Connect with us

Editorial

സുഷമാ സ്വരാജിന്റെ വഴിവിട്ട ഇടപെടല്‍

Published

|

Last Updated

ബോഫോഴ്‌സ് കേസിലെ പ്രതിയായിരുന്ന ഇറ്റാലിയന്‍ ആയുധ വ്യാപാരി ക്വത്‌റോച്ചിയും ഭോപാല്‍ വാതക ദുരന്ത കേസിലെ മുഖ്യപ്രതി യൂനിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സും ഇന്ത്യ വിട്ടപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയവരാണ് ബി ജെ പി നേതാക്കള്‍. ഇന്നിപ്പോള്‍ ഐ പി എല്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോദിക്ക് ഇന്ത്യ വിടാന്‍ സഹായം നല്‍കിയത് ബി ജെ പിയുടെ തലമുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജാണെന്ന വസ്തുത പുറത്ത് വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് ന്യായീകരണത്തിന്റെ സ്വരം.
ഐ പി എല്‍ വാതുവെപ്പ് കേസിലെ പ്രതിയാണ് ലളിത് മോദി. കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ലണ്ടനില്‍ കഴിയുന്ന ലളിത് മോദിക്ക് 2010 മുതല്‍ മറ്റു രാജ്യങ്ങളിലേക്ക് ബ്രിട്ടന്‍ അനുമതി നിഷേധിച്ചിരുന്നു. ബ്രിട്ടന്‍ തടഞ്ഞുവെച്ച മോദിയുടെ പോര്‍ച്ചുഗല്‍ വിസ തിരിച്ചു നല്‍കാന്‍ സുഷമ സ്വരാജ് ഇടപെട്ട വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. മോദിക്ക് വിദേശയാത്രക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് എം പിയും പാര്‍ലിമെന്ററി ഉന്നതാധികാര സമിതി ചെയര്‍മാനുമായി കെയ്ത് വാസിന് സുഷമ ഇമെയില്‍ സന്ദേശമയക്കുകയായിരുന്നു. ഇതടിസ്ഥാനത്തില്‍ വിസ തിരിച്ചു നല്‍കുന്നതിന് ഇന്ത്യക്ക് തടസ്സമില്ലെന്നു കെയ്ത് ബ്രിട്ടീഷ് എമിഗ്രേഷന്‍ അധികൃതരെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അത് തിരിച്ചു നല്‍കാന്‍ ബ്രിട്ടന്‍ ഉത്തരവിട്ടത്. കെയ്ത് വാസും സുഷമയും കൈമാറിയ ഇമെയില്‍ സന്ദേശങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വെളിച്ചത്താകുന്നത്. ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത് പോലെ ഇത് മാനുഷികമായ ഇടപെടല്‍ അല്ലെന്നും ഈ വഴിവിട്ട സഹായത്തിന് മോദിയില്‍ നിന്ന് സുഷമക്ക് പല പ്രത്യുപകാരങ്ങളും ലഭിച്ചിട്ടുണ്ടെന്നുമാണ് വിവരം. ലളിത് മോദിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് സുഷമയുടെ മകള്‍ ജോലി ചെയ്യുന്നത്. സുഷമയുടെ ബന്ധുവായ ജ്യോതിര്‍മയി കൗഷാലിന് ലണ്ടനിലെ ഒരു സര്‍വകലാശാലയില്‍ പ്രവേശനം തരപ്പെടുത്തിക്കൊടുത്തതും മോദിയായിരുന്നു. സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലളിത് മോദി കനപ്പെട്ട വിഹിതം നല്‍കിയതായും പറയപ്പെടുന്നു. കേസില്‍ മോദിക്കുവേണ്ടി വാദിച്ച അഭിഭാഷകരില്‍ ഒരാള്‍ സുഷമ സ്വരാജിന്റെ മകള്‍ ബന്‍സൂരി സ്വരാജായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ക്വത്‌റോച്ചിയെ ഇന്ത്യ വിടാന്‍ അനുവദിച്ച നടപടി അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിന്റ തനിനിറം പുറത്തു കൊണ്ടുരാന്‍ സഹായിച്ചുവെന്നാണ് ബി ജെ പി നേതൃത്വം അന്ന് ആരോപിച്ചത്. അവരിപ്പോള്‍ സുഷമയുടെ വഴിവിട്ട സഹായത്തെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണ് കൗതുകകരം. സുഷമയുടെ നടപടി ശരിയായിരുന്നുവെന്നും പാര്‍ട്ടി അവരെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നുമാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. അധാര്‍മികമായ ഇടപെടലുകളും നടപടികളും രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്നാകുമ്പോള്‍ അഴിമതിയും സ്വന്തം പാര്‍ട്ടിക്കാരുടെത് ന്യായവുമാകുന്നതാണ് ഇന്ത്യയില്‍ അഴിമതി തഴച്ചു വളരാന്‍ മുഖ്യകാരണം. വന്‍സാമ്പത്തിക തിരിമറി കേസില്‍ അന്വേഷണം നേരിടുന്നയാളെ ബാഹ്യതാത്പര്യങ്ങള്‍ക്ക് വേണ്ടി സഹായിക്കുന്നതും അഴിമതി തന്നെയാണ്. ഇതിനെ തള്ളിപ്പറയാനുള്ള ആര്‍ജവം ബി ജെ പി നേതൃത്വത്തിനില്ലെങ്കില്‍ അവരെ പിന്തുണക്കാതിരിക്കാനുള്ള ധാര്‍മിക ബോധമെങ്കിലും കാണിക്കണമായിരുന്നു.
സമ്പന്നര്‍ക്കും വി ഐ പികള്‍ക്കും രാഷ്ട്രീയ നേതാക്കളുമായി അവിഹിത ബന്ധമുള്ളവര്‍ക്കും ഒരു നിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമവുമെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശാപമാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതക്കും തട്ടിപ്പു കേസിലെ പ്രതി സരിതക്കും ജയിലില്‍ വി ഐ പി പരിഗണന. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളക്ക് മാരക രോഗമുണ്ടെന്ന വ്യാജേന ആശുപത്രിയില്‍ സുഖവാസം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വരെയുള്ളവര്‍ തട്ടിപ്പുകള്‍ നടത്തുമ്പോള്‍ അവരെ സംക്ഷിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തല്‍. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍! ലളിത് മോദിയെ വഴിവിട്ടു സഹായിച്ചതിന് ബ്രിട്ടീഷ് എം പി കെയ്ത് വാസിനെതിരേ ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. കഴിഞ്ഞ പാര്‍ലിമെന്റിന്റെ കാലത്ത് ഹൗസ് ഓഫ് കോമണ്‍സിലെ ഹോം അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷനായിരുന്ന വാസ് മോദിയുടെ കുടിയേറ്റ അപേക്ഷ പാസാക്കിയെടുക്കുന്നതിന് തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണം. അധികാര പദവിയുടെ ദുര്‍വിനിയോഗത്തെ ബ്രിട്ടന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അവരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു നമ്മുടെ ഭരണ നേതൃത്വം രാഷ്ട്രീയ സദാചാരത്തിന്റെ ബാലപാഠങ്ങള്‍.

Latest