Connect with us

National

ഭൂമിയിലേത് പോലെ ചന്ദ്രന്റെ ഉപരിതലത്തിലും ടെക്‌ടോണിക് പ്‌ളേറ്റുകളുടെ സാന്നിധ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ഭൂമിയിലേതെന്ന പോലെ തന്നെ ചന്ദ്രന്റെ ഉപരിതലത്തിലും ടെക്‌ടോണിക് പ്‌ളേറ്റുകളുടെ സാന്നിധ്യമുണ്ടെന്ന് ഗവേഷകര്‍ കണ്ടുപിടിച്ചു. ടെക്‌ടോണിക് പ്‌ളേറ്റുകളുടെ ചലനമാണ് ഭൂകമ്പത്തിന് കാരണമാകുന്നതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റെല്‍ സയന്‍സസിലെ ജിയോളജി ആന്‍ഡ് റിമോര്‍ട്ട് സെന്‍സിംഗ് വിഭാഗം പ്രൊഫസറായ സൗമിത്രാ മൂഖര്‍ജിയും അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വിദ്യാര്‍ഥി പ്രിയദര്‍ശിനി സിംഗുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചന്ദ്രയാന്‍- ഒന്നിലെ അതിസൂക്ഷ്മമായ ഓര്‍ബിറ്റര്‍ ക്യാമറ എടുത്ത ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് ചന്ദ്രന്റെ ഉപരിതലത്തില്‍ ടെക്‌ടോണിക് പ്‌ളേറ്റുകളുടെ സാനിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയില്‍ നിന്ന് ശേഖരിച്ച വസ്തുതകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പ്രൊഫ. മുഖര്‍ജി പറഞ്ഞു. ഭൂമിയിലെപോലെതന്നെയാണ് പ്ലെറ്റുകളുടെ ചലനം . ചന്ദ്രന്റെ ഉപരിതലത്തില്‍ ദ്രവരൂപത്തിലുള്ള ചില പദാര്‍ഥങ്ങളുടെ സാന്നിധ്യമുണ്ടെന്നും മുഖര്‍ജി പറഞ്ഞു.
ഭൂമിയുടേയും ചന്ദ്രന്റെയും ഉപരിതലത്തെ കുറിച്ച് താരതമ്യ പഠനം നടത്താനും ഇതുവഴി സാധിക്കും. ഇപ്പോള്‍ ഭൂകമ്പം പ്രവചിക്കാന്‍ കഴിയില്ല.
ചന്ദ്രന്റെ ഉപരിതലത്തിലെ മാറ്റങ്ങളും പഠനവിധേയമാക്കാന്‍ വഴിയൊരുങ്ങുന്നതോടെ ഭൂകമ്പങ്ങള്‍ സംബന്ധിച്ച് വിശദമായ പഠനം സാധ്യമാകും.

Latest