Connect with us

Kasargod

എസ് ഐയെ വധിക്കാന്‍ ശ്രമം: മണല്‍ മാഫിയ തലവന്‍ അറസ്റ്റില്‍

Published

|

Last Updated

തളിപ്പറമ്പ്: പരിയാരം ഗ്രേഡ് എസ് ഐ മുതുകുടയിലെ കെ എം രാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മണല്‍മാഫിയ തലവന്‍ അറസ്റ്റില്‍. പരിയാരം കോരന്‍പീടികയിലെ മാടാളന്‍ വണ്ടിയോട് എം വി ലത്തീഫിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തളിപ്പറമ്പ് സി ഐ. കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജറാക്കും.
അനധികൃത മണല്‍ കടത്ത്, വധശ്രമം, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി 23 ഓളം കേസുകളാണ് ലത്തീഫിന്റെ പേരിലുള്ളത്. എസ് ഐ വധശ്രമക്കേസില്‍ ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. നാല് പേരെ ഇനിയും പിടികൂടാനുണ്ട്.
പഴയങ്ങാടി എസ് ഐ അനില്‍കുമാറിന് ലക്ഷങ്ങള്‍ നല്‍കിയതായും ഭരണകക്ഷിയില്‍ പെട്ട ചില നേതാക്കള്‍ക്കും പണം നല്‍കിയതായും ലത്തീഫ് മൊഴി നല്‍കി. ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മണല്‍ എത്തിച്ചുകൊടുത്തതായും ഭരണകക്ഷിയിലെ പ്രധാനപാര്‍ട്ടിയിലെ മുന്‍ എം പിക്കും സംസ്ഥാന നേതാവിനും പണം നല്‍കിയതായും ലത്തീഫ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
അതിനിടെ, ലത്തീഫിലെ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തുവെന്ന് ഇന്നലെ വൈകിട്ട് ഡി വൈ എസ് പി. എ സുരേന്ദ്രന്‍ വെളിപ്പെടുത്തി നിമിഷങ്ങള്‍ക്കകം സി ഐ ഓഫീസില്‍ നിന്നും ഇത് തിരുത്തി. അറസ്റ്റ് കാണിച്ചതേയുള്ളുവെന്നും ഇന്ന് കോടതിയില്‍ ഹാജറാക്കുകയുള്ളുവെന്നാണ് വിവരമാണ് ഉണ്ടായത്. പ്രധാനപ്പെട്ട വിവരങ്ങള്‍ എഴുതിയ ലത്തീഫിന്റെ ഡയറി കോടതിയില്‍ ഹാജറാക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്നും ഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണെന്നും ആരോപണമുണ്ട്.

 

Latest