Connect with us

Kerala

സര്‍ക്കാറിന്റെ പ്രഖ്യാപനത്തിന് 45 വര്‍ഷം; തലചായ്ക്കാനിടമില്ലാതെ അട്ടപ്പാടിയിലെ ആദിവാസികള്‍

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ അന്യാധീനപ്പെട്ട ആദിവാസിഭൂമിതിരിച്ചുപിടിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനത്തിന് 45 വര്‍ഷം തികയുമ്പോഴും തലചായ്ക്കാനിടമില്ലാതെ ആദിവാസികള്‍ വലയുന്നു. 1970ലാണ് അട്ടപ്പാടിയിലെ ആദിവാസിഭൂമി സര്‍വേ നടത്തി കൈമാറാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഇതിനെ തുടര്‍ന്ന് ആദിവാസി പുനരധിവാസ പദ്ധതി ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഭൂമിനല്‍കിയെങ്കിലും കൃഷിയിറക്കാന്‍ ശ്രമിച്ച ആദിവാസികളെ വനംവകുപ്പ് ആട്ടിയോടിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയത് വനഭൂമിയാണെന്ന് ആരോപിച്ചായിരുന്നു വനംവകുപ്പിന്റെ നടപടി. 1964ലെ മദ്രാസ് ബൗണ്ടറി ആക്ട് പ്രകാരം ഇവിടെ ആദിവാസികള്‍ക്ക് അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയുണ്ട്. ഇവയില്‍ 95 ശതമാനവും സ്വകാര്യ വ്യക്തികള്‍ കൈയേറിയതാണ് ആദിവാസി ഭൂപ്രശ്‌നത്തിന് കാരണം. ഈ ഭൂമി ഒഴിപ്പിച്ച് ആദിവാസികള്‍ക്ക് തിരികെ നല്‍കാന്‍ ഒരു കര്‍മ്മപദ്ധതിയുണ്ടാക്കിയാല്‍ ഭൂമി വിതരണത്തിന് ഒരുമാസം പോലും വേണ്ടിവരില്ലെന്നാണ് ആദിവാസി സംഘടനകള്‍ പറയുന്നത്. കൈയേറിയവരില്‍ ഭൂരിഭാഗം വന്‍കിടക്കാരനായതിനാല്‍ ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ മാറി മാറി വന്ന ഇടത്- വലത് സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ലെന്നും ആദിവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
ആദിവാസി സംഘടനകളുടെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് 2011 ല്‍ അട്ടപ്പാടിയില്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കം കുറിച്ചത്. 91 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ തോട്ടമുടമകളില്‍ നിന്നും ഏറ്റെടുത്ത് ആദിവാസികള്‍ക്ക് നല്‍കിയത്. എന്നാല്‍ കിട്ടിയ ഭൂമിയില്‍ കൃഷി ചെയ്യാന്‍ സാധിക്കാതെ തോട്ടമുടമകളുടെയും വനം വകുപ്പധികൃതര്‍ അടക്കമുള്ളവരുടെയും പീഡനങ്ങള്‍ക്ക് നടുവിലാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. അട്ടപ്പാടി കള്ളമല ഊരില്‍ മിച്ചഭൂമിയെന്ന് പേരിട്ട് ആദിവാസികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കിയ ഭൂമിയില്‍ റാഗി, ചാമ, ചോളം, കുരുമുളക്, കവുങ്ങ് എന്നിവ ആദിവാസികള്‍ കൃഷി ചെയ്യാന്‍ ശ്രമിച്ചെങ്കിലും തൈ വെച്ചയുടന്‍ വനംവകുപ്പ് അധികൃതരെത്തി ഇവയെല്ലാം പിഴുതുമാറ്റി.
