ചേളാരി വിഭാഗം മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പള്ളി പിടിച്ചെടുക്കാന്‍ ചേളാരി വിഭാഗം നടത്തിയ ആസൂത്രിത നീക്കത്തിന് പിന്തുണ നല്‍കിയ വഖഫ് ബോര്‍ഡ് മഹല്ലില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ചേളാരി വിഭാഗത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയായിരുന്നു ഇത്. തുടര്‍ന്ന് സുന്നികളെ ഒഴിവാക്കി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുകയും ലീഗ് നേതാവ് കൂടിയായ റിട്ടേര്‍ണിംഗ് ഓഫീസറുടെ സഹായത്തോടെ സുന്നികളുടെ നാമനിര്‍ദേശപത്രിക അന്യായമായി തള്ളുകയും ചെയ്തു. ഇതോടെയാണ് തികച്ചും ഏകപക്ഷീയമായ തിരഞ്ഞെടുപ്പിന് പള്ളിക്കല്‍ ബസാറില്‍ കളമൊരുങ്ങിയത്.

എപി, ചേളാരി വിഭാഗം സുന്നികളില്‍ നിന്ന് പത്ത് പേര്‍ വീതം അടങ്ങിയ ഭരണസമിതിയാണ് പള്ളികല്‍ ബസാര്‍ മഹല്ല് നിയന്ത്രിച്ചിരുന്നത്. നല്ല നിലക്ക് കാര്യങ്ങള്‍ പോകുന്നതിനിടെ വഖ്ഫ സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നുവെന്ന വ്യാജപരാതിയുമായി ചേളാരിവിഭാഗം വഖഫ് ബോര്‍ഡില്‍ പരാതി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പള്ളി പൂട്ടുകയും ചെയ്തു. ആര്‍ ഡി ഒയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകളെ തുടര്‍ന്ന് പള്ളി തുറന്നുവെങ്കിലും ചേളാരി വിഭാഗം പള്ളിപിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ആസൂത്രിത നീക്കങ്ങള്‍ തുടരുകയായിരുന്നു.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest