Connect with us

Ongoing News

വ്രതം ഒരു പരിച

Published

|

Last Updated

മനസ്സിനെയും ശരീരത്തിനെയും നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിശ്വാസി. ചാപല്യങ്ങള്‍ക്ക് കീഴ്‌പ്പെടാതെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ നേരായ വഴിയേ മുന്നോട്ടുപോകുമ്പോഴേ വിശ്വാസം പൂര്‍ണതയിലെത്തുകയുള്ളൂ. വിശ്വാസിയുടെ ജീവിതത്തില്‍ തെറ്റുകള്‍ വന്നുപോകാതിരിക്കാന്‍ ധാരാളം ഉപായങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് കാണാം. തെറ്റിന്റെ വഴിയിലേക്ക് തെന്നിവീണുപോകാതിരിക്കാന്‍ ആ വഴിക്ക് തന്നെ അടുത്തുപോകരുതെന്ന് ചിലപ്പോള്‍ വിശ്വാസികളോട് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. ഇതില്‍ വളരെ വലിയൊരു സ്ഥാനമാണ് നോമ്പിനുള്ളത്. തെറ്റുകളില്‍ നിന്ന് മനുഷ്യനെ തടഞ്ഞുനിര്‍ത്താനുള്ള ഒരു സൂത്രവാക്യവും പരിചയുമാണ് നോമ്പെന്ന് നബി(സ) അവിടുത്തെ അനുചരരെ പഠിപ്പിച്ചത് കാണാം. ശരീരത്തെയും ആത്മാവിനെയും ദുര്‍ ചിന്തകളില്‍ നിന്ന് മുക്തമാക്കാന്‍ നോമ്പിന് കഴിയും. യുദ്ധത്തില്‍ ശത്രുക്കളുടെ വാളുകൊണ്ടുള്ള വെട്ടുകളെ തടുക്കാന്‍ പരിച പ്രയോഗിക്കുന്നത് പോലെയാണ് ആത്മാവിനെയും ശരീരത്തെയും അശ്ലീലങ്ങളില്‍ നിന്നും അരുതായ്മകളില്‍ നിന്നും അകറ്റിനിര്‍ത്താനും പ്രതിരോധിക്കാനും നോമ്പും വിശ്വാസിക്ക് സഹായകമാകുന്നത്.
തെറ്റിലേക്ക് ഓടിയെത്താനുള്ള മാര്‍ഗങ്ങളില്‍ തടസ്സമായി നോമ്പ് നിലയുറപ്പിക്കും. തെറ്റായ നോട്ടം, പ്രവൃത്തി, ചിന്ത, കാമവിചാരങ്ങള്‍, നാക്കുകൊണ്ടോ കൈക്കൊണ്ടോ അന്യരെ വേദനിപ്പിക്കല്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും നോമ്പുകാരന്‍ അകന്നുനില്‍ക്കണം. അത്തരം നോമ്പുകള്‍ക്കേ റയ്യാന്‍ എന്ന വാതില്‍ മുട്ടിത്തുറക്കാന്‍ സാധിക്കുകയുമുള്ളൂ. അപ്പോള്‍ വിശ്വാസിയായ ഒരാളുടെ ജിവിതത്തില്‍ നോമ്പ് നിര്‍വഹിക്കുന്ന ദൗത്യം വലുതാണ്. പൂര്‍ണമായ പ്രതിഫലം ആഗ്രഹിക്കുന്നവനാണെങ്കില്‍ വാക്കുകള്‍ക്കും നോട്ടങ്ങള്‍ക്കും വിചാരങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ചില അതിരുകള്‍ അനിവാര്യമാണ്. അന്യായമായതൊന്നും സംഭവിച്ചുകൂടരുത്. അത് പാലിച്ച് മുന്നോട്ടു പോകുമ്പോള്‍ നോമ്പ് വെറുമൊരു പട്ടിണിയല്ലെന്നും, അരുതായ്മകള്‍ക്കെതിരെ ഉപയോഗപ്പെടുത്താവുന്ന ഒന്നാന്തരമൊരു പരിചയാണെന്നും വിശ്വാസിക്ക് ബോധ്യപ്പെടും.

---- facebook comment plugin here -----

Latest