ആദിവാസികള്‍ക്ക് നല്‍കിയത് വനഭൂമിയാണെന്നും ഇവിടെ കൃഷി അനുവദിക്കാനാവില്ലെന്നുമാണ് വനംവകുപ്പിന്റെ വാദം. മൂന്ന് ഘട്ടങ്ങളിലായി സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഏറ്റെടുക്കാനിരിക്കുന്ന ഭൂമിയുടെ ഉടമകളെല്ലാം കോടതിയില്‍ പോയതിനാല്‍ 91 ഏക്കര്‍ ഒഴിച്ച് ബാക്കി ഭൂമിയിലെ നടപടികള്‍ നിശ്ചലമാണ്. ആദിവാസികള്‍ക്ക് ഏറ്റെടുത്ത് നല്‍കിയ മിച്ചഭൂമി സ്വന്തമാക്കാന്‍ തോട്ടമുടമകളും ഇവരുടെ ഗുണ്ടകളും ഊരുകളിലെത്തി ഭീഷണിയും പതിവാണ്. ആദിവാസി ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച പദ്ധതിക്ക് തുരങ്കം വെക്കാന്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ തോട്ടമുടമകളുമായി അവിശുദ്ധ കുട്ട് കെട്ടുണ്ടാക്കിട്ടുണ്ടെന്നും ആദിവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. 1999ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂവിനിയോഗ ഭേദഗതി ബില്ലും വനാവകാശ നിയമ പ്രകാരം 1960 മുതല്‍ 1986 ജനുവരി 24 വരെയുള്ള കാലയളവില്‍ നടന്ന അഞ്ചേക്കര്‍ വരെയുള്ള ആദിവാസി ഭൂമി കൈമാറ്റങ്ങള്‍ക്ക് നിയമസാധുതയുണ്ട്. 1986 ജനുവരി 24 ന് ശേഷം ആദിവാസികളുടെ ഭൂമി ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അവ അസാധുവാണ്. 1987 മുതല്‍ അട്ടപ്പാടിയില്‍ ഭൂമി നഷ്ടപ്പെട്ട 2432 അപേക്ഷകള്‍ റവന്യൂ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. 1600 ഏക്കര്‍ ഭൂമിയോളം തങ്ങള്‍ക്ക് നഷ്ടമായെന്ന് കാണിച്ചാണ് ആദിവാസികള്‍ പരാതി നല്‍കിയത്. ഇവയില്‍ നിലനില്‍ക്കുന്ന പരാതികളെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയ 499 കേസുകളില്‍ 1113 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നല്‍കണമെന്ന് 2012 ല്‍ പാലക്കാട് ജില്ലാ കലക്ടര്‍ അസ്ഗര്‍ അലി പാഷ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആദിവാസിഭൂമി ക്രയവിക്രയത്തിന് നിയമസാധുതയില്ലാത്ത 1986 ജനുവരി 24ന് ശേഷം നടന്ന 27 കേസുകളില്‍ 26 ഏക്കര്‍ ഭൂമിയും ആദിവാസികള്‍ക്ക് നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തിയത്. നിലവില്‍ ആകെ 955 കേസുകളിലായി 3422 ഏക്കര്‍ ഭൂമിയാണ് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കുലഭിക്കേണ്ടത്. ആദിവാസികള്‍ക്ക് വിതരണം ചെയ്ത 91 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് 2013 അവസാനത്തോടെ വിതരണം ചെയ്തു. എന്നാല്‍ കൃഷിചെയ്യാന്‍ വനം വകുപ്പ് അനുവദിക്കുന്നുമില്ല. അട്ടപ്പാടിയില്‍ നിലവിലെ അട്ടപ്പാടിയിലെ ശിശുമരണമടക്കമുള്ള പ്രധാന കാരണം ആദിവാസികള്‍ പാരമ്പര്യഭക്ഷണത്തില്‍ നിന്ന് വ്യതിചലിച്ചതാണെന്നും അതിന് ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ച് നല്‍കി കൃഷി ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
ഈ സഹാചര്യത്തിലാണ് തലചായ്ക്കാന്‍ ഒരിടം എന്ന മുദ്രവാക്യവുമായി ഇന്ന് ജനസമ്പര്‍ക്ക പരിപാടിയിലെത്തി മുഖ്യമന്ത്രിയെ കാണാനായി ആദിവാസികള്‍ ഒരുങ്ങുകയാണ്.

Latest